ജിദ്ദ – ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ജിദ്ദ ടവര്‍ (മുന്‍ കിംഗ്ഡം ടവര്‍) നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കി 42 മാസത്തിനുള്ളില്‍ ഉദ്ഘാടനം ചെയ്യും. ഏഴു വര്‍ഷം നിര്‍മാണ ജോലികള്‍ നിലച്ച ജിദ്ദ ടവറിന്റെ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയും സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പും കഴിഞ്ഞ ദിവസം കരാര്‍ ഒപ്പുവെച്ചിരുന്നു. സൗദിയിലെ ഏറ്റവും വലിയ ധനാഢ്യനായ അല്‍വലീദ് ബിന്‍ ത്വലാല്‍ രാജകുമാരന്റെ ഉടമസ്ഥതയിലുള്ള കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിക്കു കീഴിലെ ജിദ്ദ ഇക്കണോമിക് കമ്പനിയാണ് ജിദ്ദ ടവര്‍ നിര്‍മിക്കുന്നത്. കഴിഞ്ഞ ദിവസം ഒപ്പുവെച്ച കരാര്‍ പ്രകാരം ജിദ്ദ ടവര്‍ നിര്‍മാണം 2028 ല്‍ പൂര്‍ത്തിയാകും. സൗദിയിലെ ഏറ്റവും പ്രധാനപ്പെട്ട വാസ്തുവിദ്യാ പദ്ധതികളിലൊന്നായി കണക്കാക്കപ്പെടുന്ന ജിദ്ദ ടവര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി ഇത് മാറും. ടവറിന് ആയിരം മീറ്ററിലേറെ ഉയരമുണ്ടാകും.
ജിദ്ദ ടവര്‍ നിര്‍മിക്കുന്നത് 157 നിലകളില്‍, 63 നിലകളുടെ നിര്‍മാണം പൂര്‍ത്തിയായി
2013 ല്‍ ആണ് ജിദ്ദ ടവറിന്റെ നിര്‍മാണ ജോലികള്‍ ആരംഭിച്ചത്. ഫൈവ് സ്റ്റാര്‍ ഹോട്ടല്‍, മറ്റു ഹോട്ടലുകള്‍, ടൂറിസ്റ്റ് റിസോര്‍ട്ട്, ഷോപ്പിംഗ് സെന്റര്‍, വാണിജ്യ ഏരിയകള്‍, പാര്‍പ്പിട യൂനിറ്റുകള്‍, ഓഫീസ് യൂനിറ്റുകള്‍, വിദ്യാഭ്യാസ ഏരിയ, കണ്‍ട്രോള്‍ ടവര്‍, വിനോദ ഏരിയകള്‍ എന്നിവ അടങ്ങിയതാണ് പദ്ധതി.
ആകെ 157 നിലകളോടെയാണ് ജിദ്ദ ടവര്‍ നിര്‍മിക്കുന്നത്. ഇതില്‍ 63 നിലകളുടെ നിര്‍മാണം ഇതിനകം പൂര്‍ത്തിയായിട്ടുണ്ട്. 59 ലിഫ്റ്റുകളും 12 എസ്‌കലേറ്ററുകളും ടവര്‍ സമുച്ചയത്തിലുണ്ടാകും. ജിദ്ദ ടവര്‍ നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ലോകത്ത് ഏറ്റവും ഉയരം കൂടിയ അഞ്ചു കെട്ടിടങ്ങളില്‍ രണ്ടും സൗദിയിലാകും. ഈ നേട്ടം കൈവരിക്കുന്ന ലോകത്തെ ഏക രാജ്യമാകും സൗദി അറേബ്യ. നിലവില്‍ മക്കയില്‍ വിശുദ്ധ ഹറമിനോട് ചേര്‍ന്ന ക്ലോക്ക് ടവര്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ അഞ്ചു കെട്ടിടങ്ങളുടെ പട്ടികയില്‍ പെടുന്നു. ഇതിന്റെ ഉയരം 601 മീറ്ററാണ്. റിയല്‍ എസ്റ്റേറ്റ് വികസനത്തിലും വാസ്തുവിദ്യയിലും ആഗോള കേന്ദ്രമെന്ന നിലയില്‍ സൗദി അറേബ്യയുടെ സ്ഥാനം ജിദ്ദ ടവര്‍ പദ്ധതി വര്‍ധിപ്പിക്കും.
അംബരചുംബികളായ കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്യുന്നതില്‍ വിദഗ്ധനായ അമേരിക്കന്‍ വാസ്തുശില്‍പി അഡ്രിയാന്‍ സ്മിത്തിന്റെ അനുഭവ സമ്പത്തിന്റെ തുടര്‍ച്ചയാണ് ജിദ്ദ ടവര്‍. കുറഞ്ഞ താപശേഷി ആകിരണം ചെയ്യുന്ന പ്രത്യേക ഗ്ലാസില്‍ നിര്‍മിക്കുന്ന ടവറിന്റെ മുന്‍ഭാഗങ്ങള്‍, മെക്കാനിക്കല്‍ എയര്‍ കണ്ടീഷനിംഗിനെ ആശ്രയിക്കുന്നത് കുറക്കുന്നതിന് പ്രകൃതിദത്തമായ വായുപ്രവാഹം മെച്ചപ്പെടുത്തല്‍, കാര്‍ബണ്‍ ബഹിര്‍ഗമനം കുറക്കാന്‍ സഹായിക്കുന്ന സുസ്ഥിര നിര്‍മാണ സാമഗ്രികളുടെ ഉപയോഗം എന്നിവ അടക്കം വൈദ്യുതി ഉപയോഗം കുറക്കാന്‍ സഹായിക്കുന്ന നൂതന സാങ്കേതികവിദ്യകള്‍ ജിദ്ദ ടവര്‍ പദ്ധതിയില്‍ പ്രയോജനപ്പെടുത്തുന്നു.
നിരവധി ഐക്കണിക് കെട്ടിടങ്ങള്‍ രൂപകല്‍പന ചെയ്തിട്ടുള്ള അഡ്രിയാന്‍ സ്മിത്ത് ലോകത്തെ ഏറ്റവും പ്രശസ്തരായ അന്താരാഷ്ട്ര വാസ്തുശില്‍പികളില്‍ ഒരാളായി കണക്കാക്കപ്പെടുന്നു. ഇദ്ദേഹം നേരത്തെ ചെയ്ത പ്രൊജക്ടുകളില്‍ ഏറ്റവും പ്രധാനം നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ദുബായിലെ ബുര്‍ജ് ഖലീഫയാണ്. പ്രത്യേക രൂപകല്‍പന ജിദ്ദ ടവറിനെ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായി മാത്രമല്ല, സുസ്ഥിരതയിലും പാരിസ്ഥിതിക കാര്യക്ഷമതയിലും ലോകത്തെ ഏറ്റവും പുരോഗതി കൈവരിച്ച കെട്ടിടവുമാക്കി മാറ്റും.
ജിദ്ദ ടവര്‍ നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞ ദിവസം സൗദി ബിന്‍ ലാദിന്‍ ഗ്രൂപ്പുമായി കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനി 720 കോടി റിയാലിന്റെ കരാര്‍ ഒപ്പുവെച്ചിരുന്നു. ഈ തുകയില്‍ 110 കോടി റിയാല്‍ ഇതിനകം ബിന്‍ ലാദിന്‍ ഗ്രൂപ്പിന് കൈമാറിയിട്ടുണ്ട്. കരാര്‍ പ്രകാരം 42 മാസത്തിനകം നിര്‍മാണ ജോലികള്‍ പൂര്‍ത്തിയാക്കിയിരിക്കണം. നിലവില്‍ ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുര്‍ജ് ഖലീഫയുടെ ആകെ ഉയരം 829.8 മീറ്ററാണ്. ഇതിന്റെ മേല്‍ക്കൂരയുടെ ഉയരം 739.4 മീറ്ററും ഏറ്റവും മുകളിലെ നിലയുടെ ഉയരം 585.4 മീറ്ററുമാണ്. ബുര്‍ജ് ഖലീഫയെക്കാള്‍ 200 മീറ്ററിലേറെ ഉയരത്തിലാണ് ജിദ്ദ ടവര്‍ നിര്‍മിക്കുന്നത്. 150 കോടി ഡോളര്‍ ചെലവഴിച്ച് നിര്‍മിച്ച ബുര്‍ജ് ഖലീഫ 2010 ജനുവരി നാലിനാണ് ഉദ്ഘാടനം ചെയ്തത്.