ജിദ്ദ – സൗദിയിലെ മോശം തൊഴില്‍ സാഹചര്യമാണെന്നും ഇതുകാരണം കാരണം മരണപ്പെടുന്ന തൊഴിലാളികളുടെ എണ്ണം വര്‍ധിക്കുന്നതായും പ്രചരിക്കുന്ന റിപ്പോര്‍ട്ടുകള്‍ ശരിയല്ലെന്ന് നാഷണല്‍ കൗണ്‍സില്‍ ഫോര്‍ ഒക്യുപ്പേഷനല്‍ സേഫ്റ്റി ആന്റ് ഹെല്‍ത്ത് പറഞ്ഞു. വിഷന്‍ 2030 സംരംഭങ്ങള്‍ സൗദിയില്‍ എല്ലാ വികസന പ്രോഗ്രാമുകളുടെയും പദ്ധതികളുടെയും കേന്ദ്രബിന്ദുവായി മനുഷ്യനെ മാറ്റിയിട്ടുണ്ട്. തൊഴില്‍ ആരോഗ്യ സുരക്ഷക്കുള്ള നാഷണല്‍ സ്ട്രാറ്റജിക് പ്രോഗ്രാം ഇനീഷ്യേറ്റീവ് 2017 ല്‍ അംഗീകരിച്ചിട്ടുണ്ട്.
ജോലിസ്ഥലത്തെ തൊഴില്‍ സുരക്ഷയും ആരോഗ്യവുമായി ബന്ധപ്പെട്ട നിയമങ്ങളും നിയമനിര്‍മാണങ്ങളും അവലോകനം ചെയ്യാനും വികസിപ്പിക്കാനും ഈ ഇനീഷ്യേറ്റീവിലൂടെ ലക്ഷ്യമിടുന്നു.
മുഴുവന്‍ ജീവനക്കാര്‍ക്കും ആരോഗ്യ പരിചരണം, പ്രതിരോധം, ചികിത്സ എന്നിവ നല്കുന്ന സമഗ്രമായ മെഡിക്കല്‍ ഇന്‍ഷുറന്‍സ് ഏര്‍പ്പെടുത്താന്‍ തൊഴിലുടമയെ രാജ്യത്തെ നിയമം നിര്‍ബന്ധിക്കുന്നു. വേനല്‍ക്കാലത്ത് മധ്യാഹ്ന സമയത്ത് തുറസ്സായ സ്ഥലത്ത് വെയിലേല്‍ക്കുന്ന നിലയില്‍ തൊഴിലാളികളെ കൊണ്ട് ജോലി ചെയ്യിക്കുന്നതിനും വിലക്കുണ്ട്.
രാജ്യത്ത് നിലവിലുള്ള എല്ലാ നിയമങ്ങളിലും ചട്ടങ്ങളിലും തൊഴിലാളികളുടെ സുരക്ഷയും ആരോഗ്യവും അടിസ്ഥാന മുന്‍ഗണനകളില്‍ ഒന്നാണ്. സൗദിയില്‍ തൊഴില്‍ സാഹചര്യങ്ങള്‍ കാരണമായ മരണ നിരക്ക് ഒരു ലക്ഷം പേര്‍ക്ക് 1.12 ല്‍ കവിയില്ല. ഇന്റര്‍നാഷണല്‍ ലേബര്‍ ഓര്ഗനൈസേഷന് വെബ്സൈറ്റ് പ്രകാരം തൊഴില്‍ സാഹചര്യങ്ങള്‍ മൂലമുള്ള ഏറ്റവും കുറഞ്ഞ ആഗോള മരണ നിരക്കുകളില്‍ ഒന്നാണിത്.
തൊഴില്‍ സുരക്ഷയും ആരോഗ്യവും മെച്ചപ്പെടുത്തുന്നതിലും വികസിപ്പിക്കുന്നതിലും സൗദി അറേബ്യ വലിയ മുന്നേറ്റം നടത്തുകയും ശ്രദ്ധേയമായ നേട്ടങ്ങള്‍ കൈവരിക്കുകയും ചെയ്തിട്ടുണ്ട്. ദേശീയ തലത്തില്‍ തൊഴില്‍ അപകടങ്ങളും പരിക്കുകളും പരിമിതപ്പെടുത്തുന്നതിലും രാജ്യം വിജയിച്ചു. ഇക്കാര്യത്തില്‍ ഇന്റര്‍നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ റിസ്ക് ആന്റ് സേഫ്റ്റി മാനേജ്മെന്റും ബ്രിട്ടീഷ് സേഫ്റ്റി കൗണ്‍സിലും പോലുള്ള മറ്റു അന്താരാഷ്ട്ര സ്ഥാപനങ്ങളും സൗദി അറേബ്യയെ അഭിനന്ദിച്ചിട്ടുണ്ടെന്നും കൗണ്‍സില്‍ പറഞ്ഞു.