ദുബൈ: ദുബൈയിലേക്ക് സന്ദർശകവിസ ലഭിക്കാനുള്ള നടപടികൾ കർശനമാക്കി. ക്യൂആർ കോഡുള്ള മടക്കായാത്രാ ടിക്കറ്റ്, ഹോട്ടൽ ബുക്കിങ് എന്നിവ അപേക്ഷയോടൊപ്പം നൽകണമെന്നാണ് പുതിയ നിർദേശം. ഈ രേഖകളില്ലാത്ത വിസാ അപേക്ഷകൾ നിരസിക്കപ്പെടുകയാണെന്ന് ട്രാവൽ രംഗത്തുള്ളവർ പറഞ്ഞു. വിവിധ ആവശ്യങ്ങൾക്കായി വിസിറ്റ് വിസയിൽ ദുബൈയിലേക്ക് വരുന്ന നിരവധി പേരെ ഈ മാറ്റം ബാധിക്കും.
വിസിറ്റ് വിസയിൽ വരുന്നവർക്ക് മടക്കയാത്ര ടിക്കറ്റും താമസരേഖകളും നേരത്തേ നിർബന്ധമാണ്. പക്ഷേ, വിസക്ക് അപേക്ഷിക്കുന്ന സമയത്ത് തന്നെ ഈ രേഖകൾ സമർപ്പിക്കേണ്ടതില്ലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം മുതൽ ക്യൂആർ കോഡുള്ള മടക്കയാത്രാ ടിക്കറ്റും ക്യൂ.ആർ. കോഡുള്ള ഹോട്ടൽ ബുക്കിങ് രേഖകളും അപേക്ഷയോടൊപ്പം സമർപ്പിക്കാൻ നിർദേശമുണ്ടെന്ന് ട്രാവൽ ആൻഡ് ടൂറിസം രംഗത്തുള്ളവർ പറയുന്നു. വിസിറ്റ് വിസ കാലാവധി കഴിഞ്ഞവർ അയൽരാജ്യങ്ങളിലേക്ക് പോയി പുതിയ സന്ദർശക വിസയിൽ വരുന്ന നടപടികളെയും ഇത് ബാധിച്ചിട്ടുണ്ട്.
വിസിറ്റ് വിസ സേവനദാതാക്കൾ ലഭിച്ച നിർദേശത്തിനപ്പുറം നിയമം കർശനമാക്കിയെന്ന് ഔദ്യോഗിക അറിയിപ്പുകൾ പുറത്തുവന്നിട്ടില്ല. എന്നാൽ, പുതിയ ചട്ടം പാലിക്കാത്ത അപേക്ഷകൾ കൂട്ടത്തോടെ നിരസിക്കപ്പെടുന്നുണ്ട്. യു.എ.ഇയിലെ വിവിധ വിമാനത്താവളങ്ങളിൽ സന്ദർശക വിസയിലെത്തുന്നവരോടും ഇത്തരം രേഖകൾ ആവശ്യപ്പെടുന്നുണ്ട്. രേഖകൾ ഹാജരാക്കാൻ കഴിയാത്തവരിൽ പലർക്കും യു.എ.ഇയിലേക്ക് പ്രവേശനം അനുവദിക്കുന്നില്ലെന്നും റിപ്പോർട്ടുകളുണ്ട്.