കുവൈറ്റ് സിറ്റി: ബയോമെട്രിക് ഫിംഗര്‍പ്രിന്റ് രജിസ്‌ട്രേഷന്‍ നടപടിക്രമം പൂര്‍ത്തിയാക്കാത്ത വ്യക്തികള്‍ക്കുള്ള എല്ലാ സിവില്‍ ഐഡി ഇടപാടുകളും അപേക്ഷകളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുമെന്ന് പബ്ലിക് അതോറിറ്റി ഫോര്‍ സിവില്‍ ഇന്‍ഫര്‍മേഷന്‍ (പിഎസിഐ) അറിയിച്ചു.
2024 സെപ്റ്റംബര്‍ 30 ആണ് സ്വദേശികള്‍ക്ക് ബയോ മെട്രിക് രജിസ്‌ട്രേഷന് ആഭ്യന്തര മന്ത്രാലയം നിശ്ചയിച്ചിട്ടുള്ള അവസാന തീയതി. സേവന തടസ്സങ്ങള്‍ ഒഴിവാക്കുന്നതിന് സമയപരിധിക്ക് മുൻപ് ബയോമെട്രിക് ഫിംഗര്‍പ്രിന്റ് പ്രക്രിയ പൂര്‍ത്തിയാക്കുന്നുവെന്ന് ഉറപ്പാക്കാന്‍ പൗരന്മാരോടും താമസക്കാരോടും പിഎസിഐ അഭ്യര്‍ഥിച്ചു. ഇത് പാലിക്കുന്നതില്‍ പരാജയപ്പെട്ടാല്‍ സിവില്‍ ഐഡിയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കുന്നതിന് ഇടയാക്കും.
സ്‌കോളര്‍ഷിപ്പ് വിദ്യാര്‍ഥികളും അവരുടെ കൂട്ടാളികളും, വിദേശത്ത് ചികിത്സയില്‍ കഴിയുന്ന രോഗികളും അവരുടെ കൂട്ടാളികളും, നയതന്ത്ര ഉദ്യോഗസ്ഥര്‍, വിദേശ ഓഫീസ് സ്റ്റാഫ്, എന്നിവരുള്‍പ്പെടെയുള്ള പ്രത്യേക വിഭാഗങ്ങള്‍ക്ക് ബയോമെട്രിക് വിരലടയാളം വേണമെന്ന നിബന്ധനയില്‍ നിന്ന് ആഭ്യന്തര മന്ത്രാലയം താല്‍ക്കാലിക ഇളവ് പ്രഖ്യാപിച്ചു. ഈ വ്യക്തികള്‍ കുവൈറ്റിലേക്ക് മടങ്ങിയെത്തുന്നതുവരെ ഇളവ് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് മന്ത്രാലയം പുറത്തിറക്കിയ പ്രസ്താവനയില്‍ വ്യക്തമാക്കി. അവര്‍ തിരിച്ചെത്തിയാല്‍, ബയോമെട്രിക് വിരലടയാള പ്രക്രിയ വിമാനത്താവളങ്ങളിലോ ഗവര്‍ണറേറ്റുകള്‍ക്കുള്ളില്‍ സ്ഥിതി ചെയ്യുന്ന ജനറല്‍ ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ക്രിമിനല്‍ എവിഡന്‍സ് ഓഫീസുകളിലോ പൂര്‍ത്തിയാക്കണം.
വിദേശത്ത് സ്വന്തം ചെലവില്‍ പഠിക്കുകയോ ചികിത്സ നേടുകയോ ചെയ്യുന്ന പൗരന്മാര്‍ വിരലടയാളം താല്‍ക്കാലികമായി മാറ്റിവയ്ക്കുന്നതിനുള്ള അനുമതിക്കായി കുവൈറ്റ് എംബസികള്‍ക്ക് രേഖാമൂലം അപേക്ഷ നല്‍കണമെന്ന് മന്ത്രാലയം വ്യക്തമാക്കി. സുരക്ഷാ മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നതിനൊപ്പം ആവശ്യമായ ഇടപാടുകള്‍ സുഗമമാക്കുന്നതിന് ഈ നടപടി നിര്‍ണായകമാണ്. വിദേശത്ത് താമസിക്കുന്ന കുവൈറ്റ് പൗരന്മാര്‍ക്ക് അവരുടെ പഠനത്തിലോ ആരോഗ്യപരമായ ആവശ്യങ്ങളിലോ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ കഴിയുമെന്ന് ഉറപ്പുവരുത്തുന്നതിന്, അവര്‍ക്ക് ഭരണപരമായ നടപടിക്രമങ്ങള്‍ ലളിതമാക്കുന്നതിനാണ് ഈ തീരുമാനം. വിദേശത്തുള്ള പൗരന്മാരുടെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിനൊപ്പം സുരക്ഷാ പ്രോട്ടോക്കോളുകള്‍ നിലനിര്‍ത്താനും അവര്‍ മടങ്ങിവരുമ്പോള്‍ സുഗമവും കാര്യക്ഷമവുമായ പ്രക്രിയ ഉറപ്പാക്കാനും ആഭ്യന്തര മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്നും അധികൃതര്‍ അറിയിച്ചു.
സ്വദേശികള്‍ക്ക് സെപ്റ്റംബര്‍ 30ഉം പ്രവാസികള്‍ക്ക് ഡിസംബര്‍ 31മാണ് രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കാനുള്ള അവസാന സമയപരിധി. കാലാവധിക്കുള്ളില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കാത്തവര്‍ക്ക് സര്‍ക്കാരില്‍ നിന്നുള്ള സേവനങ്ങള്‍ താല്‍ക്കാലികമായി നിര്‍ത്തിവെക്കുമെന്ന് ആഭ്യന്തര മന്ത്രാലയം നേരത്തേ മുന്നറിയിപ്പ് നല്‍കി. തുടക്കത്തില്‍ ഓണ്‍ലൈന്‍, മൊബൈല്‍ ബാങ്കിങ്, എടിഎം സേവനങ്ങളും പിന്നീട് പണം ഇടപാടുകള്‍ അടക്കമുള്ള ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട മുഴുവന്‍ സേവനങ്ങളും നിര്‍ത്തിവയ്ക്കാനാണ് തീരുമാനം. വിസ പുതുക്കല്‍, വിസിറ്റ് വിസകള്‍, ഫാമിലി വിസകള്‍ക്ക് അപേക്ഷിക്കല്‍, ഡ്രൈവിങ് ലൈസന്‍സ് പുതുക്കല്‍ ഉള്‍പ്പെടെയുള്ള നടപടികളെയും അത് ബാധിക്കും.