തബൂക്: സൗദിയിൽ തബൂക് മേഖലയിലെ ഉയർന്ന പ്രദേശങ്ങളിൽ നാളെ മഞ്ഞ് വീഴ്ചയുണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നതായി ദേശീയ കാലാവസ്ഥാ കേന്ദ്രം അറിയിച്ചു.
ജബൽ അൽ-ലൗസ്, അൽ-അഖ്‌ലാൻ, അൽ-ദഹർ എന്നീ ഉയർന്ന പ്രദേശങ്ങളിലാണ് മഞ്ഞുവീഴ്ചക്കും മൂടൽമഞ്ഞ് രൂപപ്പെടാനുമുള്ള സാധ്യതയുള്ളത്.
“ദൈവം ഉദ്ദേശിക്കുകയാണെങ്കിൽ തബൂക്കിലെ ഉയർന്ന പ്രദേശങ്ങളിൽ നാളെ മഞ്ഞു പെയ്യും” കാലാവസ്ഥാ വിഭാഗം എക്സ് പ്ലാറ്റ്‌ഫോമിലെ ഔദ്യോഗിക അക്കൗണ്ടിൽ കുറിച്ചു.
രാജ്യത്തിൻ്റെ വടക്ക് ഭാഗങ്ങളിൽ മിതമായ തണുപ്പ് മുതൽ ശക്തമായ തണുപ്പ് വരെ പ്രതീക്ഷിക്കുന്നതായും കാലാവസ്ഥാ വിഭാഗം കൂട്ടിച്ചേർത്തു.
മക്ക, മദീന, ഹായിൽ, വടക്കൻ അതിർത്തി, അൽ-ജൗഫ്, തബൂക് മേഖലയിലെ ചില പ്രദേശങ്ങൾ എന്നിവിടങ്ങളിൽ ആലിപ്പഴ വർഷവും, ഇടിമിന്നലോടു കൂടിയ മഴയും പ്രതീക്ഷിക്കുന്നു.
അസീർ, അൽ-ബഹ മേഖലകളിലും, കിഴക്കൻ പ്രവിശ്യയുടെ തെക്കൻ ഭാഗങ്ങളിലും മൂടൽ മഞ്ഞിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിഭാഗം വിശദീകരിച്ചു.