ദമ്മാം: ഹരിത കെട്ടിട നിർമാണത്തിനായി 18 ഫ്രഞ്ച് കമ്പനികൾ സൗദിയിൽ പ്രവർത്തനമാരംഭിക്കുന്നു. ഗ്രീൻ ബിൽഡിംഗിൽ അവഗാഹം നേടിയ ഫ്രഞ്ച് കമ്പനികളാണ് നൂതന നിർമാണ രീതിയുമായി സൗദിയിലെത്തുന്നത്. തദ്ദേശിയ നിർമാണ കമ്പനികളുമായി ചേർന്നാണ് പ്രവർത്തിക്കുക. സൗദി ആവിഷ്‌കരിച്ച സീറോ കാർബൺ കെട്ടിട പദ്ധതിയുടെ വ്യാപനം സാധ്യമാക്കുന്നതാണ് പുതിയ രീതി.
രാജ്യത്ത് നിർമിക്കുന്ന കെട്ടിടങ്ങൾ എക്കോ ഫ്രണ്ട്‌ലിയായി മാറ്റിയെടുക്കുകയാണ് മുഖ്യ ലക്ഷ്യം. ഫ്രഞ്ച് ആസ്ഥാനമായി പ്രവർത്തിക്കുന്ന പതിനെട്ട് കമ്പനികൾ ഇതിനായി രാജ്യത്ത് പ്രവർത്തനമാരംഭിക്കും. ഗ്രീൻ ബിൽഡിംഗ്‌സിൽ അവഗാഹം നേടിയ കമ്പനികളാണിവ. നൂതന സാങ്കേതി വിദ്യയും നിർമാണ രീതിയും ഇതിനായി ഉപയോഗപ്പെടുത്തും. ഊർജം, ജലം, മറ്റ് പ്രകൃതി വിഭവങ്ങൾ എന്നിവയുടെ ഉപയോഗം യുക്തിസഹമാക്കുക, അറ്റകുറ്റപ്പണികളും പ്രവർത്തനച്ചെലവും കുറയ്ക്കുക, ജലവും നിർമാണ സാമഗ്രികളും റീസൈക്കിൾ ചെയ്യുക, നല്ല വെളിച്ചവും വെന്റിലേഷൻ സംവിധാനവും നൽകുക എന്നിവയാണ് ഹരിത കെട്ടിടങ്ങളുടെ പ്രത്യേകതകൾ. ഇവ ഊർജ്ജ ഉപഭോഗം 30% വരെ കുറയ്ക്കുന്നതിനും ഓരോ കെട്ടിടത്തിനും പ്രതിവർഷം 3000 മുതൽ 8000 റിയാൽ വരെ കണക്കാക്കുന്ന വൈദ്യുത ബില്ലുകളിൽ ലാഭം നേടുന്നതിനും സഹായിക്കും.