റിയാദ്: വൈദ്യുത, വെള്ളം ബില്ലുകൾ വാടകകരാറുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടികൾ തുടങ്ങി. പൗരന്മാരുടെയും താമസക്കാരുടെയും അവകാശങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് നടപടി. വൈദ്യുത, വെള്ളം മീറ്ററുകൾ ഈജാറിലൂടെ യഥാർത്ഥ ഗുണഭോക്താവുമായി ബന്ധിപ്പിക്കുന്നതിനുള്ള നടപടിക്രമങ്ങൾ ആരംഭിക്കാൻ സഊദി ഇലക്ട്രിസിറ്റി റെഗുലേറ്ററി അതോറിറ്റിയും സൗദി വാട്ടർ അതോറിറ്റിയും വൈദ്യുതി, ജല സേവന ദാതാക്കളോട് നിർദ്ദേശിച്ചു. സേവന ദാതാക്കൾ നൽകുന്ന എല്ലാ സേവനങ്ങളിൽ നിന്നും ഇവർക്ക് പ്രയോജനം നേടുന്നതിനും പുതിയ സംവിധാനം സഹായകമാകും.
റിയൽ എസ്റ്റേറ്റ് ബ്രോക്കർ മുഖേന കെട്ടിട/ ഫ്ലാറ്റ് കരാർ നൽകുമ്പോൾ മീറ്റർ ഡാറ്റ പുതിയ വാടകക്കാരനുമായി ലിങ്ക് ചെയ്യപ്പെടും. വാടകക്കാരൻ്റെ ഇഖാമ/ബത്താഖയുമായി ബന്ധിപ്പിക്കുന്ന മീറ്റർ കണക്ഷനുകൾ, കരാർ കാലാവധി അവസാനിക്കുന്നതോടെ ഒഴിവാക്കപ്പെടുകയും ചെയ്യും. ഇതോടെ, ഉടമകളും വാടകക്കാരും തമ്മിലുള്ള ഇത് സംബന്ധമായ സാമ്പത്തിക തർക്കങ്ങൾ ഇല്ലാതാക്കും.
ഗുണഭോക്താക്കൾക്കുള്ള ഡോക്യുമെൻ്റേഷൻ പ്രക്രിയ സുഗമമാക്കുന്നതിന്, സഊദി ഡാറ്റ ആൻഡ് ആർട്ടിഫിഷ്യൽ ഇൻ്റലിജൻസ് അതോറിറ്റി (എസ്ഡിഎഐഎ) തവക്കൽന ആപ്ലിക്കേഷൻ വഴി മീറ്റർ രേഖപ്പെടുത്തുന്നത് സാധ്യമാക്കിയിട്ടുണ്ട്. സേവനദാതാക്കളുടെ (സഊദി ഇലക്‌ട്രിസിറ്റി കമ്പനി, നാഷണൽ വാട്ടർ കമ്പനി, മറാഫിക് കമ്പനി) ഡിജിറ്റൽ ചാനലുകൾ ഉപയോഗിച്ച് ഗുണഭോക്താവിന് ഇതേ നടപടിക്രമം നടത്താനാകും.
ഗുണഭോക്താക്കൾക്ക് നൽകുന്ന സേവനങ്ങൾ വികസിപ്പിക്കുന്നതിനുള്ള “മൈ മീറ്റർ” എന്ന ടൈറ്റിലിന് കീഴിലുള്ള സംയോജിത സർക്കാർ ശ്രമങ്ങളുടെ ഭാഗമായാണ് ഈ നടപടി. മീറ്ററുകൾ മാറ്റാൻ മുൻകൈയെടുക്കാത്തത് ഗുണഭോക്താവിന് നൽകുന്ന സേവനത്തിൻ്റെ തുടർച്ചയെ ബാധിക്കുമെന്നും സേവനദാതാക്കൾ നൽകുന്ന അധിക സേവനങ്ങളിൽ നിന്ന് പ്രയോജനം നേടുന്നതിൽ നിന്ന് തടയുമെന്നും വൈദ്യുതി, ജല അതോറിറ്റി ഊന്നിപ്പറഞ്ഞു.
ഡോക്യുമെൻ്റേഷൻ സംവിധാനങ്ങളെക്കുറിച്ച് ഗുണഭോക്താക്കൾക്ക് സംശയങ്ങൾ ഉണ്ടെങ്കിൽ, ലഭ്യമായ കോൾ സെൻ്ററുകളിലൂടെയും സോഷ്യൽ മീഡിയ അക്കൗണ്ടുകളിലൂടെയും സേവന ദാതാക്കളുമായി നേരിട്ട് ആശയവിനിമയം നടത്താമെന്ന് അവർ അഭിപ്രായപ്പെട്ടു.