ദമ്മാം: സേവന നിലവാരം മെച്ചപ്പെടുത്തുന്നതിന്റെ ഭാഗമായി സൗദിയിൽ പെട്രോൾ സ്റ്റേഷനുകളിൽ പരിശോധന കാമ്പയിൻ ആരംഭിച്ചു. പതിനൊന്ന് സർക്കാർ ഏജൻസികൾ സംയുക്തമായാണ് പരിശോധന സംഘടിപ്പിക്കുന്നത്. നഗരങ്ങളിലെയും ഗ്രാമ പ്രദേശങ്ങളിലെയും സ്റ്റേഷനുകളിൽ പരിശോധന നടക്കും. ഊർജ്ജ മന്ത്രാലയം നിർദ്ദേശിച്ച നിബന്ധനകൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പ് വരുത്തുകയാണ് ലക്ഷ്യം. രാജ്യത്തെ ഇന്ധന സ്റ്റേഷനുകൾ ആഗോള മാനദണ്ഡങ്ങൾക്കനുസൃതമായി പ്രവർത്തിപ്പിക്കുന്നതിനും വികസിപ്പിക്കുന്നതിനും ലക്ഷ്യമിട്ട് മന്ത്രാലയം പ്രഖ്യാപിച്ച നിബന്ധനകളാണ് പ്രധാനമായും ഉറപ്പ് വരുത്തുന്നത്.
സ്റ്റേഷനുകൾ പ്രവർത്തിക്കാനാവശ്യമായ സൗകര്യങ്ങൾ ഉണ്ടായിരിക്കുക, സ്റ്റേഷനുകൾ തമ്മിലുള്ള അകലം, ശുചിത്വം, പരിപാലനം, ഗുണനിലവാരം, ഉത്പന്നങ്ങളുടെ വിതരണം എന്നിവയാണ പ്രധാനമായും പരിശോധിക്കുന്നത്. സിവിൽ ഡിഫൻസ്, ടൂറിസം, ഗതാഗതം, ലോജിസ്റ്റിക്‌സ് ജനറൽ ഡയറക്ടറേറ്റ്, വാണിജ്യം, മുനിസിപ്പൽ, ഗ്രാമകാര്യം, ഹൗസിംഗ്, ഇസ്ലാമിക് അഫയേഴ്‌സ്, ആഭ്യന്തരം തുടങ്ങിയ മന്ത്രാലയങ്ങളുടെ സഹകരണത്തോടെ ഊർജ മന്ത്രാലയമാണ് പരിശോധന സംഘടിപ്പിക്കുന്നത്.