ദുബായ്: മിഡിലീസ്റ്റിലെ സംഘര്‍ഷം കൂടുതല്‍ വ്യാപിക്കാനുള്ള സാധ്യത നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ എണ്ണവില കുതിച്ചുയര്‍ന്നു. രാജ്യാന്തര എണ്ണവിപണിയെ പശ്ചിമേഷ്യയിലെ യുദ്ധഭീതി വലിയ തോതില്‍ ബാധിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ഇതോടെ അസംസ്കൃത എണ്ണയുടെ വില ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിലയിലെത്തി. സംഘര്‍ഷത്തിന് അയവില്ലാത്ത സാഹചര്യത്തില്‍ വില ഇനിയും വര്‍ധിക്കുമെന്നാണ് സൂചന.
ടെല്‍ അവീവ് ഉള്‍പ്പെടെയുള്ള ഇസ്രായേല്‍ പ്രദേശങ്ങള്‍ക്കെതിരേ ഇറാന് നടത്തിയ മിസൈല്‍ ആക്രമണങ്ങളും, തിരിച്ചടിയായി ഇസ്രായേലിന്റെ എണ്ണ കേന്ദ്രങ്ങള്‍ ആക്രമിക്കുമെന്ന ഇസ്രായേല്‍ ഭീഷണികളുടെയും പശ്ചാത്തലത്തിലാണ് വില വർധിക്കുമെന്ന വിലയിരുത്തല്‍. ബ്രെന്റ് ക്രൂഡ് ഫ്യൂച്ചറുകള്‍ 3.72 ഡോളര്‍ അഥവാ 5.03 ശതമാനം ഉയര്‍ന്ന് ബാരലിന് 77.62 ഡോളറിലെത്തി. യുഎസ് വെസ്റ്റ് ടെക്സസ് ഇന്റര്‍മീഡിയറ്റ് (ഡബ്ല്യുടിഐ) ക്രൂഡ് ഫ്യൂച്ചറുകള്‍ 3.61 ഡോളര്‍ അഥവാ 5.15 ശതമാനം ഉയര്‍ന്ന് 73.71 ഡോളറായി.
ബ്രെന്റ് ഫ്യൂച്ചറുകള്‍ ബാരലിന് 77.89 ഡോളര്‍ എന്ന ഉയര്‍ന്ന നിലവാരത്തിലെത്തി. അതേസമയം ഡബ്ല്യുടിഐ ഫ്യൂച്ചറുകള്‍ ബാരലിന് 73.97 ഡോളര്‍ ആയി ഉയര്‍ന്നു. രണ്ടും ഒരു മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കാണ് ഇന്നലെ രേഖപ്പെടുത്തിയത്.
എണ്ണ സ്ഥാപനങ്ങൾക്കെതിരെ ആക്രമണമുണ്ടായാൽ ക്രൂഡോയില്‍ വില വന്‍ കുതിച്ചുചാട്ടത്തിന് കാരണമാകും. അങ്ങനെ സംഭവിച്ചാല്‍, ഇന്ത്യയെപ്പോലുള്ള എണ്ണ ഇറക്കുമതിക്കാര്‍ക്ക് ഇത് കൂടുതല്‍ ദോഷകരമായി മാറുമെന്നും വിദഗ്ധര്‍ പറയുന്നു. പ്രതിദിനം മുപ്പത്തി രണ്ട് ലക്ഷം ബാരല്‍ എണ്ണയാണ് ഇറാനില്‍നിന്ന് അന്താരാഷ്ട്ര വിപണിയിലെത്തുന്നത്. ഇത് അന്താരാഷ്ട്ര എണ്ണ ഉല്‍പ്പാദനത്തിന്റെ മൂന്നു ശതമാനമാണ്.
അയൺ ഡോമിനെയും ആരോയെയും കബളിപ്പിച്ച ഇറാൻ മിസൈലുകള്‍; നടുങ്ങി ഇസ്രായേൽ
രാജ്യത്തിന്റെ ഇന്ധന മേഖലയിലെ ചെറിയ ചലനങ്ങള്‍ പോലും ആഗോള ഇന്ധനവിപണിയെ ബാധിക്കുമെന്ന് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇറാനെതിരെ യു എസ് ഉപരോധം ഏര്‍പ്പെടുത്തിയ വേളയിലും രാജ്യത്തിന്റെ ഊര്‍ജ മേഖലയില്‍ ഇസ്രായേല്‍ ആക്രമണം നടത്തിയ സമയത്തും എണ്ണവില കുതിച്ചുയര്‍ന്നിരുന്നു. മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുന്നത് 2019 ല്‍ സംഭവിച്ചതു പോലെ ഹോര്‍മുസ് കടലിടുക്ക് വഴിയുള്ള എണ്ണ ഗതാഗതം തടസ്സപ്പെടാനും ഹൂത്തികളുടെ എണ്ണ കപ്പലുകള്‍ക്കെതിരായ ആക്രമണം ശക്തിപ്പെടാനും സാധ്യതയുണ്ടെന്നും വിലയിരുത്തപ്പെടുന്നുണ്ട്.
പ്രതിദിന എണ്ണ വിതരണത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന പ്രധാന ലോജിസ്റ്റിക്കല്‍ ചോക്ക് പോയിന്റാണ് കടലിടുക്ക്. അതിനു പുറമെ, മേഖലയിലെ സംഘര്‍ഷം ശക്തമായാല്‍ മറ്റ് രാജ്യങ്ങളിലെ എണ്ണ കേന്ദ്രങ്ങള്‍ക്കെതിരേയും ആക്രമണം ഉണ്ടാവാനുള്ള സാധ്യതയും വിദഗ്ധര്‍ തള്ളിക്കളയുന്നില്ല. ഇതെല്ലാം ആഗോള എണ്ണ വിപണിയെ പിടിച്ചുലയ്ക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.