റിയാദ് – കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വിനെ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ (ഐ.യു.സി.എന്‍) ഗ്രീന്‍ ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതായി കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് ഡെവലപ്മെന്റ് അതോറിറ്റി അറിയിച്ചു. അതോറിറ്റി കൈവരിച്ച മഹത്തായ പാരിസ്ഥിതിക വിജയങ്ങളുടെ പരമ്പരയിലെ പുതിയ ആഗോള നേട്ടമാണിത്. മികച്ച മാനദണ്ഡങ്ങള്‍ക്കും ആഗോള രീതികള്‍ക്കും അനുസൃതമായി സമൃദ്ധവും സുസ്ഥിരവുമായ ഒരു പരിസ്ഥിതി സംരക്ഷിക്കുന്നതിനുള്ള ആഗോള അംഗീകാരം കൂടിയാണിത്.
ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചര്‍ വിദഗ്ധര്‍ കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വിന്റെ സമഗ്രമായ വിലയിരുത്തല്‍ പൂര്‍ത്തിയാക്കിയാണ് അംഗീകാരം നൽകിയത്. റിസര്‍വിന്റെ വിഭവങ്ങള്‍ സംരക്ഷിക്കുന്നതിലും പാരിസ്ഥിതിക സന്തുലിതാവസ്ഥ പുനഃസ്ഥാപിക്കുന്നതിലും വന്യജീവി സംരക്ഷണത്തില്‍ പ്രാദേശിക സമൂഹത്തിന്റെ പങ്കാളിത്തം പ്രയോജനപ്പെടുത്തുന്നതിലും ശാക്തീകരിക്കുന്നതിലും റിസര്‍വിന്റെ സ്വാഭാവിക ഘടകങ്ങള്‍ വികസിപ്പിക്കുന്നതിലും സംരക്ഷിക്കുന്നതിലും അതോറിറ്റി കൈവരിച്ച നേട്ടങ്ങള്‍ സമിതി വിലയിരുത്തി.
പരിസ്ഥിതി സംരക്ഷണ മേഖലയില്‍ സംരക്ഷിത പ്രദേശങ്ങളുടെ മാനേജ്മെന്റ് എത്രമാത്രം വിജയമാണെന്ന് അളക്കാനായി വികസിപ്പിച്ചെടുത്ത ഒരു ആഗോള സംവിധാനമാണ് ഐ.യു.സി.എന്‍ ഗ്രീന്‍ ലിസ്റ്റ്. പരിസ്ഥിതി സംരക്ഷണം നിര്‍ബന്ധമാക്കുന്ന സൂചകങ്ങളും സുസ്ഥിര വികസന പ്രക്രിയയില്‍ ബന്ധപ്പെട്ട കക്ഷികളുടെ പങ്കാളിത്തവും, സംരക്ഷിത പ്രദേശങ്ങളുടെ ഭരണപരമായ പ്രകടനം മെച്ചപ്പെടുത്താനുള്ള നിരീക്ഷണവും ജൈവവൈവിധ്യത്തിന്റെ ദീര്‍ഘകാല സംരക്ഷണത്തിന് സഹായിക്കുന്ന ഫലപ്രദമായ ഭരണം പ്രോത്സാഹിപ്പിക്കലും പട്ടികയില്‍ ഉള്‍പ്പെടുന്നു.
ഇന്റര്‍നാഷണല്‍ ഗ്രീന്‍ ലിസ്റ്റില്‍ കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് ഉള്‍പ്പെടുത്തിയത് പാരിസ്ഥിതിക സന്തുലിതാവസ്ഥ സംരക്ഷിക്കുന്നതില്‍ റിസര്‍വിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു. സൗദി അറേബ്യയുടെ വിഷന്‍ 2030 ലക്ഷ്യങ്ങള്‍ക്കും സൗദി ഗ്രീന്‍ ഇനീഷ്യേറ്റീവ് ലക്ഷ്യങ്ങള്‍ക്കും അനുസൃതമായി ഇന്നത്തെയും ഭാവി തലമുറകളുടെയും പരിസ്ഥിതി സുസ്ഥിരത ഉറപ്പാക്കുന്ന നിലക്ക് മികച്ച അന്താരാഷ്ട്ര രീതികള്‍ക്കനുസൃതമായി പരിസ്ഥിതി, പ്രകൃതി സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നതില്‍ അതോറിറ്റിയുടെ ശ്രമങ്ങളെയും തന്ത്രപരമായ കാഴ്ചപ്പാടിനെയും ഇത് എടുത്തുകാണിക്കുകയും ചെയ്യുന്നു.
പ്രകൃതി വിഭവങ്ങളുടെയും സമ്പന്നമായ ചരിത്ര പൈതൃകത്തിന്റെയും അടിസ്ഥാനത്തില്‍ കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വ് ഡെവലപ്മെന്റ് അതോറിറ്റി, റിസര്‍വ് വികസിപ്പിക്കുകയും വളര്‍ത്തുകയും ചെയ്യുന്നു. പരിസ്ഥിതി സംരക്ഷണ ശ്രമങ്ങളെ പിന്തുണക്കുന്ന ഏറ്റവും പ്രധാനപ്പെട്ട ഘടകങ്ങളില്‍ ഒന്നാണ് പ്രാദേശിക സമൂഹങ്ങളിലെ അംഗങ്ങള്‍ക്കിടയിലെ സന്നദ്ധപ്രവര്‍ത്തനവും പരിസ്ഥിതി അവബോധവും എന്ന് അതോറിറ്റി ആഴത്തില്‍ വിശ്വസിക്കുന്നു. കാലാകാലങ്ങളായി പ്രധാനപ്പെട്ട സംഭവങ്ങള്‍ക്ക് സാക്ഷ്യം വഹിച്ച പ്രമുഖ ചരിത്ര സ്ഥലങ്ങള്‍ കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വില്‍ ഉള്‍പ്പെടുന്നു. 175 പുല്‍മേടുകളും പൂന്തോട്ടങ്ങളും ഉള്‍പ്പെടെയുള്ള വൈവിധ്യമാര്‍ന്ന ഭൂപ്രകൃതി റോയല്‍ റിസര്‍വിന്റെ സവിശേഷതയാണ്. ഇവയെല്ലാം കിംഗ് അബ്ദുല്‍ അസീസ് റോയല്‍ റിസര്‍വിന് മികച്ച സാംസ്കാരിക, പാരിസ്ഥിതിക, ചരിത്ര മൂല്യം നല്കുന്നു.
1948 ല്‍ സ്ഥാപിതമായ ഇന്റര്‍നാഷണല്‍ യൂണിയന് ഫോര്‍ കണ്‍സര്‍വേഷന്‍ ഓഫ് നേച്ചറില്‍ ലോകമെമ്പാടുമുള്ള 160 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള 1,400 ലേറെ അംഗങ്ങളുണ്ട്. 1981 ലാണ് സൗദി അറേബ്യ ഇതില്‍ അംഗമായി ചേര്‍ന്നത്. സമീപ വര്‍ഷങ്ങളില്‍ സൗദി അറേബ്യ ആസൂത്രണം ചെയ്ത പദ്ധതികളിലും പ്രാദേശിക ചട്ടങ്ങളിലും വംശനാശഭീഷണി നേരിടുന്ന ജീവികളുടെ ചുവപ്പ് പട്ടികയും സംരക്ഷിത പ്രദേശങ്ങളുടെ പച്ച പട്ടികയും തമ്മിലുള്ള സംയോജനം ഉറപ്പാക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നു.