ജിദ്ദ – ടൂറിസ്റ്റുകളും സഞ്ചാരികളും അടക്കമുള്ളവര്‍ക്ക് വിസ്മയം തീര്‍ത്ത് സൗദിയില്‍ പറക്കും ഇലക്ട്രിക് കപ്പലുകള്‍ യാത്രകള്‍ക്ക് ഉപയോഗിക്കുന്നു. സൗദി അറേബ്യയുടെ സ്വപ്ന പദ്ധതിയായ നിയോമിലാണ് പറക്കും ഇലക്ട്രിക് കപ്പലുകള്‍ ഉപയോഗിക്കുന്നത്. അടുത്ത വര്‍ഷാദ്യത്തോടെ നിയോമില്‍ സര്‍വീസുകള്‍ക്ക് ഉപയോഗിക്കാന്‍ ആദ്യ ബാച്ച് ആയി എട്ടു ഇലക്ട്രിക് കപ്പലുകള്‍ സൗദി അറേബ്യക്ക് കൈമാറുമെന്ന് സ്വീഡിഷ് കമ്പനിയായ കാന്‍ഡല അറിയിച്ചു. ആദ്യ ബാച്ച് കപ്പലുകള്‍ അടുത്ത വര്‍ഷവും 2026 ആദ്യത്തിലുമായി കൈമാറും.
കാര്‍ബണ്‍ ബഹിര്‍ഗമന മുക്തമായ ജലഗതാഗത സംവിധാനം നല്കാന് പ്രത്യേകം രൂപകല്പന ചെയ്ത കാന്‍ഡല ബി-12 ഇനത്തില്‍ പെട്ട ഇലക്ട്രിക് കപ്പലുകളാണ് നിയോമില്‍ ഉപയോഗിക്കുക. പരമ്പരാഗത ഫെറികളെക്കാള് ചെറുതും വേഗമേറിയതുമായ കാന്‍ഡല കപ്പലുകള്‍ കംപ്യൂട്ടര്‍ ഗൈഡഡ് അണ്ടര്‍ വാട്ടര്‍ ചിറകുകളെ ആശ്രയിക്കുന്നു. ഇത് പരമ്പരാഗത കപ്പലുകളെ അപേക്ഷിച്ച് ഊര്‍ജ ഉപഭോഗം 80 ശതമാനം വരെ കുറക്കുന്നു. ഇവയുടെ വേഗം 25 നോട്ടിക്കല്‍ മൈല്‍ ആണ്. 20 മുതല്‍ 30 വരെ സീറ്റുകളാണ് കപ്പലിലുണ്ടാവുക. ലോകത്ത് ഇതുവരെ നിര്‍മിച്ചതില്‍ വെച്ചേറ്റവും വേഗമേറിയതും വലിപ്പം കൂടിയതുമായ ഇലക്ട്രിക് കപ്പലുകളാണ് കാന്‍ഡല കമ്പനി പുറത്തിറക്കുന്നത്.
ഹൈഡ്രോവിംഗുകള് ഉയര്‍ന്ന സ്ഥിരത പ്രദാനം ചെയ്യുകയും വേഗത്തിലുള്ള യാത്ര അനുവദിക്കുകയും ചെയ്യുന്നു. ശക്തമായ എന്‍ജിനുകള്‍ പാരിസ്ഥിതിക ആഘാതം കുറക്കുകയും തത്ഫലമായുണ്ടാകുന്ന തരംഗങ്ങളെ കുറക്കുകയും ചെയ്യുന്നു. സൗദിയിലെ പ്രധാന നഗരങ്ങളില്‍ എയര്‍ ടാക്സി സര്‍വീസ് ആരംഭിക്കാനും പദ്ധതിയുണ്ട്. ഇക്കഴിഞ്ഞ ഹജിന് പുണ്യസ്ഥലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ എയര്‍ ടാക്സി സേവനം പ്രയോജനപ്പെടുത്തിയിരുന്നു.