അബുദാബി: ഒമാനിലെ സോഹാര്‍ തുറമുഖത്തെ യുഎഇയുമായി ബന്ധിപ്പിക്കുന്ന 250 കോടി ഡോളറിന്റെ ഹഫീത്ത് റെയില്‍ ശൃംഖല പദ്ധതിയുടെ ബാങ്ക് ധനസഹായവുമായി ബന്ധപ്പെട്ട് ധാരണാപത്രത്തില്‍ ഒപ്പുവച്ചു. ഒമാനിലെയും യുഎഇയിലെയും പ്രാദേശിക, അന്താരാഷ്ട്ര ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതിക്കാവശ്യമായ ധനസഹായം നല്‍കുക. ഗ്ലോബല്‍ റെയില്‍ ട്രാന്‍സ്‌പോര്‍ട്ട് ഇന്‍ഫ്രാസ്ട്രക്ചര്‍ എക്‌സിബിഷന്‍ & കോണ്‍ഫറന്‍സ് – ഗ്ലോബല്‍ റെയില്‍ 2024 ന്റെ ഉദ്ഘാടന വേളയിലാണ് ബാങ്ക് ഫിനാന്‍സില്‍ കാര്യത്തില്‍ പ്രഖ്യാപനം നടത്തിയത്.
യുഎഇ പ്രസിഡന്‍ഷ്യല്‍ കോര്‍ട്ട് ഫോര്‍ ഡെവലപ്മെന്റ് ആന്‍ഡ് ഫാളന്‍ ഹീറോസ് അഫയേഴ്സ് ഡെപ്യൂട്ടി ചെയര്‍മാനും ഇത്തിഹാദ് റെയില്‍ ചെയര്‍മാനുമായ ശെയ്ഖ് തിയാബ് ബിന്‍ മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാന്റെ നേതൃത്വത്തിലായിരുന്നു ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനത്തില്‍ ഒപ്പുവച്ചത്. ഒമാനി എമിറാത്തി റെയില്‍വേ നെറ്റ്വര്‍ക്ക് പ്രോജക്റ്റ് ഒരു ഏകീകൃത ഗതാഗത, ലോജിസ്റ്റിക് ശൃംഖലയിലെ ആദ്യ കണ്ണിയായാണ് വിലയിരുത്തപ്പെടുന്നത്.
സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ്, ലീഡ് ഫിനാന്‍ഷ്യല്‍ അഡൈ്വസര്‍ എന്ന നിലയില്‍, 2023 മുതല്‍ പദ്ധതിയുടെ വികസനത്തിന് ആവശ്യമായ ഡെറ്റ് ഫണ്ടിംഗ് ശേഖരിക്കുന്നതില്‍ നിര്‍ണായക പങ്ക് വഹിച്ചു. ഫസ്റ്റ് അബുദാബി ബാങ്ക് സഹ-സാമ്പത്തിക ഉപദേശകനായി പ്രവര്‍ത്തിച്ചു. യുഎഇ, ഒമാനി, പ്രാദേശിക, അന്തര്‍ദേശീയ ബാങ്കുകളുടെ കണ്‍സോര്‍ഷ്യമാണ് പദ്ധതിക്കാവശ്യമായ 961 ദശലക്ഷം ഒമാന്‍ റിയാല്‍ അഥവാ 250 കോടി ഡോളര്‍ പ്രോജക്ട് ഫിനാന്‍സ് കടമായി കണ്ടെത്തിയത്. യുഎഇ-അബൂദാബി കൊമേഴ്സ്യല്‍ ബാങ്ക്, അറബ് ബാങ്ക്, കൊമേഴ്സ്യല്‍ ബാങ്ക് ഓഫ് ദുബായ്, ഫസ്റ്റ് അബൂദാബി ബാങ്ക്, നാഷണല്‍ ബാങ്ക് ഓഫ് കുവൈറ്റ്, സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക്, അബൂദാബി ഇസ്ലാമിക് ബാങ്ക്, ബാങ്ക് അജ്മാന്‍ എന്നിവയില്‍ നിന്നുള്ള ബാങ്കുകളുടെ കണ്‍സോര്‍ഷ്യം ഈ സാമ്പത്തിക കരാറില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. അഹ്ലി ബാങ്ക്, ബാങ്ക് ദോഫാര്‍, ബാങ്ക് മസ്‌കറ്റ്, നാഷണല്‍ ബാങ്ക് ഓഫ് ഒമാന്‍, ഒമാന്‍ അറബ് ബാങ്ക്, അഹ്ലി ഇസ്ലാമിക് ബാങ്ക്, ബാങ്ക് മസ്‌കറ്റ് (മീതാഖ് ഇസ്ലാമിക് ബാങ്കിംഗ്), ബാങ്ക് നിസ്വ, അലിസ് ഇസ്ലാമിക് ബാങ്ക് എന്നിവയുള്‍പ്പെടെ ഒമാനില്‍ നിന്നുള്ള ഒമ്പത് ബാങ്കുകളും കരാറില്‍ ഉള്‍പ്പെടുന്നു.
238 കിലോമീറ്റര്‍ നീളമുള്ള റെയില്‍വേ ശൃംഖലയില്‍ 60 പാലങ്ങള്‍, 2.5 കിലോമീറ്റര്‍ നീളമുള്ള തുരങ്കങ്ങള്‍ എന്നിവ ഉള്‍ക്കൊള്ളുന്നു. അഞ്ച് പ്രധാന തുറമുഖങ്ങളെയും രണ്ട് രാജ്യങ്ങളിലെയും വിവിധ വ്യാവസായിക, ഫ്രീ സോണുകളെയും ഇത് ബന്ധിപ്പിക്കും. ശൃംഖലയിലെ ഒരു ചരക്ക് ട്രെയിനിന് 15,000 ടണ്ണിലധികം ചരക്ക് അല്ലെങ്കില്‍ ഏകദേശം 270 സാധാരണ കണ്ടെയ്നറുകള്‍ വഹിക്കാന്‍ ശേഷിയുണ്ടാവും. ഇരുമ്പ്, ഉരുക്ക്, കൃഷി, ഭക്ഷണം, റീട്ടെയില്‍, ഇ-കൊമേഴ്സ്, പെട്രോകെമിക്കല്‍സ് തുടങ്ങിയ മേഖലകള്‍ക്ക് ഈ പുതിയ ശേഷിയുടെ പ്രയോജനം ലഭിക്കും. പ്രവര്‍ത്തനക്ഷമമായാല്‍, ചരക്ക് ട്രെയിനുകള്‍ മണിക്കൂറില്‍ 120 കിലോമീറ്റര്‍ വേഗതയില്‍ എത്തുന്നതോടെ അബുദാബിക്കും സോഹാറിനും ഇടയിലുള്ള യാത്രാ സമയം 100 മിനിറ്റായി കുറയ്ക്കാനാകും. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗതയില്‍ സഞ്ചരിക്കുന്ന ഒരു യാത്രാ ട്രെയിനില്‍ 400 യാത്രക്കാരെ ഉള്‍ക്കൊള്ളാനാവും.
ഒമാന്‍ സുല്‍ത്താന്‍ ഹൈതം ബിന്‍ താരിക്ക് കഴിഞ്ഞ മെയ് മാസത്തില്‍ നടത്തിയ യുഎഇ സന്ദര്‍ശനത്തിനിടെയാണ് ഹഫീത്ത് റെയിലുമായി ബന്ധപ്പെട്ട കാറില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചത്. പദ്ധതിക്ക് ഹഫീത്ത് റെയില്‍ എന്ന പേരു നല്‍കിയതും ഈ വേളയിലായിരുന്നു. ഒമാനിനും യുഎഇക്കും ഇടയിലുള്ള ജബല്‍ ഹഫീതിനെ സൂചിപ്പിച്ചാണ് ഈ പേര് നല്‍കിയത്. ജബല്‍ ഹഫീതിന്റെ തന്ത്രപ്രധാനമായ സ്ഥാനവും ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധത്തിന്റെ ചരിത്രപരമായ പ്രാധാന്യവും ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു ഈ നാമകരണം.