അബുദാബി – ട്രാഫിക് നിയമ ലംഘകര്‍ക്ക് കൂടുതല്‍ കടുത്ത ശിക്ഷകള്‍ വ്യവസ്ഥ ചെയ്യുന്ന പുതിയ ട്രാഫിക് നിയമം യു.എ.ഇ ഗവണ്‍മെന്റ് ഇന്ന് പ്രഖ്യാപിച്ചു. പ്രത്യേകം നിര്‍ണയിച്ചതല്ലാത്ത സ്ഥലങ്ങളില്‍ റോഡ് മുറിച്ചുകടക്കുന്നതിന്റെ ഫലമായി വാഹനാപകടമുണ്ടായാല്‍ നിയമ ലംഘകര്‍ക്ക് 5,000 ദിര്‍ഹം മുതല്‍ 10,000 ദിര്‍ഹം വരെ പിഴ ലഭിക്കും. നമ്പര്‍ പ്ലേറ്റ് ദുരുപയോഗത്തിന് തടവു ശിക്ഷയും 20,000 ദിര്‍ഹമില്‍ കുറയാത്ത പിഴയും മദ്യലഹരിയില്‍ വാഹനമോടിക്കുന്നതിന് 20,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും തടവു ശിക്ഷയും മയക്കുമരുന്ന് ലഹരിയില്‍ വാഹനമോടിക്കുന്നതിന് തടവു ശിക്ഷയും 30,000 ദിര്‍ഹം മുതല്‍ രണ്ടു ലക്ഷം ദിര്‍ഹം വരെ പിഴയും ലഭിക്കും.
സസ്‌പെന്റ് ചെയ്ത ലൈസന്‍സ് ഉപയോഗിച്ച് വാഹനമോടിക്കുന്നവര്‍ക്ക് മൂന്നു മാസത്തില്‍ കവിയാത്ത തടവു ശിക്ഷയും 10,000 ദിര്‍ഹമില്‍ കുറയാത്ത പിഴയുമാണ് പുതിയ നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. അപകട സ്ഥലത്തു നിന്ന് രക്ഷപ്പെടുന്നവര്‍ക്ക് ഒരു വര്‍ഷത്തില്‍ കവിയാത്ത തടവും 50,000 ദിര്‍ഹം മുതല്‍ ഒരു ലക്ഷം ദിര്‍ഹം വരെ പിഴയും ശിക്ഷ ലഭിക്കും. അശ്രദ്ധമായ ഡ്രൈവിംഗ് കാരണം മറ്റൊരാളുടെ മരണത്തിന് ഇടയാക്കുന്നവര്‍ക്ക് തടവും 50,000 ദിര്‍ഹമില്‍ കുറയാത്ത പിഴയും ലഭിക്കും. പ്രളയത്തിനിടെ താഴ്‌വരയിലൂടെ വാഹമോടിക്കല്‍ പോലെ ഗുരുതരമായ സാഹചര്യങ്ങളിലാണ് ഇത്തരം സംഭവങ്ങള്‍ നടക്കുന്നതെങ്കില്‍ നിയമ ലംഘകര്‍ക്ക് മിനിമം ഒരു വര്‍ഷം തടവും ഒരു ലക്ഷം ദിര്‍ഹമില്‍ കുറയാത്ത പിഴയുമാണ് ശിക്ഷ ലഭിക്കുക. ഡ്രൈവിംഗ് ലൈസന്‍സിനുള്ള കുറഞ്ഞ പ്രായം 17 ആയി കുറച്ചിട്ടുമുണ്ട്. നിലവില്‍ ഇത് 18 വയസ് ആണ്.