റിയാദ്: സൗദിയിലേക്ക് മയക്കുമരുന്ന് കടത്തുകയും വ്യാപാരം നടത്തുകയും ചെയ്യുന്ന വന്‍ ശൃംഖല തകര്‍ത്തതായി സൗദി ആഭ്യന്തര മന്ത്രാലയം. സൗദി തലസ്ഥാനമായ റിയാദിലേക്ക് പരിസര പ്രദേശങ്ങളിലേക്കും മയക്കുമരുന്ന് കടത്തുന്നതിനും അവ വില്‍പ്പനയ്ക്കായി ഡീലര്‍മാര്‍ക്ക് എത്തിച്ചു നല്‍കുന്നതിനും നേതൃത്വം നല്‍കിവന്നിരുന്ന സംഘത്തെയാണ് സുപ്രധാന നടപടിയിലൂടെ അധികൃതര്‍ കണ്ടെത്തി തകര്‍ത്തത്.
ഇതുമായി ബന്ധപ്പെട്ട് ലഭിച്ച രഹസ്യ സൂചനകളുടെ അടിസ്ഥാനത്തില്‍ രാജ്യത്തെ സുരക്ഷാ ഏജന്‍സികള്‍ നടത്തിയ നിരീക്ഷണത്തിന്റെയും അന്വേഷണത്തിന്റെയും ഫലമായാണ് രാജ്യത്ത് മയക്കുമരുന്ന് വ്യാപാരത്തിന്റെ പ്രധാന കണ്ണിയായി പ്രവര്‍ത്തിക്കുന്ന ശൃംഖലയെ കണ്ടെത്താനായത്. ആഭ്യന്തര മന്ത്രാലയത്തിന്റെ കീഴിലുള്ള ജനറല്‍ ഡയറക്ടറേറ്റ് ഓഫ് നാര്‍ക്കോട്ടിക് കണ്‍ട്രോളിന്റെ നേതൃത്വത്തില്‍ രാജ്യത്തെ മറ്റ് സുരക്ഷാ – അന്വേഷണ ഏജന്‍സികളുടെ സഹകരണത്തോടെയായിരുന്നു നടപടി.
ഈ ശൃംഖലയുടെ ഭാഗമായി പ്രവര്‍ത്തിക്കുന്ന 21 പേരെ ഇതിനകം അറസ്റ്റ് ചെയ്തതായും സൗദി സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇവരില്‍ വിവിധ മന്ത്രാലയങ്ങളില്‍ നിന്നുള്ള 16 ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്നുവെന്ന് ആഭ്യന്തര മന്ത്രാലയത്തിലെ ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. കൃത്യമായ നിരീക്ഷണത്തിലൂടെ പ്രതികള്‍ക്കെതിരേ വ്യക്തമായ തെളിവുകള്‍ ശേഖരിച്ച ശേഷമാണ് ഇവരെ അറസ്റ്റ് ചെയ്യുകയും പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്യുകയും ചെയ്തത്. ആഭ്യന്തര മന്ത്രാലയം, ദേശീയ ഗാര്‍ഡ് മന്ത്രാലയം, പ്രതിരോധ മന്ത്രാലയം, മുനിസിപ്പാലിറ്റി, ഭവന മന്ത്രാലയം, നീതിന്യായ മന്ത്രാലയം എന്നിവയിലെ ഉദ്യോഗസ്ഥരും അറസ്റ്റിലായവരില്‍ ഉള്‍പ്പെടുമെന്ന് സുരക്ഷാ വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.
രാജ്യത്തിന് പുറത്ത് നിന്ന് മയക്കുമരുന്ന് കടത്തുന്നത് പോലുള്ള കുറ്റകൃത്യങ്ങളില്‍ പ്രതികളാണ് അറസ്റ്റിലായവര്‍. വിവിധ കേസുകളില്‍ പിടികൂടിയ മയക്കുമരുന്ന് അധികാരികള്‍ നശിപ്പിക്കുന്നതിന് മുമ്പ് സമാനമായവ മറ്റെന്തെങ്കിലും പകരം വച്ച ശേഷം അവ സൂക്ഷിപ്പ് കേന്ദ്രത്തില്‍ നിന്ന് പുറത്തേക്കു കടത്തിയും ഇവര്‍ വില്‍പ്പന നടത്തിയതായി അന്വേഷണത്തില്‍ കണ്ടെത്തി. ഔദ്യോഗിത സ്ഥാനങ്ങള്‍ ഉപയോഗിച്ച് മയക്കുമരുന്ന് കടത്തിന് ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കിക്കൊടുക്കുക, ആവശ്യമായ സഹായം ചെയ്യുക, മയക്കുമരുന്ന് കേസുകളില്‍ പ്രതികള്‍ നടത്തിയ ഇടപാടുകളുടെ തെളിവുകള്‍ നശിപ്പിക്കുക, അവരുടെ ശിക്ഷാവിധി സംബന്ധിച്ച വിവരങ്ങള്‍ ചോര്‍ത്തുക, മയക്കുമരുന്ന് വിതരണത്തിനും കടത്തിനുമെതിരായ ഔദ്യോഗിക നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ സംഘത്തിലുള്ളവര്‍ക്ക് ചോര്‍ത്തി നല്‍കുക തുടങ്ങിയ കുറ്റങ്ങളിലും ഇവര്‍ ഏര്‍പ്പെട്ടിരുന്നതായി അധികൃതര്‍ കണ്ടെത്തി.
രാജ്യത്തിന്റെ സുരക്ഷയെയും സ്ഥിരതയെയും പൗരന്മാരുടെയും പ്രവാസികളുടെയും സുരക്ഷയെയും അട്ടിമറിക്കാന്‍ ശ്രമിക്കുന്ന ആരെയും വെറുതെ വിടില്ലെന്നും അവരെ കണ്ടെത്തി മാതൃകാപരമായ ശിക്ഷ നല്‍കുമെന്നും ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ വ്യക്തമാക്കി. രാജ്യത്തിന്റെയും ജനങ്ങളുടെയും സുരക്ഷയെ അപകടപ്പെടുത്തുന്ന രീതിയില്‍ മയക്കുമരുന്ന് വ്യാപനം ലക്ഷ്യമിടുന്ന എല്ലാ ക്രിമിനല്‍ പദ്ധതികള്‍ക്കെതിരെയും നടപടികള്‍ ശക്തമാക്കുമെന്നും മന്ത്രാലയം അറിയിച്ചു.