റിയാദ്: റിയാദ് നഗരത്തിലെ വാണിജ്യ തെരുവുകളിലും പാർപ്പിട പരിസരങ്ങളിലും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനുള്ള ഫീസ് ഈടാക്കുന്ന പദ്ധതിക്ക് നാളെ (ശനി) ഹയ്യുൽ വുറൂദിൽ ഔദ്യോഗിക തുടക്കമാവും. തലസ്ഥാന നഗരിയിലെ ജനജീവിതത്തിന്റെ ഗുണനിലവാരം വർധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെയാണ് റിയാദ് പാർക്കിംഗ് എന്ന പേരിൽ പദ്ധതി നടപ്പാക്കുന്നതെന്ന് റിയാദ് മുനിസിപ്പാലിറ്റി വ്യക്തമാക്കി.
അമീർ അഹമ്മദ് ബിൻ അബ്ദുൽ അസീസ് സ്ട്രീറ്റ്, അമീർ സുൽത്താൻ ബിൻ സൽമാൻ സ്ട്രീറ്റ് എന്നീ റോഡുകളിലാണ് ശനിയാഴ്ച മുതൽ ഫീസ് ഈടാക്കുന്നത്. ക്രമരഹിതമായ പാർക്കിംഗും പാർപ്പിട പരിസരങ്ങളിലേക്ക് വാഹനങ്ങളുടെ തളളിക്കയറ്റവും കുറക്കാൻ ഇതുവഴി സാധ്യമാകുമെന്ന് പ്രതീക്ഷിക്കുന്നു.
ഈ ഭാഗത്തെ താമസക്കാർക്ക് റിയാദ് പാർക്കിംഗ് സംവിധാനവുമായി സഹകരിച്ച് പ്രത്യേക പാസുകൾ നൽകും. അതുപയോഗിച്ച് ഈ ഭാഗങ്ങളിൽ അവർക്ക് വാഹനം പാർക്ക് ചെയ്യാവുന്നതാണ്.
ആദ്യ ഘട്ടത്തിൽ നഗരത്തിലെ 12 പ്രദേശങ്ങളിലാണ് ഘട്ടംഘട്ടമായി സ്മാർട്ട് പാർക്കിംഗ് സൗകര്യം ഏർപ്പെടുത്തുക. പാർപ്പിട ഏരിയകളിൽ നിയന്ത്രിത പാർക്കിംഗ്, വാണിജ്യ തെരുവുകളിലെ പാർക്കിംഗ് എന്നിങ്ങനെ രണ്ടു വിധത്തിലാണ് പാർക്കിംഗ് ക്രമീകരിച്ചിരിക്കുന്നത്. നിയന്ത്രിത പാർക്കിംഗുകളിൽ താമസക്കാരുടെയും അവരുടെ സന്ദർശകരുടെയും വാഹനങ്ങൾ പാർക്ക് ചെയ്യുന്നതിനും സൗകര്യമുണ്ടാകും.
ശനി മുതൽ വ്യാഴം വരെ ദിവസങ്ങളിൽ രാവിലെ ഏഴു മുതൽ രാത്രി പത്ത് വരെ സമയങ്ങളിൽ വാഹനങ്ങൾ താമസ ഏരിയകളിൽ പാർക്ക് ചെയ്യുന്നത് അതത് താമസക്കാർ പ്രത്യേക പാസ് എടുക്കേണ്ടിവരും. ഇതുവരെ പരീക്ഷണാടിസ്ഥാനത്തിലായിരുന്നു ഇവിടെ പാർക്കിംഗ് സൗകര്യമേർപ്പെടുത്തിയിരുന്നത്. റിയാദ് പാർക്കിംഗ്‌സിന്റെ വെബ്‌സൈറ്റ് അഞ്ച് ലക്ഷം പേർ ഇതിനകം സന്ദർശിച്ചു. ഏഴായിരത്തോളം പേർ പാർക്കിംഗ് സൗകര്യം ഉപയോഗപ്പെടുത്തി.