മക്ക: ഉംറ തീർഥാടനം നിര്‍വഹിക്കുന്നവര്‍ മക്കയിലെ ഗ്രാന്‍ഡ് മോസ്കില്‍ കര്‍മ്മങ്ങള്‍ നടത്തുമ്പോള്‍ തിരക്ക് ഒഴിവാക്കാനും ശാരീരിക അകലം പാലിക്കാനും സൗദി അറേബ്യ അധികൃതര്‍ ആവശ്യപ്പെട്ടു. പകര്‍ച്ചവ്യാധികള്‍ പകരാനുള്ള സാധ്യത കുറയ്ക്കുകയും ശ്വാസകോശ സംബന്ധമായ അണുബാധകള്‍ തടയുകയും ചെയ്യുന്നതിന്റെ ഭാഗമായാണ് നിര്‍ദ്ദേശമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. കൂട്ടം കൂടി നില്‍ക്കുന്നത് ഒഴിവാക്കുന്നതിലൂടെ സുരക്ഷിതമായ ഉംറ ഉറപ്പ് വരുത്താനാവുമെന്നും മന്ത്രാലയം എക്സ് പോസ്റ്റില്‍ വ്യക്തമാക്കി.
വൈറല്‍, ശ്വാസകോശ സംബന്ധമായ അണുബാധകളില്‍ നിന്ന് സ്വയം സുരക്ഷ ഉറപ്പാക്കുന്നതിന് തീര്‍ഥാടകര്‍ ഗ്രാന്‍ഡ് മോസ്കിലും മദീനയിലെ പ്രവാചകന്റെ പള്ളിയിലും മാസ്ക്ക് ധരിക്കണമെന്നും മന്ത്രാലയം ആവര്‍ത്തിച്ച് ശുപാര്‍ശ ചെയ്തു. ആവശ്യത്തിന് വെള്ളം കുടിക്കാനും മന്ത്രാലയം വിശ്വാസികളോട് നിര്‍ദ്ദേശിച്ചു. പ്രത്യേകിച്ച് ചൂടുള്ള കാലാവസ്ഥയില്‍ ജലാംശം നിലനിര്‍ത്താന്‍ ഇടയ്ക്കിടെയുള്ള വെള്ളം കുടി അനിവാര്യമാണ്.
ലോകമെമ്പാടുമുള്ള 1.8 ദശലക്ഷം മുസ്ലീങ്ങള്‍ പങ്കെടുത്ത വാര്‍ഷിക ഹജ്ജ് തീര്‍ഥാടനത്തിന് ശേഷം ജൂണ്‍ അവസാനത്തോടെയാണ് ഈ വര്‍ഷത്തെ ഉംറ സീസണ് ആരംഭിച്ചത്. സൗദി ഹജ്ജ് ഉംറ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം ഏകദേശം 13.5 തീര്‍ഥാടകര്‍ ഉംറ നിര്‍വഹിച്ചു. അടുത്ത വര്‍ഷം ഉംറ നിര്‍വഹിക്കാന്‍ 15 ദശലക്ഷം മുസ്ലീങ്ങളെ സ്വാഗതം ചെയ്യാനാണ് രാജ്യം പദ്ധതിയിടുന്നത്. ഉംറയ്ക്കായി രാജ്യത്തേക്ക് വരാന്‍ ആഗ്രഹിക്കുന്ന മുസ്ലിംകള്ക്കായി സമീപ മാസങ്ങളില്‍ നിരവധി സൗകര്യങ്ങള്‍ സൗദി അറേബ്യ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ഉംറ വിസയുടെ കാലാവധി 30 ദിവസത്തില്‍ നിന്ന് 90 ദിവസമായി നീട്ടുകയും ഉടമകള്‍ക്ക് എല്ലാ കര, വായു, കടല്‍ അതിര്‍ത്തികള്‍ വഴിയും രാജ്യത്തേക്ക് പ്രവേശിക്കാനും ഏത് വിമാനത്താവളത്തില്‍ നിന്നും പുറപ്പെടാനും അനുമതി നല്‍കുകയും ചെയ്തിരുന്നു. വനിതാ തീര്‍ഥാടകളുടെ കൂടെ പുരുഷ രക്ഷാകര്ത്താക്കള് വേണമെന്ന നിബന്ധയും ഒഴിവാക്കിയിട്ടുണ്ട്.
റെസിഡന്‍സ്, വിസിറ്റ്, ടൂറിസ്റ്റ് വിസകള്‍ എന്നിങ്ങനെ വ്യത്യസ്ത തരത്തിലുള്ള എന്‍ട്രി പെര്‍മിറ്റുകള്‍ കൈവശമുള്ള മുസ്ലീങ്ങള്‍ക്ക് ഉംറ നിര്‍വഹിക്കാനും മദീനയിലെ പ്രവാചകന്റെ പള്ളിയില്‍ മുഹമ്മദ് നബിയുടെ (സ) ഖബറിടം സ്ഥിതി ചെയ്യുന്ന അല്‍ റൗദ അല്‍ ഷരീഫ് സന്ദര്‍ശിക്കാനും അനുവാദമുണ്ട്. സൗദി പൗരന്മാര്ക്ക് വിദേശത്തുള്ള സുഹൃത്തുക്കളെ രാജ്യം സന്ദര്‍ശിക്കാനും ഉംറ നിര്‍വഹിക്കാനും ക്ഷണിക്കാനും അവസരം നല്‍കിയിരുന്നു.