ജിദ്ദ : സൗദിയില്‍ ഹുക്കയില്‍ ഉപയോഗിക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന കടകളില്‍ പതിനെട്ടില്‍ കുറവ് പ്രായമുള്ള കുട്ടികള്‍ പ്രവേശിക്കുന്നതും കുട്ടികള്‍ക്ക് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്നതും മുനിസിപ്പല്‍, പാര്‍പ്പിടകാര്യ മന്ത്രാലയം വിലക്കി. പതിനെട്ട് വയസ് പൂര്‍ത്തിയായത് സ്ഥിരീകരിക്കുന്ന തെളിവ് ഹാജരാക്കാന്‍ സ്ഥാപന ജീവനക്കാര്‍ ഉപയോക്താക്കളോട് ആവശ്യപ്പെടല്‍ നിര്‍ബന്ധമാണ്. പൊതുജനാരോഗ്യം വര്‍ധിപ്പിക്കാനും പുകവലിക്കാത്തവരെയും കുട്ടികളെയും പുകയില ഉല്‍പന്നങ്ങളുടെ നേരിട്ടുള്ളതും പരോക്ഷവുമായ വിപണനത്തില്‍ നിന്ന് സംരക്ഷിക്കാനും നിലവിലുള്ള നിയമങ്ങളോടും നിയമാവലികളോടുമുള്ള നിക്ഷേപകരുടെയും ഉപയോക്താക്കളുടെയും പ്രതിബദ്ധത വര്‍ധിപ്പിക്കാനും ലക്ഷ്യമിട്ടാണ് പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ക്ക് പുതിയ വ്യവസ്ഥകള്‍ ബാധകമാക്കിയിരിക്കുന്നത്.
ഇ-സിഗരറ്റുകള്‍ പ്രത്യേക ഷെല്‍ഫുകളില്‍ പ്രദര്‍ശിപ്പിക്കണം. കടയുടെ തറയില്‍ പുകയില ഉല്‍പന്നങ്ങള്‍ സൂക്ഷിക്കുന്നത് വിലക്കി. ഉല്‍പന്നങ്ങള്‍ സൂക്ഷിക്കാന്‍ തറയില്‍ വെക്കുന്ന മര ട്രേകള്‍ ഉപയോഗിക്കുന്നതിനും പുകയില ഉല്‍പന്നങ്ങളും അനുബന്ധ ഉപകരണങ്ങളും സ്ഥാപനങ്ങളുടെ മുന്‍ ഭാഗത്ത് പ്രദര്‍ശിപ്പിക്കുന്നതിനും വിലക്കുണ്ട്. കടകളില്‍ വില്‍ക്കുന്ന പുകയില ഉല്‍പന്നങ്ങള്‍ സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച ഗുണനിലവാര മാനദണ്ഡങ്ങള്‍ക്ക് നിരക്കുന്നവയായിരിക്കണം. ഉറവിടമറിയാത്ത ഉല്‍പന്നങ്ങളും കബളിപ്പിക്കുന്ന വിവരങ്ങള്‍ അടങ്ങിയ ഉല്‍പന്നങ്ങളും കൈവശം വെക്കാനോ വില്‍പനക്ക് പ്രദര്‍ശിപ്പിക്കാനോ പാടില്ല.
മുഴുവന്‍ പുകയില പേക്കറ്റുകളിലും പുകയില ചേര്‍ത്ത മറ്റു ഉല്‍പന്നങ്ങളുടെ പേക്കറ്റുകളിലും സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി വ്യവസ്ഥ പ്രകാരമുള്ള വിശദീകരണങ്ങളും മുന്നറിയിപ്പുകളും വ്യക്തമാക്കലും നിര്‍ബന്ധമാണ്. സിഗരറ്റുകള്‍ പേക്കറ്റോടെയാണ് വില്‍ക്കേണ്ടത്. പേക്കറ്റ് പൊട്ടിച്ച് ചില്ലറയായി സിഗരറ്റ് വില്‍ക്കുന്നതിന് വിലക്കുണ്ട്. പുകയില ഉല്‍പന്നങ്ങളും പുകയില അടങ്ങിയ മറ്റു ഉല്‍പന്നങ്ങളും വെന്‍ഡിംഗ് മെഷീനുകള്‍ വഴി വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്നതിനും വില്‍ക്കുന്നതിനും വിലക്കുണ്ട്.
പ്രമോഷണല്‍ ഓഫറുകളുടെ ഭാഗമായി പുകയിലയുടെയോ പുകയില ഉല്‍പന്നങ്ങളുടെയോ വില കുറക്കുന്നതും, സമ്മാനങ്ങളായോ സാമ്പിളുകളുടെ രൂപത്തിലോ സൗജന്യമായി വാഗ്ദാനം ചെയ്യുന്നതും വിലക്കി.
പുകയില ഉല്‍പന്നത്തിന്റെ പരസ്യം ഉള്‍ക്കൊള്ളുന്ന മറ്റു ഉല്‍പന്നങ്ങളുടെ ഇറക്കുമതിയും വില്‍പനയും മന്ത്രാലയം നിരോധിച്ചിട്ടുണ്ട്. പുകയില ഉല്‍പന്നങ്ങള്‍ ഗുണനിലവാരമുള്ളതും ഉല്‍പാദന വൈകല്യങ്ങളില്ലാത്തതുമായിരിക്കണം. കിലോഗ്രാം, ഗ്രാം അടിസ്ഥാനത്തില്‍ പുകയില ഉല്‍പന്നങ്ങള്‍ തൂക്കി വില്‍ക്കുന്നതും നിരോധിച്ചിട്ടുണ്ട്. സൗദി ഫുഡ് ആന്റ് ഡ്രഗ് അതോറിറ്റി അംഗീകരിച്ച തൂക്കത്തിനും വലുപ്പത്തിനും അനുസൃതമായി പേക്കറ്റുികളിലായിരിക്കണം വില്‍പന.
പുകയില ഉല്‍പന്നങ്ങളില്‍ രേഖപ്പെടുത്തിയ വിവരങ്ങള്‍ വ്യക്തവും വാങ്ങുന്നയാള്‍ക്ക് വായിക്കാന്‍ എളുപ്പവുമാകണം. ഉല്‍പന്നം പരീക്ഷിച്ചുനോക്കാന്‍ ഉപപയോക്താവിനെ അനുവദിക്കാന്‍ പാടില്ല. ഇലക്േ്രടാണിക് സിഗരറ്റില്‍ ഉപയോഗിക്കുന്ന ദ്രാവകങ്ങള്‍ അടങ്ങിയ ബോട്ടിലുകള്‍ ദ്രാവകങ്ങള്‍ പുറത്തേക്ക് ഒഴുകാത്ത നിലക്ക് നന്നായി അടച്ചിരിക്കണം. ഇലക്‌ട്രോണിക് സിഗരറ്റുകളില്‍ കടയില്‍ നിന്ന് പുകയില ദ്രാവകം നിറച്ചുകൊടുക്കുന്നതിനും വിലക്കുണ്ട്. സ്ഥാപനത്തില്‍ വില്‍പനക്ക് പ്രദര്‍ശിപ്പിക്കുന്ന എല്ലാ പുകയില ഉല്‍പന്നങ്ങളിലും വില രേഖപ്പെടുത്തലും നിര്‍ബന്ധമാണ്.
പുകയില ഉല്‍പന്നങ്ങള്‍ വില്‍ക്കുന്ന സ്ഥാപനങ്ങള്‍ പ്രവര്‍ത്തനം ആരംഭിക്കുന്നതിനു മുമ്പായി നഗരസഭാ ലൈസന്‍സ് നേടിയിരിക്കണം. ലൈസന്‍സ് നല്‍കിയതിന് വിരുദ്ധമായ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതിനും പുതിയ പ്രവര്‍ത്തന മേഖലകള്‍ ഉള്‍പ്പെടുത്തുന്നതിനും വിലക്കുണ്ട്. ലൈസന്‍സുള്ള സ്ഥാപനത്തിന്റെ അതിരുകള്‍ക്ക് പുറത്ത് ഉല്‍പന്നങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതും വില്‍ക്കുന്നതും പൊതുനടപ്പാതകള്‍ ഉപയോഗിക്കുന്നതും നിരോധിച്ചിട്ടുണ്ട്.
പ്രവേശന, പുറത്തുകടക്കല്‍ വഴികള്‍ വ്യക്തമാക്കുന്ന പോസ്റ്ററുകള്‍, പ്രവൃത്തി സമയം വ്യക്തമാക്കുന്ന പോസ്റ്ററുകള്‍, ഇലക്‌ട്രോണിക് പേയ്മെന്റ് മാര്‍ഗങ്ങളെ കുറിച്ച പോസ്റ്ററുകള്‍, ക്യു.ആര്‍ കോഡ് പോസ്റ്റര്‍, സര്‍ക്കാര്‍ ഏജന്‍സികളില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ സൂചിപ്പിക്കുന്ന പോസ്റ്ററുകള്‍ എന്നിവ ഒഴികെ കടയുടെയോ സ്ഥാപനത്തിന്റെയോ മുന്‍ഭാഗത്ത് പോസ്റ്ററുകള്‍ ഉണ്ടാകാന്‍ പാടില്ലെന്നും വ്യവസ്ഥയുണ്ട്.