റിയാദ്: അനധികൃത താമസക്കാരായ പ്രവാസികള്‍ക്കെതിരായ നടപടികളുടെ ഭാഗമായി കഴിഞ്ഞ ഒരാഴ്ചയ്ക്കിടയില്‍ സൗദിയില്‍ നിന്ന് 12,101 വിദേശികളെ നാടുകടത്തിയതായി ആഭ്യന്തര മന്ത്രാലയം. വിവിധ നിയമ ലംഘനങ്ങള്‍ക്ക് നേരത്തേ പിടിക്കപ്പെട്ട് താല്‍ക്കാലിക ഷെല്‍ട്ടറുകളില്‍ കഴിയുന്ന ഇത്രയും പേരെയാണ് കഴിഞ്ഞ ആഴ്ച നാടുകളിലേക്ക് കയറ്റി അയച്ചത്.
അതിനിടെ, നിയമ ലംഘകരെ കണ്ടെത്തുന്നതിനായി രാജ്യത്തിന്‍റെ നാനാഭാഗങ്ങളില്‍ നടത്തിയ റെയിഡുകളിലും വാഹന പരിശോധനകളിലുമായി 22,716 വിദേശികളെ കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പിടികൂടിയതായും സൗദി ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ അറിയിച്ചു. സെപ്തംബര്‍ 12 മുതല്‍ 18 വരെ തീയതികള്‍ക്കിടയിലാണ് ഇത്രയും പേര്‍ അറസ്റ്റിലായത്. രാജ്യത്തിന്‍റെ താമസ, തൊഴില്‍, അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിനാണ് ഇവര്‍ പിടിയിലായതെന്നും മന്ത്രാലയം വ്യക്തമാക്കി.
രാജ്യത്തിന്‍റെ താമസ നിയമങ്ങള്‍ ലംഘിച്ച 14,446 പേരും അതിര്‍ത്തി സുരക്ഷാ നിയമങ്ങള്‍ ലംഘിച്ചതിന് 4,780 പേരും തൊഴില്‍ നിയമങ്ങള്‍ ലംഘിച്ചതിന് 3,490 പേരുമാണ് പിടിയിലായത്. മന്ത്രാലയത്തിന്‍റെ പ്രതിവാര അപ്ഡേറ്റ് അനുസരിച്ച്, 1,585 സ്ത്രീകള്‍ ഉള്‍പ്പെടെ മൊത്തം 15,752 നിയമവിരുദ്ധ താമസക്കാര്‍ നിലവില്‍ അച്ചടക്ക നടപടികള്‍ക്ക് വിധേയരായി താല്‍ക്കാലിക കേന്ദ്രങ്ങളില്‍ കഴിയുന്നുണ്ട്. 2,232 നിയമലംഘകര്‍ യാത്രാ റിസര്‍വേഷന്‍ പൂര്‍ത്തീകരിച്ച് നാട്ടിലേക്ക് തിരിക്കാന്‍ തയ്യാറെടുത്ത് കഴിയുകയാണെന്നും അധികൃതര്‍ അറിയിച്ചു.
Dubai Vehicle Inspection: വാഹനത്തില്‍ മാറ്റങ്ങള്‍ വരുത്തിയാൽ കനത്ത പിഴ
രാജ്യത്തിന്‍റെ റസിഡന്‍സി, അതിര്‍ത്തി, തൊഴില്‍ ചട്ടങ്ങള്‍ എന്നിവ ലംഘിക്കുന്നവര്‍ക്ക് യാത്രാ സൗകര്യമൊരുക്കുകയോ അഭയം നല്‍കുകയോ ജോലി നല്‍കുകയോ ചെയ്ത 10 പേരെയും പോലിസ് അറസ്റ്റ് ചെയ്തു. നുഴഞ്ഞുകയറ്റക്കാര്‍ക്ക് രാജ്യത്തേക്ക് പ്രവേശിക്കാന്‍ സൗകര്യമൊരുക്കുകയോ അവര്‍ക്ക് യാത്രാ- താമസ സൗകര്യങ്ങള്‍ നല്‍കുകയോ ചെയ്യുന്നത് ഗുരുതരമായ കുറ്റകൃത്യമാണെന്നും അവര്‍ക്ക് പരമാവധി 15 വര്‍ഷം വരെ തടവും 10 ലക്ഷം റിയാല്‍ വരെ പിഴയും ലഭിക്കുമെന്നും സൗദി ആഭ്യന്തര മന്ത്രാലയം ആവര്‍ത്തിച്ച് മുന്നറിയിപ്പ് നല്‍കി.
ഏകദേശം 32.2 ദശലക്ഷം ജനസംഖ്യയുള്ള സൗദി അറേബ്യ, പ്രവാസി തൊഴിലാളികളുടെ ഒരു വലിയ സമൂഹത്തിന് ആതിഥേയത്വം വഹിക്കുന്ന രാജ്യമാണ്. ‘നിയമലംഘനമില്ലാത്ത രാജ്യം’ എന്ന മുദ്രാവാക്യം യാഥാര്‍ഥ്യമാക്കുന്നതിന്റെ ഭാഗമായാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ശക്തമായ പരിശോധനകള്‍ നടത്തി നിയമവിരുദ്ധ താമസക്കാരെ കണ്ടെത്തി നടപടി സ്വീകരിക്കുന്നതെന്നും അധികൃതര്‍ വ്യക്തമാക്കി.