ദുബായ്: ദുബായിൽ വിസ കാലാവധി തീരാറായ സന്ദർശകർ ഉപയോഗിക്കുന്ന ‘എയർപോർട്ട്-ടു-എയർപോർട്ട് വിസ (എടുഎ വിസ) മാറ്റ സൗകര്യം താൽകാലികമായി അവസാനിപ്പിച്ചതായി അധികൃതർ.
സന്ദർശകരെ അപേക്ഷകന്‍റെ മാതൃരാജ്യത്തേക്ക് മടങ്ങുന്നതിനുപകരം അടുത്തുള്ള രാജ്യം സന്ദർശിക്കുന്നതിന് ഒരു പുതിയ ടൂറിസ്റ്റ് വിസ വേഗത്തിൽ നേടാൻ സഹായിക്കുന്നതാണ് എയർപോർട്ട്-ടു-എയർപോർട്ട് വിസ മാറ്റം. സന്ദർശകർക്ക് ഒരേ ദിവസം തന്നെയോ അല്ലെങ്കിൽ അയൽരാജ്യത്ത് ഒരു രാത്രി ചെലവഴിച്ച് അടുത്ത ദിവസം മടങ്ങുന്ന വിധത്തിലോ വിസ ലഭ്യമാകും. ഏകദേശം നാല് മണിക്കൂർ സമയമെടുക്കുന്ന ഈ പ്രകിയക്ക് 1300- 1500 ദിർഹം ചിലവാക്കിയാൽ രണ്ട് മാസത്തെ സന്ദർശക വിസ ലഭ്യമായിരുന്നു.
എന്നാൽ, കഴിഞ്ഞ രണ്ടാഴ്ചയായി ഇത്തരത്തിൽ പുതുക്കാൻ പോയ ദുബായ് വീസക്കാർക്ക് പുതിയ വീസ ലഭിച്ചില്ല. അവർ, മാതൃ രാജ്യത്തേക്കു തന്നെ മടങ്ങേണ്ടി വന്നു. സ്വന്തം രാജ്യത്തു നിന്നു മാത്രമേ ഇവർക്ക് തിരികെ വരാൻ കഴിയൂ. ഇങ്ങനെയുള്ളവർ പുതിയ വീസയ്ക്ക് അപേക്ഷിക്കുമ്പോൾ 30 ദിവസത്തിനു ശേഷമാണ് അനുമതി ലഭിക്കുന്നതെന്നു ട്രാവൽസ് രംഗത്തുള്ളവർ പറഞ്ഞു. അതേസമയം, യുഎഇയിലെ മറ്റ് എമിറേറ്റുകളിൽ നിന്നുള്ള വീസക്കാർക്ക് നിലവിലെ സൗകര്യം ലഭ്യമാകുന്നുണ്ട്.
നിലവിൽ 30 ദിവസത്തേക്ക് വിസ വിപുലീകരണം യുഎഇ യിൽ സാധ്യമാണ്. രാജ്യത്തിനകത്ത് നിന്ന് ഒരു വിസ നീട്ടുന്നതിന് ഏകദേശം 1050 ദിർഹമാണ് ചെലവഴിക്കേണ്ടത്.
യുഎഇയിൽ നിന്നുകൊണ്ട് ഒരു മാസത്തെ വീസ പുതുക്കുന്ന പണമുണ്ടെങ്കിൽ രണ്ടു മാസത്തെ വീസയുമായി മടങ്ങാം എന്നതാണ് രാജ്യം വിടാൻ സന്ദർശകരെ പ്രേരിപ്പിക്കുന്നത്.