റിയാദ്: സൗദിയില്‍ കള്ള ടാക്‌സികള്‍ക്കെതിരേ കടുത്ത നടപടിയുമായി അധികൃതര്‍. രാജ്യത്തെ വിമാനത്താവളങ്ങളിലേക്കും തിരിച്ചും ആവശ്യമായ ലൈസന്‍സില്ലാതെ യാത്രക്കാരെ കൊണ്ടുപോകുന്ന വ്യക്തികളെ കാത്തിരിക്കുന്നത് ഉയർന്ന തോതിലുള്ള പിഴയാണ്. ഇത്തരക്കാരെ പിടികൂടിയാൽ 5,000 റിയാല്‍ പിഴ ചുമത്തുമെന്ന് സൗദി അറേബ്യയിലെ ട്രാന്‍സ്പോര്‍ട്ട് ജനറല്‍ അതോറിറ്റി (ടിജിഎ) മുന്നറിയിപ്പ് നല്‍കി. പിഴയ്ക്ക് പുറമേ ഈ നിയന്ത്രണം ലംഘിക്കുന്ന ഏതൊരു വാഹനവും കണ്ടുകെട്ടുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നിയമവിരുദ്ധമായി സര്‍വീസ് നടത്തുന്ന ടാക്‌സികള്‍ നിയമ ലംഘനം ഒഴിവാക്കി ഏതെങ്കിലും ലൈസന്‍സുള്ള കമ്പനിയുടെ ഭാഗമായി പ്രവര്‍ത്തിക്കണമെന്നും അല്ലാത്ത പക്ഷം ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും ടിജിഎ അറിയിച്ചു. ഈ രീതിയില്‍ ഔദ്യോഗിക സംവിധാനത്തിന്റെ ഭാഗമാവുന്നത് വഴി ഗവണ്‍മെന്റ് ഇന്‍സെന്റീവുകളും സാമ്പത്തിക ഇളവുകള്‍ ഉള്‍പ്പെടെയുള്ള പിന്തുണ പദ്ധതികളും ലഭിക്കുമെന്നും അധകൃതര്‍ ചൂണ്ടിക്കാട്ടി.
ലൈസന്‍സുള്ള കമ്പനികള്‍ ഇലക്ട്രോണിക് പേയ്മെന്റ് ഓപ്ഷനുകളും തത്സമയ ട്രിപ്പ് ട്രാക്കിംഗും ഉള്‍പ്പെടെ വിവിധ സേവനങ്ങള്‍ വാഗ്ദാനം ചെയ്യുന്നുണ്ട്. യാത്രക്കാരെ സംബന്ധിച്ചിടത്തോളം ഏറ്റവും സൗകര്യപ്രദമായ സംവിധാനമാണ് ഔദ്യോഗിക ടാക്‌സികള്‍ ഒരുക്കുന്നത്. തത്സമയ ട്രിപ്പ് ട്രാക്കിങ് സംവിധാനം ഉള്ളതിനാല്‍ സുരക്ഷിത യാത്ര ഉറപ്പുവരുത്താനും യാത്രക്കാര്‍ക്ക് കഴിയും. വാഹനം ഏത് വഴിയാണ് യാത്ര ചെയ്യുന്നതെന്നത് അടക്കമുള്ള കാര്യങ്ങള്‍ ട്രാക്ക് ചെയ്യാമെന്നതിനാല്‍ യാത്രക്കാര്‍ വഞ്ചിക്കപ്പെടാനും തട്ടിപ്പുകള്‍ക്ക് ഇരയാവാനുമുള്ള സാധ്യത കുറവാണെന്നും അധികൃതര്‍ അറിയിച്ചു.
അതേസമയം, നിയമവിരുദ്ധമായി ഓടുന്ന ടാക്‌സികളിലെ ഡ്രൈവര്‍മാരെക്കുറിച്ചോ അവരുടെ ക്രിമിനല്‍ പശ്ചാത്തലങ്ങളെ കുറിച്ചോ ഒരു അറിവുമില്ലാതെ യാത്ര ചെയ്യുന്നത് അപകടം വിളിച്ചുവരുത്തുന്നതിന് തുല്യമാണ്. ഔദ്യോഗിക ടാക്‌സികളെക്കാള്‍ കള്ള ടാക്‌സികള്‍ക്ക് കുറഞ്ഞ വാടക നല്‍കിയാല്‍ മതിയെന്നതാണ് പ്രവാസികള്‍ ഉള്‍പ്പെടെയുള്ള യാത്രക്കാരെ ഇവയെ ആശ്രയിക്കാന്‍ പ്രേരിപ്പിക്കുന്നത്. എന്നാല്‍ അത് ചിലപ്പോള്‍ വലിയ ദുരന്തത്തില്‍ കലാശിച്ചേക്കാമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി.
യാത്രക്കാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി ജിദ്ദയിലെ കിങ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഏകദേശം 2,000 ടാക്‌സികള്‍, 55 ലധികം കാര്‍ റെന്റല്‍ ഓഫീസുകള്‍, പൊതുഗതാഗത ബസുകള്‍, ലൈസന്‍സുള്ള റൈഡ് ഹെയിലിങ് ആപ്പുകള്‍, ഹറമൈന്‍ ഹൈ സ്പീഡ് റെയില്‍വേ തുടങ്ങി വിപുലമായ യാത്രാ സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ടെന്നും അവയുടെ സേവനം പരമാവധി ഉപയോഗപ്പെടുത്തണമെന്നും അധികൃതര്‍ വ്യക്തമാക്കി.