റിയാദ് – റിയാദില്‍ സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് അതോറിറ്റി സംഘടിപ്പിച്ച സകാത്ത്, ടാക്‌സ് ആന്റ് കസ്റ്റംസ് സമ്മേളനത്തോടനുബന്ധിച്ച എക്‌സിബിഷനില്‍ ആഭ്യന്തര മന്ത്രാലയ പവലിയനില്‍ ഇ-വിസ ഉപകരണം (കിയോസ്‌ക്) പ്രദര്‍ശിപ്പിച്ച് ജവാസാത്ത് ഡയറക്ടറേറ്റ്. വിദേശ സന്ദര്‍ശകര്‍ക്ക് ഓണ്‍അറൈവല്‍ വിസ ഇഷ്യു ചെയ്ത് നല്‍കുകയും പുതിയ സൗദി പാസ്‌പോര്‍ട്ട്, പാസ്‌പോര്‍ട്ട് പുതുക്കല്‍, പാസ്‌പോര്‍ട്ട് ആക്ടിവേറ്റ് ചെയ്യല്‍, വിദേശികളുടെ ഇഖാമ പ്രിന്റൗട്ട് സേവനങ്ങളും നല്‍കുന്ന ഉപകരണത്തിന്റെ പ്രവര്‍ത്തനങ്ങള്‍ ജവാസാത്ത് ഉദ്യോഗസ്ഥര്‍ സന്ദര്‍ശകര്‍ക്ക് വിശദീകരിച്ചുനല്‍കി.
പൊതുസുരക്ഷാ വകുപ്പ്, ജവാസാത്ത് ഡയറക്ടറേറ്റ്, അതിര്‍ത്തി സുരക്ഷാ സേന, ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍കോട്ടിക്‌സ് കണ്‍ട്രോള്‍, നാഷണല്‍ സെക്യൂരിറ്റി കണ്‍ട്രോള്‍ സെന്റര്‍, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ മെഡിക്കല്‍ സേവനങ്ങള്‍, ആഭ്യന്തര മന്ത്രാലയത്തിനു കീഴിലെ ഓണ്‍ലൈന്‍ സേവന പ്ലാറ്റ്‌ഫോം ആയ അബ്ശിര്‍ എന്നിവ നല്‍കുന്ന സേവനങ്ങളും സുരക്ഷ വര്‍ധിപ്പിക്കാനും വികസനത്തിനും ആഭ്യന്തര മന്ത്രാലയം നടത്തുന്ന ശ്രമങ്ങളും എക്‌സിബിഷന്‍ പങ്കാളിത്തത്തിലൂടെ ആഭ്യന്തര മന്ത്രാലയം എടുത്തുകാണിച്ചു.
നിരവധി രാജ്യക്കാര്‍ക്ക് സൗദി അറേബ്യ ഇപ്പോള്‍ ഓണ്‍അറൈവല്‍ വിസ അനുവദിക്കുന്നുണ്ട്. ഇവര്‍ക്ക് മുന്‍കൂട്ടി വിസ നേടാതെ സൗദിയിലെ എയര്‍പോര്‍ട്ടുകളിലും കരാതിര്‍ത്തി പോസ്റ്റുകളിലും തുറമുഖങ്ങളിലും എത്തുന്ന മുറക്ക് എളുപ്പത്തില്‍ ഓണ്‍അറൈവല്‍ വിസ നേടാവുന്നതാണ്. ജവാസാത്ത് കൗണ്ടറുകളില്‍ നിന്നും എയര്‍പോര്‍ട്ടുകള്‍ അടക്കമുള്ള അതിര്‍ത്തി പ്രവേശന കവാടങ്ങളിലെ സ്മാര്‍ട്ട് ഉപകരണങ്ങളും വഴി നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി വിസകള്‍ നേടാന്‍ സാധിക്കും. മറ്റു രാജ്യക്കാര്‍ക്ക് സൗദി വിസാ പ്ലാറ്റ്‌ഫോം വഴി എളുപ്പത്തില്‍ ഇ-വിസയും ലഭിക്കും. വിസിറ്റ് വിസ, ടൂറിസ്റ്റ് വിസ, ഉംറ വിസ, ട്രാന്‍സിറ്റ് വിസ, ബിസിനസ് വിസിറ്റ് വിസ തുടങ്ങി ഏതു വിസകളിലും സൗദിയില്‍ പ്രവേശിക്കുന്നവര്‍ക്ക് ഉംറ കര്‍മം നിര്‍വഹിക്കാനും മദീന സിയാറത്ത് നടത്താനും സൗദിയിലെ എല്ലാ പ്രവിശ്യകളിലും സ്വതന്ത്രമായി സഞ്ചരിക്കാനും സാമൂഹിക, സാംസ്‌കാരിക, വിനോദ പരിപാടികളില്‍ പങ്കെടുക്കാനും സാധിക്കും.