റിയാദ് : സൗദി അറേബ്യയില്‍ തൊഴിലുടമകളില്‍ നിന്ന് ഒളിച്ചോടിയതായി രേഖകളില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട് ഹുറൂബായി നിയമനടപടികള്‍ നേരിടുന്നവര്‍ക്ക് പദവി ശരിയാക്കാനുള്ള നടപടികള്‍ക്ക് തുടക്കമായി. ഇന്നലെ മുതലാണ് മാനവ വിഭവശേഷി മന്ത്രാലയത്തിന്റെ ഖിവ പ്ലാറ്റ്‌ഫോമില്‍ ഇത് സംബന്ധിച്ച് അപ്‌ഡേഷനുകളെത്തിയത്.
പുതിയ തൊഴിലുടമയെ കണ്ടെത്തുകയാണ് ഹുറൂബായവര്‍ ആദ്യം ചെയ്യേണ്ടത്. ശേഷം പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പും മറ്റു ബാധ്യതകളും ഏറ്റെടുത്ത് കൊണ്ടുള്ള സത്യവാങ്മുലത്തോടെ സ്ഥാപനത്തിന്റെ ഖിവ പ്ലാറ്റ്‌ഫോം വഴി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിനുള്ള അപേക്ഷ അയക്കണം.
ഇത് ആദ്യം ഹുറൂബായവരുടെ ഖിവ പ്ലാറ്റ്‌ഫോമിലെത്തും. അവര്‍ അവരുടെ ഖിവ എക്കൗണ്ടില്‍ കയറി പുതിയ തൊഴിലുടമയുടെ അപേക്ഷക്ക് സമ്മതം നല്‍കണം. ശേഷം പുതിയ തൊഴിലുടമ നിശ്ചിത ഫീസ് അടച്ച് അബ്ശിര്‍ അല്ലെങ്കില്‍ മുഖീം വഴി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റണം.
പുതിയ തൊഴിലുടമ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റത്തിന് അപേക്ഷിക്കുന്ന സമയത്ത് ഇതുവരെ ഇഖാമ പുതുക്കാത്തതിനുളള കുടിശ്ശിക ഫീ മൊത്തമായി ഖിവ പ്ലാറ്റ്‌ഫോമില്‍ കാണിക്കും. ഹുറൂബായ കാലമത്രയുമുള്ള ഫീസുകളാണ് ഇവിടെ കാണിക്കുക. ഇത് വഹിക്കാന്‍ തയ്യാറാണെന്ന് പുതിയ തൊഴിലുടമ സമ്മതിക്കണം. ഇങ്ങനെ അറുപതിനായിരം റിയാലിലധികം ചിലര്‍ക്ക് കുടിശ്ശിക കാണിച്ചതായി ബത്ഹയിലെ റയാന്‍ ജനറല്‍ സര്‍വീസ് ഉടമ ഫസല്‍ റഹ്മാന്‍ ദ മലയാളം ന്യൂസിനോട് പറഞ്ഞു. ഈ ഫീസുകള്‍ തൊഴിലുടമക്ക് ബാധ്യതയാവുകയും പിന്നീടൊരിക്കല്‍ അടക്കേണ്ടിയും വരും. ഇങ്ങനെ പുതിയ തൊഴില്‍ സ്ഥാപനത്തിലേക്ക് സ്‌പോണ്‍സര്‍ഷിപ്പ് മാറുന്നതോടെ സിസ്റ്റത്തില്‍ ഹുറുബ് സ്റ്റാറ്റസ് മാറും. പിന്നീട് ഇഖാമ പുതുക്കാനും റീ എന്‍ട്രി, ഫൈനല്‍ എക്‌സിറ്റ് അടിക്കാനും സാധിക്കും. ഗാര്‍ഹിക തൊഴിലാളികള്‍ക്ക് നിലവില്‍ ഈ സൗകര്യമില്ല.
തൊഴില്‍ സ്ഥാപനവുമായുള്ള തൊഴില്‍ കരാര്‍ റദ്ദായി 60 ദിവസം കഴിഞ്ഞതിന് ശേഷമാണ് നിലവില്‍ സൗദി അറേബ്യയില്‍ ഹുറൂബ് (ആപ്‌സന്റ് ഫ്രം വര്‍ക്ക്) സ്റ്റാറ്റസ് വരുന്നത്. തൊഴിലാളി സ്വന്തമോ അല്ലെങ്കില്‍ സ്ഥാപനം നേരിട്ടോ തൊഴില്‍ കരാര്‍ റദ്ദാക്കിയാല്‍ 60 ദിവസത്തിനുള്ളില്‍ ഫൈനല്‍ എക്‌സിറ്റില്‍ രാജ്യത്തിന് വിടുകയോ അല്ലെങ്കില്‍ പുതിയ തൊഴിലുടമയെ കണ്ടെത്തി സ്‌പോണ്‍സര്‍ഷിപ്പ് മാറ്റുകയോ വേണം. ഇല്ലെങ്കില്‍ 60 ദിവസം കഴിഞ്ഞാല്‍ ഹുറൂബ് ആകും. ഇങ്ങനെ ഹുറൂബ് ആകുന്നവര്‍ക്ക് എംബസികള്‍ വഴി ഫൈനല്‍ എക്‌സിറ്റ് ലഭിച്ചിരുന്നു. സ്‌പോണ്‍സര്‍ഷിപ്പ് മാറ്റമോ ഇഖാമ പുതുക്കലോ റീ എന്‍ട്രിയോ ലഭിച്ചിരുന്നില്ല. നിയമപ്രശ്‌നം കാരണം നിരവധി പേര്‍ പ്രതിസന്ധിയിലായിരുന്നു. ഈ പ്രതിസന്ധിക്കാണ് ഇപ്പോള്‍ പരിഹാരമായിരിക്കുന്നത്. 60 ദിവസമാണ് ഈ ആനുകൂല്യമുള്ളത്.