റിയാദ്: സൗദി ഉൽപാദിപ്പിക്കുന്ന ഒട്ടക പാലിനും അനുബന്ധ ഉൽപന്നങ്ങൾക്കും ആഗോള വിപണിയിൽ പ്രിയമേറുന്നു. ഒട്ടക ഉൽപ്പന്നങ്ങൾ ഉൽപാദിപ്പിക്കുന്നതിനായി മാത്രം ആറു ഫാമുകളാണ് നിലവിൽ രാജ്യത്ത് പ്രവർത്തിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ സൗദി ഒട്ടക പാൽ ഒരു ലിറ്ററിന് 18 മുതൽ 20 ഡോളർ വരെ വിലയിലാണ് വില്പന നടക്കുന്നത്. ഒട്ടക പാൽപൊടിക്കും ആഗോള വിപണിയിൽ വിലയുണ്ട്. പശുവിൻ പാലിനെ അപേക്ഷിച്ച് നാലിരട്ടി വിലയാണ് ലഭിക്കുന്നത്. ചൈന ഉൾപ്പെടെയുള്ള രാജ്യത്തെ വ്യാപാരികളാണ് ആവശ്യക്കാരിൽ ഏറെയും. കഴിഞ്ഞ രണ്ടു വർഷമായി ഈ രാജ്യങ്ങളുമായി പാലും പാലുൽപ്പന്നങ്ങളും കൈമാറ്റം ചെയ്യുന്നുണ്ട്.
മരുഭൂമിയുടെ കപ്പൽ എന്നറിയപ്പെടുന്ന ഒട്ടകങ്ങൾ സൗദിയുടെ സംസ്കാരത്തോടും ഹൃദയത്തോടും ചേർന്ന് നിൽക്കുന്നവയാണ്.അതിനാൽ തന്നെ ഈ വർഷം ഒട്ടക വർഷമായാണ് രാജ്യം കൊണ്ടാടുന്നത്. ഒട്ടക വ്യവസായ മേഖലയിലെ വികസനത്തിനായി വിവിധ പദ്ധതികളും നടക്കുന്നുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ഒട്ടക മത്സരങ്ങളിലൊന്നായ കിംഗ് അബ്ദുൽഅസീസ് ഒട്ടക ഫെസ്റ്റിവൽ ഏറെ ശ്രദ്ധ നേടാൻ കഴിഞ്ഞ പദ്ധതികളിലൊന്നാണ്.സാംസ്കാരിക, വിനോദ സഞ്ചാര, സാമ്പത്തിക പരിപാടിയായിവളർന്ന ഈ ഫെസ്റ്റിലേക്ക് സന്ദർശകരായെത്തുന്നത് ആയിരക്കണക്കിന് ആളുകളാണ്. പതിനെട്ട് ലക്ഷത്തിലധികം ഒട്ടകങ്ങളുണ്ട് നിലവിൽ സൗദി അറേബ്യയിൽ.