ദുബൈ: ദുബൈ നഗരത്തിൽ പുതിയ പാലം തുറന്ന് ആർടിഎ. അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതിയിലെ പ്രധാന പാലമാണ് ദുബൈ റോഡ്‌സ് ആന്റ് ട്രാൻസ്‌പോർട്ട് അതോറിറ്റി ഞായറാഴ്ച തുറന്നു കൊടുത്തത്. തിരക്കേറിയ ശൈഖ് റാഷിദ് റോഡിനെ ഇൻഫിനിറ്റി ബ്രിഡ്ജിലേക്ക് ബന്ധിപ്പിക്കുന്ന മൂന്നുവരിപ്പാലം ഗതാഗത യോഗ്യമായതോടെ, ഇടനാഴി വികസന പദ്ധതിയുടെ 71 ശതമാനവും പൂർത്തിയായി.
അൽ ഷിൻദഗ വികസന പദ്ധതിയുടെ നാലാം ഘട്ട നിർമാണമാണ് നടന്നു വരുന്നത്. ശൈഖ് ഖലീഫ ബിൻ സായിദ് സ്ട്രീറ്റ് ഇന്റർസെക്ഷനിൽ നിന്ന് അൽ മിന സ്ട്രീറ്റിലെ ഫാൽക്കൺ ഇന്റർചേഞ്ച് വരെ 4.8 കിലോമീറ്റർ ദൈർഘ്യമുള്ള വികസന പദ്ധതിയാണിത്. 3.1 കിലോമീറ്റർ നീളം വരുന്ന മൂന്നു പാലങ്ങളാണ് പദ്ധതിയുടെ സവിശേഷത. പാലം നിർമാണം പൂർത്തിയാകുന്നതോടെ എല്ലാ ലൈനുകളിലുമായി മണിക്കൂറിൽ 19,400 വാഹനങ്ങളെ ഉൾക്കൊള്ളാനാകും. ശൈഖ് റാഷിദ് റോഡിനും അൽ മിന സ്ട്രീറ്റിനുമിടയിൽ രണ്ട് കാൽനടപ്പാലവും നിർമിക്കുന്നുണ്ട്.
പദ്ധതിക്കു കീഴിലെ രണ്ടാമത്തെ പാലം ജനുവരി മധ്യത്തിൽ തുറക്കുമെന്ന് ആർടിഎ ഡയറക്ടർ ജനറൽ മത്താർ അൽ തായർ പറഞ്ഞു. അൽ മിന ഇന്റർസെക്ഷനെ ശൈഖ് റാഷിദ് റോഡ് ഇന്റർസെക്ഷനുമായി ബന്ധിപ്പിക്കുന്ന പാലമാണിത്. 780 മീറ്റർ നീളമുണ്ടാകും.
ട്രാഫിക് പരമാവധി കുറച്ച് നഗരയാത്ര സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ആർടിഎ അൽ ഷിൻദഗ ഇടനാഴി വികസന പദ്ധതി ആസൂത്രണം ചെയ്തിട്ടുള്ളത്. പദ്ധതി പൂർത്തിയാകുന്നതോടെ, നേരത്തെ 104 മിനിറ്റെടുത്തിരുന്ന യാത്ര വെറും 16 മിനിട്ടു കൊണ്ട് സാധ്യമാകും എന്നാണ് ആർടിഎ പറയുന്നത്.