ദുബൈ: യു.എ.ഇയിൽ അവശ്യവസ്തുക്കളുടെ വിലവർധനക്ക് നിയന്ത്രണം ഏർപ്പെടുത്തി സാമ്പത്തിക മന്ത്രാലയം. അരി, മുട്ട, പാചകയെണ്ണ തുടങ്ങി ഒമ്പത് ഉൽപന്നങ്ങൾക്ക് വിലകൂട്ടാൻ ചില്ലറ വിൽപനക്കാർ മന്ത്രാലയത്തിന്റെ അനുമതി വാങ്ങണം.
ജനുവരി രണ്ട് മുതലാണ് യു.എ.ഇയിൽ വിലവർധനക്ക് നിയന്ത്രണം നിലവിൽ വരുന്നത്. അവശ്യസാധനങ്ങൾക്ക് ആറുമാസത്തെ ഇടവേളക്കിടയിൽ വിലവർധിപ്പിക്കാൻ പാടില്ല. അരി, മുട്ട, പാചകയെണ്ണ, പാലുൽപ്പന്നങ്ങൾ, പഞ്ചസാര, കോഴി, പയർവർഗങ്ങൾ, ഗോതമ്പ്, റൊട്ടി തുടങ്ങി അടിസ്ഥാന വസ്തുക്കളുടെയൊന്നും വില അനുമതിയില്ലാതെ വർധിപ്പിക്കാനാവില്ല. പുതിയ ഉത്തരവ് അവശ്യ വസ്തുക്കളുടെ വിതരണക്കാർ, ചില്ലറ വ്യാപാരികൾ, ഡിജിറ്റൽ വ്യാപാരികൾ എന്നിവർക്കെല്ലാം ബാധകമാണ്.
നിയമം പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ അധികൃതർ പ്രത്യേക സംഘത്തെ നിയോഗിച്ചു. സുതാര്യത ഉറപ്പാക്കാൻ റീട്ടെയിൽ സ്റ്റോറുകളിൽ വില പ്രദർശിപ്പിക്കണം. ശുചീകരണ ഉല്പ്പന്നങ്ങളുടെ ഉൾപ്പെടെ ഏതൊരു ഉല്പ്പന്നത്തിന്റെയും വില വർധിപ്പിക്കണമെങ്കിലും സാമ്പത്തിക മന്ത്രാലയത്തിന്റെ മുൻകൂർ അനുമതി നിർബന്ധമാണെന്ന് മന്ത്രാലയം അണ്ടർസെക്രട്ടറി അബ്ദുല്ല അഹമ്മദ് അൽ സാലിഹ് പറഞ്ഞു. യു.എ.ഇയിലെ എല്ലാ എമിറേറ്റുകളിലും പുതിയ നയം ബാധകമായിരിക്കും.