റിയാദ്: സൗദി അറേബ്യയിലെ ചെറിയ കുട്ടികള്‍ക്ക് സ്‌കൂള്‍ കാന്‍റീനുകളില്‍ വച്ച് ചായയോ കാപ്പിയോ വില്‍പ്പന നടത്തുന്നതിന് വിലക്കേര്‍പ്പെടുത്തി സൗദി വിദ്യാഭ്യാസ മന്ത്രാലയം. അതേസമയം സെക്കന്‍ഡറി സ്‌കൂളുകളിലെ കാന്‍റീനുകളില്‍ മാത്രം കാപ്പിയും ചായയും വില്‍ക്കാമെന്നും അധികൃതര്‍ അറിയിച്ചു. കിന്‍റര്‍ഗാര്‍ട്ടന്‍, പ്രൈമറി, മിഡില്‍ സ്‌കൂളുകളില്‍ ഈ ജനപ്രിയ പാനീയങ്ങള്‍ നിരോധിച്ചതായി പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു.
കഴിഞ്ഞ മാസം രാജ്യത്ത് ആരംഭിച്ച പുതിയ അധ്യയന വര്‍ഷത്തില്‍ സ്‌കൂള്‍ കാന്‍റീനുകള്‍ക്കായുള്ള ആരോഗ്യ ആവശ്യകതകളുമായി ബന്ധപ്പെട്ട മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളുടെ പുതുക്കിയ പതിപ്പിലാണ് വിദ്യാഭ്യാസ മന്ത്രാലയം പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നത്.
പുതുക്കിയ മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ പ്രകാരം, ചായയോ കാപ്പിയോ നല്‍കുന്ന കപ്പിന്‍റെ വലുപ്പം 240 മില്ലിമീറ്ററില്‍ കൂടരുത്. വിദ്യാര്‍ഥികള്‍ ആവശ്യപ്പെട്ടാലും ചൂടുള്ള പാനീയങ്ങളില്‍ പഞ്ചസാരയുടെ അളവ് രണ്ട് ടീസ്പൂണില്‍ കൂടുതല്‍ നല്‍കാന്‍ പാടില്ലെന്നും പ്രാദേശിക പത്രങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, സ്‌കൂള്‍ കാന്‍റീനുകളിലെ നിരോധിത ഉല്‍പ്പന്നങ്ങളുടെ പട്ടികയില്‍ പഞ്ചസാര അടങ്ങിയ പാനീയങ്ങള്‍, എനര്‍ജി ഡ്രിങ്ക്സ്, ഫിസി ഡ്രിങ്കുകള്‍, ഫ്‌ളേവറുള്ള വിറ്റാമിനുകള്‍, സ്പോര്‍ട്സ് ഡ്രിങ്ക്സ്, പഴങ്ങളുടെ രുചിയുള്ള പാനീയങ്ങള്‍, തണുത്ത ചായ, പഴച്ചാറിന്‍റെ അളവ് 30 ശതമാനത്തേക്കാള്‍ കുറവുള്ള ജ്യൂസുകള്‍ എന്നിവ ഉള്‍പ്പെടുന്നു. അതേപോലെ കളറിങ് മെറ്റീരിയലുകള്‍, പ്രിസര്‍വേറ്റീവുകള്‍, കൃത്രിമ മധുരം എന്നിവ അടങ്ങിയ ജ്യൂസുകളും നിരോധിത സാധനങ്ങളില്‍ ഉള്‍പ്പെടും.
യുഎഇയിൽ അധിക വരുമാനം നേടാന്‍ വഴിയുണ്ടോ? ഇക്കാര്യം അറിഞ്ഞിരിക്കാം
ഐസ്‌ക്രീം, ചോക്ലേറ്റ് പൊതിഞ്ഞ ബിസ്‌ക്കറ്റ്, നിലക്കടല, ഫ്‌ളേവറുകളോ ചോക്ലേറ്റോ ചേര്‍ത്ത പാല്‍, ക്രോസന്റ്സ്, ചിപ്സ് എന്നിവയ്ക്കും സ്‌കൂള്‍ കാന്‍റീനുകളില്‍ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശപ്രകാരം നിരോധനം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബാഷ്പീകരിച്ച പാല്‍, കൃത്രിമ സുഗന്ധങ്ങളോ നിറങ്ങളോ ഉള്ള പാല്‍, കൃത്രിമ രുചികളോ നിറങ്ങളോ ഉള്ള തൈര് എന്നിവയുടെ വില്‍പ്പനയും സ്‌കൂള്‍ കാന്‍റീനുകളില്‍ നിരോധിച്ചിട്ടുണ്ട്.
സ്‌കൂളുകളില്‍ ലഭ്യമാകുന്ന പാക്കേജു ചെയ്ത ഭക്ഷ്യ ഉല്‍പന്നങ്ങളിലെ കൊഴുപ്പ്, പഞ്ചസാര, ഉപ്പ് എന്നിവയുടെ മൊത്തം മൂല്യങ്ങള്‍ ഈ ഘടകങ്ങള്‍ക്ക് ശുപാര്‍ശ ചെയ്യുന്ന ദൈനംദിന ഉപഭോഗത്തിന്‍റെ 20 ശതമാനത്തില്‍ കുറവായിരിക്കണമെന്നും മന്ത്രാലയം ഊന്നിപ്പറഞ്ഞു. വിദ്യാർഥികള്‍ക്ക് ആരോഗ്യകരവും സുരക്ഷിതവുമായ സ്‌കൂള്‍ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനും ആരോഗ്യകരമായ പോഷകാഹാരത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം ശക്തിപ്പെടുത്തുന്നതിനും സ്‌കൂള്‍ കാന്‍റീനുകളില്‍ സമീകൃത ഭക്ഷണം തിരഞ്ഞെടുക്കുന്നതിനും പുതിയ നിയന്ത്രണങ്ങള്‍ ലക്ഷ്യമിടുന്നുണ്ട്.