റിയാദ് – സൗദിയില്‍ റോഡപകട മരണ നിരക്ക് 50 ശതമാനത്തിലേറെ കുറഞ്ഞതായി ഗതാഗത, ലോജിസ്റ്റിക്‌സ് സര്‍വീസ് മന്ത്രിയും റോഡ്‌സ് ജനറല്‍ അതോറിറ്റി ഡയറക്ടര്‍ ബോര്‍ഡ് പ്രസിഡന്റുമായ എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു. റിയാദില്‍ ദ്വിദിന റോഡ് സുരക്ഷാ, സുസ്ഥിരതാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. സൗദി കിരീടാവകാശിയും പ്രധാനമന്ത്രിയുമായ മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്‍ 2021 ല്‍ ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രം പ്രഖ്യാപിച്ചതു മുതല്‍ റോഡ് ശൃംഖലകളിലെ ഗുണനിലവാരവും സുരക്ഷയും ഉയര്‍ത്തുന്ന തലത്തിൽ റോഡ് മേഖലയില്‍ രാജ്യം വലിയ നേട്ടങ്ങളും വിജയങ്ങളും കൈവരിച്ചു. റോഡപകടങ്ങളിലെ മരണ നിരക്ക് കുറക്കുന്നതുമായി ബന്ധപ്പെട്ട് ദേശീയ ഗതാഗത, ലോജിസ്റ്റിക്‌സ് തന്ത്രത്തില്‍ നിര്‍ണയിച്ച ലക്ഷ്യം മറികടക്കാന്‍ ഇതിനകം സാധിച്ചു.
നൂതന പദ്ധതികളിലൂടെ ഗതാഗത സുരക്ഷാ നിലവാരം വര്‍ധിപ്പിക്കാനുള്ള സൗദി അറേബ്യയുടെ പ്രതിബദ്ധതയാണ് ഇത് പ്രതിഫലിപ്പിക്കുന്നത്. റോഡ് ശൃംഖല കണക്ടിവിറ്റിയുടെ കാര്യത്തില്‍ സൗദി അറേബ്യ ലോകത്ത് ഒന്നാം സ്ഥാനത്താണ്. ഇത് ഉയര്‍ന്ന സുരക്ഷാ മാനദണ്ഡങ്ങള്‍ക്കനുസൃതമായി സുസ്ഥിര വികസനം പ്രോത്സാഹിപ്പിക്കാന്‍ സഹായിക്കുന്നു. റോഡ് കൂളിംഗ് സാങ്കേതികവിദ്യ, റബ്ബര്‍ റോഡുകളുടെ ഉപയോഗം തുടങ്ങി റോഡ് മേഖലയില്‍ നിരവധി നൂതന ശാസ്ത്രീയ ആശയങ്ങള്‍ നടപ്പാക്കുന്ന മധ്യപൗരസ്ത്യ ദേശത്തെ ആദ്യത്തെ രാജ്യമാണ് സൗദി അറേബ്യ. ജി-20 രാജ്യങ്ങളില്‍ റോഡ് ഗുണനിലവാര സൂചികയില്‍ സൗദി അറേബ്യക്ക് നാലാം സ്ഥാനത്തേക്ക് മുന്നേറാന്‍ സാധിച്ചതായും എന്‍ജിനീയര്‍ സ്വാലിഹ് അല്‍ജാസിര്‍ പറഞ്ഞു.
ലോകത്തിലെ ഏറ്റവും വലിയ സര്‍വേയുടെ ഫലങ്ങള്‍ അനുസരിച്ച് സൗദിയിലെ 77 ശതമാനം റോഡുകളും സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കുന്നതായി സമ്മേളനത്തില്‍ സംസാരിച്ച റോഡ്‌സ് ജനറല്‍ അതോറിറ്റി ആക്ടിംഗ് സി.ഇ.ഒ ബദ്ര്‍ അല്‍ദലാമി പറഞ്ഞു. ഇന്റര്‍നാഷണല്‍ റോഡ് ഫെഡറേഷനുമായുള്ള പങ്കാളിത്തത്തിലൂടെ റോഡ്‌സ് ജനറല്‍ അതോറിറ്റി റിയാദില്‍ സംഘടിപ്പിക്കുന്ന ദ്വിദിന സമ്മേളനത്തില്‍ ബഹുരാഷ്ട്ര കമ്പനികള്‍ അടക്കം 50 ലേറെ രാജ്യങ്ങളില്‍ നിന്നുള്ള ആയിരത്തിലേറെ വിദഗ്ധര്‍ പങ്കെടുക്കുന്നുണ്ട്.