ദുബായ്: കൗമാര പ്രായക്കാര്‍ക്കിടയില്‍ വര്‍ധിച്ചുവരുന്ന ഇ-സിഗരറ്റ് വലി ശീലം (വെയ്പിംഗ്) ഗുരുതരമായ ആരോഗ്യ പ്രത്യാഘാതങ്ങളുണ്ടാക്കുമെന്നും പ്രധാന ആന്തരാവയവങ്ങളെ തകര്‍ക്കുമെന്നും ഡോക്ടര്‍മാരുടെ മുന്നറിയിപ്പ്. ഇതു വലിക്കുന്നത് അവയവങ്ങളിലേക്കുള്ള ഓക്സിജന്‍ വിതരണം തടസ്സപ്പെടുത്തുകയും ആന്തരാവയവങ്ങള്‍ക്ക് ദീര്‍ഘകാല പരിക്കേല്‍ക്കാന്‍ ഇടയാക്കുകയും ചെയ്യുന്നുവെന്നാണ് യുഎഇയിലെ ഡോക്ടര്‍മാര്‍ മുന്നറിയിപ്പു നല്‍കുന്നത്.
ഇ-സിഗരറ്റുകളില്‍ ഉയര്‍ന്ന അളവില്‍ നിക്കോട്ടിന് അടങ്ങിയിട്ടുണ്ട്. ഇതുപയോഗിക്കുന്നവര്‍ വേഗത്തില്‍ വലിക്ക് അടിമയായി മാറുന്നു. ഉയര്‍ന്ന അളവിലുള്ള നിക്കോട്ടിന് അകത്തെത്തുന്നത് മസ്തിഷ്ക വികസനത്തെ തടയുകയും പ്രവര്‍ത്തനത്തെ ബാധിക്കുകയും ചെയ്യുമെന്ന് തുംബേ യൂനിവേഴ്സിറ്റി ഹോസ്പിറ്റലിലെ ഡോ. മുഹമ്മദ് സൈഫുദ്ദീന് അബ്ദുര്‍റഹ്മാന്‍ മുഹമ്മദ് പറയുന്നു.
ഒറ്റത്തവണ ഉപയോഗിക്കാവുന്ന വെയ്പ്സിന് (ഇ-സിഗരറ്റ്) 2025 ജൂണ്‍ ഒന്നു മുതല്‍ ബ്രിട്ടന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇതോടെയാണ് ഈ ഉപകരണം ഉണ്ടാക്കുന്ന ഗുരുതര ആരോഗ്യ പ്രശ്നങ്ങള്‍ വീണ്ടും ചര്‍ച്ചയായത്. യുവജനങ്ങളില്‍ ഈ വലി ശീലം വര്‍ധിച്ചു വരുന്നതിനെ തുടര്‍ന്നാണ് ബ്രിട്ടനില്‍ നിരോധനമേര്‍പ്പെടുത്തുന്നത്. വിവിധ കളറുകളിലും രുചികളിലും ലഭിക്കുന്ന ഇ-സിഗരറ്റുകല്‍ കുട്ടികള്‍ക്കിടയിലും വ്യാപകമാകുന്നത് തടയുകയാണ് ലക്ഷ്യം.
ചെറു പ്രായത്തില്‍ തന്നെ ഇ-സിഗരറ്റ് ഉപയോഗം പതിവാക്കുന്നവര്‍ക്ക് ഭാവിയില്‍ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങളുണ്ടാകുമെന്നാണ് ആരോഗ്യ വിദഗ്ധരുടെ മുന്നറിയിപ്പ്. യുഎഇയില്‍ ഇതുപയോഗിക്കാനുള്ള നിയപരമായ പ്രായപരിധി 18 വയസ്സാണെങ്കിലും റീട്ടെയില്‍ സ്റ്റോറുകളിലും പെട്രോള്‍ പമ്പുകളിലും ഇവ സുലഭമാണ്. കൂടെയുള്ളവര്‍ ഇതുപയോഗിക്കുന്നതും, പരീക്ഷിച്ചു നോക്കാനുള്ള ആഗ്രഹവുമാണ് പല കൗമാര പ്രായക്കാരേയും ഇതിന്റെ ഉപയോഗത്തിലേക്കെത്തിക്കുന്നത്.