റിയാദ്: സൗദിയിൽ കഴിഞ്ഞ എട്ടു വർഷത്തിനിടെ വാഹനാപകടങ്ങൾ പകുതിയായി കുറഞ്ഞതായി കണക്കുകൾ. അടിസ്ഥാന സൗകര്യങ്ങൾ വർധിപ്പിച്ചതും റോഡ് സുരക്ഷാ ക്രമീകരണങ്ങൾ നവീകരിച്ചതിന്റെയും ഭാഗമായാണ് നേട്ടം. ഗതാഗത മന്ത്രിയാണ് കണക്കുകൾ വെളിപ്പെടുത്തിയത്.
കഴിഞ്ഞ എട്ടു വർഷത്തിനിടെ വാഹനാപകടങ്ങൾ അമ്പതു ശതമാനമായാണ് കുറഞ്ഞത്. സുരക്ഷിതവും നിലവാരമുള്ളതുമായ റോഡ് ശൃംഖല നേട്ടത്തിന് പ്രധാന കാരണമാണ്. ഇത്തരത്തിൽ അഞ്ചു ലക്ഷം കിലോമീറ്റർ റോഡ് ശൃംഖല രാജ്യത്തിനുണ്ട്. അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തിയതും റോഡ് സുരക്ഷാ മാനദണ്ഡങ്ങൾ നവീകരിച്ചതും അപകടങ്ങൾ കുറക്കാൻ കാരണമായി. റിയാദിൽ സപ്ലെ ചെയിൻ സമ്മേളനത്തിൽ സംസാരിക്കുന്നതിനിടെ ഡെപ്യൂട്ടി ഗതാഗത മന്ത്രി എഞ്ചിനീയർ ബദർ അൽ ദലാമിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. റോഡ് സുരക്ഷയുമായി ബന്ധപ്പെട്ട കൂടുതൽ നവീകരണങ്ങളുമായാണ് മുന്നോട്ട് പോവുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.