മദീന – പ്രവാചക നഗരിയിലെ ഖുബാ, ദുല്‍ഹുലൈഫ മീഖാത്ത് മസ്ജിദുകളിലെ പാര്‍ക്കിംഗുകളില്‍ ജനുവരി 20 മുതല്‍ പാര്‍ക്കിംഗ് ഫീസ് ഈടാക്കാന്‍ മദീന ഡെവലപ്മെന്റ് അതോറിറ്റി തീരുമാനിച്ചു. ഇക്കാര്യം അറിയിച്ച് പാര്‍ക്കിംഗുകളില്‍ ബോര്‍ഡുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഫീസ് ഈടാക്കുന്നതിനു മുന്നോടിയായി പാര്‍ക്കിംഗുകള്‍ പ്രത്യേകം സജ്ജീകരിച്ചു. ആദ്യത്തെ പതിനഞ്ചു മിനിറ്റ് പാര്‍ക്കിംഗ് സൗജന്യമാണ്. ബസുകള്‍ക്ക് ഒരു മണിക്കൂറിന് പത്തു റിയാലും കാറുകള്‍ക്ക് രണ്ടു റിയാലുമാണ് പാര്‍ക്കിംഗ് ഫീസ്.
ഫീസ് ഈടാക്കുന്നതിനു മുന്നോടിയായി ഖുബാ, മീഖാത്ത് മസ്ജിദുകള്‍ക്കു സമീപമുള്ള പാര്‍ക്കിംഗുകളുടെ പ്രവേശന കവാടങ്ങളില്‍ സ്മാര്‍ട്ട് ഗെയ്റ്റുകള്‍ സ്ഥാപിച്ചുവരികയാണ്. പാര്‍ക്കിംഗ് ഉപയോക്താക്കളുടെ സൗകര്യം ഉറപ്പാക്കാനായി ജനുവരി 20 മുതല്‍ ഫീസ് ഈടാക്കി പാര്‍ക്കിംഗുകള്‍ പ്രവര്‍ത്തിപ്പിക്കുമെന്ന് മദീന വികസന അതോറിറ്റിയും കാര്‍, ബസ് പാര്‍ക്കിംഗ് ഓപ്പറേറ്റിംഗ് കമ്പനിയും അറിയിച്ചു.
ദുല്‍ഹുലൈഫ മീഖാത്ത് മസ്ജിദില്‍ സമീപ കാലത്ത് നിരവധി വികസന പദ്ധതികള്‍ നടപ്പാക്കിയിട്ടുണ്ട്. മസ്ജിദില്‍ 50 ലേറെ പുതിയ എയര്‍ കണ്ടീഷനറുകള്‍ സ്ഥാപിക്കുകയും കുടിവെള്ള ടാപ്പുകളുടെ എണ്ണം 96 ആയി ഉയര്‍ത്തുകയും രണ്ടായിരം ചതുരശ്രമീറ്ററിലേറെ സ്ഥലത്ത് പുതിയ കാര്പെറ്റുകള് വിരിക്കുകയും ബസ് പാര്‍ക്കിംഗിന്റെ ശേഷി ഇരട്ടിയായി ഉയര്‍ത്തുകയും 1,200 ടോയ്ലെറ്റുകള് സജ്ജീകരിക്കുകയും ചെയ്തിട്ടുണ്ട്.
ഖുബാ മസ്ജിദിലും വലിയ തോതില്‍ വികസന പദ്ധതികള്‍ നടപ്പാക്കിവരികയാണ്. ഖുബാ മസ്ജിദിന്റെ മേല്‍നോട്ട ചുമതല ഇസ്ലാമികകാര്യ മന്ത്രാലയത്തില്‍ നിന്ന് മദീന വികസന അതോറിറ്റിയിലേക്ക് മാറ്റാന്‍ 2022 ജൂണില്‍ മന്ത്രിസഭ തീരുമാനിക്കുകയായിരുന്നു. ഖുബാ മസ്ജിദിലെ അറ്റകുറ്റപ്പണികളുടെയും പള്ളി പ്രവര്‍ത്തിപ്പിക്കുന്നതിന്റെയും ഉത്തരവാദിത്തം അതോറിറ്റിക്കാണ്.
മദീനയില്‍ സന്ദര്‍ശകരുടെ രണ്ടാമത്തെ ലക്ഷ്യസ്ഥാനമായ ഖുബാ മസ്ജിദ് മദീന വികസന അതോറിറ്റി മേല്‍നോട്ടം വഹിക്കുന്ന ആദ്യ മസ്ജിദ് ആണ്. മസ്ജിദുന്നബവി കഴിഞ്ഞാല്‍ ഏറ്റവുമധികം വിശ്വാസികളെ ഉള്‍ക്കൊള്ളാന്‍ ശേഷിയുള്ള പള്ളിയും ഇതാണ്.