റിയാദ് – ഈ വര്‍ഷത്തെ റിയാദ് ഇന്റര്‍നാഷല്‍ ബുക് ഫെയറിന് വ്യാഴാഴ്ച തുടക്കമാകും. ബുക് ഫെയറിനോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന പരിപാടികളില്‍ സംബന്ധിക്കാന്‍ ആഗ്രഹിക്കുന്നവരുടെ രജിസ്‌ട്രേഷന് ‘വി ബുക്ക്’ പ്ലാറ്റ്‌ഫോം വഴി സമാരംഭം കുറിച്ചതായി ലിറ്ററേച്ചര്‍, പബ്ലിഷിംഗ് ആന്റ് ട്രാന്‍സ്‌ലേഷന്‍ കമ്മീഷന്‍ അറിയിച്ചു. റിയാദ് കിംഗ് സൗദ് യൂനിവേഴ്‌സിറ്റി കാമ്പസില്‍ നടക്കുന്ന ബുക് ഫെയര്‍ ഒക്‌ടോബര്‍ അഞ്ചു വരെ നീണ്ടുനില്‍ക്കും.
ഇത്തവണത്തെ റിയാദില്‍ ബുക് ഫെയറിലെ വിശിഷ്ടാതിഥി രാജ്യം ഖത്തര്‍ ആണ്. മുപ്പതിലേറെ പ്രാദേശിക, അറബ്, ലോക രാജ്യങ്ങളില്‍ നിന്നുള്ള 2,000 ലേറെ പബ്ലിഷിംഗ് ഹൗസുകളും ഏജന്‍സികളും റിയാദ് ബുക് ഫെയറില്‍ 800 പവലിയനുകളിലായി പങ്കെടുക്കും. സൗദി അറേബ്യക്കകത്തു നിന്നും വിദേശങ്ങളില്‍ നിന്നുമുള്ള പ്രശസ്ത എഴുത്തുകാരും ചിന്തകരും ബുദ്ധിജീവികളും ബുക് ഫെയറില്‍ സാന്നിധ്യം തെളിയിക്കും. അറബ് ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട അന്താരാഷ്ട്ര സാംസ്‌കാരിക പ്ലാറ്റ്‌ഫോം എന്നോണം റിയാദ് ബുക് ഫെയറിന്റെ സ്ഥാനം ഈ പങ്കാളിത്തങ്ങള്‍ ശക്തമാക്കും.