ജിദ്ദ: സൗദി അറേബ്യയില്‍ സിവില്‍ വ്യോമയാന നിയമം ലംഘിച്ചതിന് വിമാന കമ്പനികള്‍ക്കും യാത്രക്കാര്‍ക്കും മറ്റുള്ളവർക്കുമെതിരെ ഒരു വർഷത്തിനിടെ ചുമത്തിയ പിഴ 1,88,92,200 റിയാല്‍. ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷനു കീഴിലെ പ്രത്യേക കമ്മിറ്റിയാണ് ഈ പിഴകൾ ചുമത്തി. കഴിഞ്ഞ വര്‍ഷം വ്യോമയാന രംഗത്ത് 542 നിയമ ലംഘനങ്ങളാണ് കണ്ടെത്തിയത്. യാത്രക്കാരുടെ പേരുവിവരങ്ങള്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്യാതിരിക്കുക, സമയനിഷ്ഠ പാലിക്കാതിരിക്കുക എന്നിവയുമായി ബന്ധപ്പെട്ട് 111 നിയമ ലംഘനങ്ങൾ വിമാന കമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. ആകെ 36,50,000 റിയാല്‍ കമ്പനികള്‍ക്ക് പിഴ ചുമത്തി.
ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ നിര്‍ദേശങ്ങള്‍ പാലിക്കാത്തതിന് ഒമ്പതു വിമാന കമ്പനികള്‍ക്ക് ആകെ 2,90,000 റിയാല്‍ പിഴ ചുമത്തി. യാത്രക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതുമായി ബന്ധപ്പെട്ട നിയമാവലി പാലിക്കാത്തതിന് 305 നിയമ ലംഘനങ്ങളും വിമാന കമ്പനികളുടെ ഭാഗത്ത് കഴിഞ്ഞ വര്‍ഷം കണ്ടെത്തി. ആകെ 1,44,25,000 റിയാല്‍ പിഴ ഈ ഇനത്തിൽ ചുമത്തി. നിര്‍ദേശങ്ങള്‍ ലംഘിച്ചതും സിവില്‍ വ്യോമയാന ചട്ടങ്ങൾ പാലിക്കാത്തതുമായും ബന്ധപ്പെട്ട 17 നിയമ ലംഘനങ്ങള്‍ വിമാന കമ്പനികളുടെ ഭാഗത്ത് കണ്ടെത്തി. ഇതിന് ആകെ 1,75,000 റിയാല്‍ പിഴ ചുമത്തി. ലൈസന്‍സ് വ്യവസ്ഥകള്‍ പാലിക്കാത്തതിന് രണ്ടു വിമാന കമ്പനികള്‍ക്ക് 40,000 റിയാലും പിഴ ചുമത്തി.
വ്യക്തികളുടേതായി 92 നിയമ ലംഘനങ്ങളാണ് കഴിഞ്ഞ കൊല്ലം കണ്ടെത്തിയത്. ഇതില്‍ 15 കേസുകൾ ലൈസന്‍സ് ഇല്ലാതെ ഡ്രോണ്‍ ഉപയോഗിച്ചതുമായി ബന്ധപ്പെട്ടായിരുന്നു. ഇതിന് ഓരോരുത്തര്‍ക്ക് 5,000 റിയാല്‍ വീതം ആകെ 75,000 റിയാല്‍ പിഴ ചുമത്തി. വ്യോമസുരക്ഷാ നിര്‍ദേശങ്ങള്‍ യാത്രക്കാര്‍ പാലിക്കാത്തതിനും വിമാനത്തിന്റെയും യാത്രക്കാരുടെയും സുരക്ഷക്ക് ഭീഷണിയാകുന്ന പെരുമാറ്റങ്ങള്‍ക്കും 74 പേര്‍ക്കെതിരെ 79,200 റിയാല്‍ പിഴ ചുമത്തി. നിയമങ്ങളും നിര്‍ദേശങ്ങളും ലംഘിച്ച് എയര്‍പോര്‍ട്ടുകളിലെ നിരോധിത സ്ഥലങ്ങളില്‍ പ്രവേശിച്ചതിന് മൂന്നു യാത്രക്കാര്‍ക്ക് 1,000 റിയാല്‍ വീതം 3,000 റിയാല്‍ പിഴ ചുമത്തി. ലൈസന്‍സില്ലാതെ ചെറുവിമാനങ്ങള്‍ പറത്തിയതിന് ആറു പേര്‍ക്ക് ആകെ 1,55,000 റിയാലും കഴിഞ്ഞ വര്‍ഷം പിഴ ചുമത്തിയതായി ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍ അറിയിച്ചു.