കുവൈത്ത് സിറ്റി: കുവൈത്ത് ദിനാർ ലോകത്തിലെ ഏറ്റവും മൂല്യമേറിയ കറൻസിയാണെന്ന് റിപ്പോർട്ട്. ഫോർബ്‌സ് ഇന്ത്യ, ഇൻവെസ്‌റ്റോപീഡിയ തുടങ്ങിയ മാധ്യമങ്ങളാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 3.23 യുഎസ് ഡോളറാണ് നിലവിൽ ഒരു കുവൈത്ത് ദിനാറിന്റെ മൂല്യം. കഴിഞ്ഞ വർഷം ഇത് $3.12 നും $3.30 നും ഇടയിലായിരുന്നു. ഒരു കുവൈത്ത് ദിനാറിന് 280 രൂപയാണ് നിരക്ക്.
തൊഴിലില്ലായ്മ നിരക്ക് ഏകദേശം 2% മാത്രമുള്ള ശക്തമായ സമ്പദ് വ്യവസ്ഥയാണ് കുവൈത്തിനുള്ളത്. പ്രാഥമിക കയറ്റുമതിയായ എണ്ണയാണ് മിക്ക സാമ്പത്തിക പ്രവർത്തനങ്ങളുടെയും കേന്ദ്രം. കുവൈത്ത് ദിനാറിന് ശേഷം ബഹ്‌റൈൻ ദിനാർ, ഒമാനി റിയാൽ, ജോർദാനിയൻ ദിനാർ, ഗിബ്രാൾട്ടർ പൗണ്ട്, ബ്രിട്ടീഷ് പൗണ്ട് എന്നിവയാണ് ആദ്യ സ്ഥാനങ്ങളിലുള്ള ഇതര കറൻസികൾ.
ബഹ്‌റൈൻ ദീനാറിന് 2.65 ഡോളർ ഇപ്പോൾ മൂല്യമുണ്ട്. കഴിഞ്ഞ ഒരു വർഷം 2.54 ഡോളറിനും 2.65നും ഇടയിലാണ് ബഹ്‌റൈൻ ദീനാറിന്റെ മൂല്യം രേഖപ്പെടുത്തിയത്. കഴിഞ്ഞ ഒരു വർഷമായി ബഹ്റൈൻ ദീനാർ സ്ഥിരത പുലർത്തുന്നതായി ഇത് വ്യക്തമാക്കുന്നു. കറൻസിയുടെ മൂല്യത്തിലെ ഘടകങ്ങളിൽ അതിന്റെ വിതരണം, പലിശ നിരക്കുകൾ, പണപ്പെരുപ്പം എന്നിവ ഉൾപ്പെടുന്നു. രാഷ്ട്രീയ സ്ഥിരത ബഹ്റൈൻ ദീനാറിന്റെ മൂല്യം സ്ഥിരത പുലർത്താൻ മറ്റൊരു കാരണമാണ്. വിദേശ നിക്ഷേപത്തിൽ ബഹ്‌റൈനിൽ വളർച്ചയുണ്ട്.
സ്ഥിരതയാർന്ന വിപണി നിക്ഷേപകരെ ഇങ്ങോട്ടാകർഷിക്കുന്നുണ്ട്. പ്രകൃതിവിഭവ സമ്പത്ത്, രാജ്യത്തിന്റെ സെൻട്രൽ ബാങ്കിന്റെ പണനയങ്ങൾ എന്നിവ വിനിമയ നിരക്കിനെ നേരിട്ട് സ്വാധീനിക്കുമെന്ന് ഇൻവെസ്റ്റോപീഡിയ വെബ്സൈറ്റ് വ്യക്തമാകുന്നു. എണ്ണവ്യവസായത്തോടൊപ്പം ബാങ്കിങ്, ഫിനാൻസ്, ടൂറിസം എന്നിവയിൽ കാര്യമായ സാമ്പത്തിക പ്രവർത്തനങ്ങളുള്ള ബഹ്‌റൈന്റെ സമ്പദ് വ്യവസ്ഥ പട്ടികയിലെ മറ്റുചില രാജ്യങ്ങളെ അപേക്ഷിച്ച് വൈവിധ്യപൂർണമാണെന്നും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ലോകത്തിലെ ഏറ്റവും മൂല്യമേറിയ മൂന്നാമത്തെ കറൻസിയാണ് ഒമാനി റിയാൽ, ഒരു ഒമാനി റിയാലിന് 2.59 യുഎസ് ഡോളറാണ് നിലവിലെ മൂല്യം. കഴിഞ്ഞ വർഷം $2.49 നും $2.60 നും ഇടയിലായിരുന്നു. ഒരു റിയാലിന് 225 ഇന്ത്യൻ രൂപയാണ് നിരക്ക്. പ്രധാനമായും എണ്ണയെ ആശ്രയിക്കുന്നതാണ് ഒമാന്റെ സമ്പദ് വ്യവസ്ഥ. എന്നാൽ അയൽ രാജ്യങ്ങളെപ്പോലെ, പുതിയ മേഖലകളിലേക്ക് രാജ്യം നീങ്ങുകയാണ്.