ജിദ്ദ – വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ നല്‍കി തട്ടിപ്പുകള്‍ നടത്തിയ പത്തംഗ പാക്കിസ്ഥാനി സംഘത്തെ മക്ക പ്രവിശ്യ പോലീസ് ജിദ്ദയിൽ അറസ്റ്റ് ചെയ്തു. ഈ രീതിയില്‍ 31 തട്ടിപ്പുകള്‍ നടത്തി സംഘം 28 ലക്ഷത്തിലേറെ റിയാല്‍ കൈക്കലാക്കിയതായി കണ്ടെത്തിയിട്ടുണ്ട്. വിപണിയിലും കുറഞ്ഞ നിരക്കില്‍ സ്വര്‍ണ ബിസ്‌കറ്റുകള്‍ അനധികൃത രീതിയില്‍ വില്‍ക്കാനുണ്ടെന്ന് അവകാശപ്പെട്ട് പണം കൈക്കലാക്കിയ ശേഷം വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ കൈമാറി രക്ഷപ്പെടുകയാണ് സംഘം ചെയ്തിരുന്നത്. ഇരകളുടെ വിശ്വാസം ആര്‍ജിക്കാനായി യഥാര്‍ഥ സ്വര്‍ണ ബിസ്‌കറ്റുകള്‍ കാണിച്ചുകൊടുത്ത ശേഷമാണ് സംഘം തട്ടിപ്പുകള്‍ നടത്തിയിരുന്നത്.
ഇരകളുടെ വിശ്വാസം ആര്‍ജിക്കാന്‍ ഉപയോഗിച്ചിരുന്ന യഥാര്‍ഥ സ്വര്‍ണ ബിസ്‌കറ്റുകളും തട്ടിപ്പുകള്‍ക്ക് ഉപയോഗിച്ചിരുന്ന വ്യാജ സ്വര്‍ണ ബിസ്‌കറ്റുകളുടെ വന്‍ ശേഖരവും വ്യാജ സ്വര്‍ണ ബിസ്‌കറ്റുകള്‍ നിര്‍മിക്കാനുള്ള ഉപകരണങ്ങളും മറ്റും പ്രതികളുടെ പക്കല്‍ കണ്ടെത്തി.
ചോദ്യം ചെയ്യലും തെളിവ് ശേഖരിക്കലും അടക്കമുള്ള നിയമാനുസൃത നടപടികള്‍ പൂര്‍ത്തിയാക്കി പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറിയതായി പൊതുസുരക്ഷാ വകുപ്പ് അറിയിച്ചു.