ജിദ്ദ – സൗദി സെന്‍ട്രല്‍ ബാങ്ക് വായ്പാ നിരക്കുകള്‍ 25 ബേസിസ് പോയിന്റ് കുറച്ചു. റിപ്പോ നിരക്ക് അഞ്ചു ശതമാനമായും റിവേഴ്‌സ് റിപ്പോ നിരക്ക് 4.5 ശതമാനമായുമാണ് കുറച്ചിരിക്കുന്നത്. ആഗോള തലത്തിലെ സംഭവവികാസങ്ങളുടെ പശ്ചാത്തലത്തില്‍ പണസ്ഥിരത കാത്തുസൂക്ഷിക്കാനുള്ള ലക്ഷ്യത്തിന് അനുസൃതമായാണ് വായ്പാ നിരക്കുകള്‍ കുറച്ചതെന്ന് സെന്‍ട്രല്‍ ബാങ്ക് പറഞ്ഞു.
അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ കുറച്ചതിനെ പിന്തുടര്‍ന്നാണ് സൗദി സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്കുകള്‍ കുറച്ചത്.
സൗദി റിയാലിനെയും അമേരിക്കന്‍ ഡോളറിനെയും സ്ഥിരവിനിമയ നിരക്കില്‍ ബന്ധിപ്പിച്ചതിനാല്‍ പണനയങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വിനെ പിന്തുടരുന്ന രീതിയാണ് സൗദി സെന്‍ട്രല്‍ ബാങ്ക് പാലിക്കുന്നത്. അമേരിക്കന്‍ ഫെഡറല്‍ റിസര്‍വും വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് നിരക്കിലാണ് കുറച്ചത്. ഈ വര്‍ഷം ഇത് മൂന്നാം തവണയാണ് അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് വായ്പാ നിരക്കുകള്‍ കുറക്കുന്നത്.
പണപ്പെരുപ്പം നേരിയ തോതില്‍ മെച്ചപ്പെടുകയും തൊഴിലില്ലായ്മ നിരക്ക് താരതമ്യേന സ്ഥിരത കൈവരിക്കുകയും ചെയ്ത പശ്ചാത്തലത്തില്‍ പലിശ നിരക്ക് കുറച്ചത് വായ്പാ ചെലവുകള്‍ കുറക്കുമെന്ന് യു.എസ് ഫെഡറല്‍ റിസര്‍വ് പറഞ്ഞു.
അടുത്ത വര്‍ഷം രണ്ടു തവണ കാല്‍ ശതമാനം പലിശ നിരക്ക് കുറക്കാന്‍ സാധ്യതയുള്ളതായി ഫെഡറല്‍ റിസര്‍വ് വൃത്തങ്ങള്‍ പറഞ്ഞു. പണപ്പെരുപ്പം കുതിച്ചയര്‍ന്നതിനെ തുടര്‍ന്ന് പണപ്പെരുപ്പം നിയന്ത്രിക്കാന്‍ ശ്രമിച്ച് കഴിഞ്ഞ വര്‍ഷങ്ങളില്‍ അമേരിക്കന്‍ ഫെഡറല്‍ റിസര്‍വ് ആവര്‍ത്തിച്ച് പലിശ നിരക്കുകള്‍ ഉയര്‍ത്തിയിരുന്നു.
കുവൈത്ത് സെന്‍ട്രല്‍ ബാങ്കും വായ്പാ നിരക്ക് 25 ബേസിസ് പോയിന്റ് നിരക്കില്‍ കുറച്ചിട്ടുണ്ട്. കുവൈത്തില്‍ റിപ്പോ നിരക്ക് നാലു ശതമാനമായാണ് കുറഞ്ഞത്. യു.എ.ഇ സെന്‍ട്രല്‍ ബാങ്കും റിപ്പോ നിരക്ക് 25 ബേസിസ് പോയിന്റ് തോതില്‍ കുറച്ചു. 4.65 ശതമാനത്തില്‍ നിന്ന് 4.4 ശതമാനമായാണ് റിപ്പോ നിരക്ക് കുറച്ചത്.