ജിദ്ദ : വാഹന മോടിക്കുമ്പോള്‍ ഡ്രൈവിംഗ് ലൈസന്‍സ് കൈവശം വെക്കാതിരുന്നാല്‍ 150 റിയാല്‍ മുതല്‍ 300 റിയാല്‍ വരെ പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
ട്രാഫിക് ഉദ്യോഗസ്ഥർ ചോദിക്കുന്ന വേളയിൽ ലൈസൻസ് അവരെ കാണിക്കണം.
ഡിജിറ്റൽ കോപ്പിയായോ ഫിസിക്കലായോ ലൈസൻസ് കൈവശം വെക്കണം.
വലത്തോട്ടോ ഇടത്തോട്ടോ തിരിയുമ്പോഴും ഓവര്‍ടേക്ക് ചെയ്യുമ്പോഴും ട്രാക്ക് മാറുമ്പോഴും സിഗ്നല്‍ ഉപയോഗിക്കാതിരുന്നാലും പിഴ ചുമത്തും.
മെയിന്‍ റോഡില്‍ 20 മീറ്ററില്‍ കൂടുതല്‍ ദൂരം പിന്നോട്ടെടുക്കല്‍, ബൈക്കോ സൈക്കിളോ ഓടിക്കുന്നവര്‍ മറ്റു വാഹനങ്ങളില്‍ പിടിച്ചുതൂങ്ങല്-മറ്റുള്ളവര്‍ക്ക് അപകടകരമാകുന്ന നിലക്ക് എന്തെങ്കിലും വസ്തുക്കള്‍ ബൈക്കുകളിലും സൈക്കിളുകളിലും കെട്ടിവലിക്കല്‍-കയറ്റല്‍, ലൈറ്റ് ഉപയോഗവുമായി ബന്ധപ്പെട്ട നിയമ ലംഘനങ്ങള്‍ എന്നിവക്കും പിഴയുണ്ട്.
ഡ്രൈവിംഗിനിടെ ലൈസന്‍സും വാഹന രജിസ്ട്രേഷനും (ഇസ്തിമാറ) കൈവശം വെക്കാതിരിക്കല്‍, ഹോണ്‍ ദുരുപയോഗം, വാഹനത്തില്‍ പതിവ് സാങ്കേതിക പരിശോധനകള്‍ നടത്താതിരിക്കല്‍, ഗതാഗതം ക്രമീകരിക്കുന്ന നിര്‍ദേശങ്ങള്‍ ലംഘിക്കല്‍, സീറ്റ് ബെല്‍റ്റ് ധരിക്കാതിരിക്കല്‍, കാഴ്ചക്ക് പ്രതിബന്ധം സൃഷ്ടിക്കുന്ന നിലക്ക് വാഹനത്തിനകത്തോ പുറത്തോ തടസ്സങ്ങള്‍ സ്ഥാപിക്കല്‍, മുന്നിലുള്ള വാഹനത്തില്‍ നിന്ന് മതിയായ അകലം പാലിക്കാതിരിക്കല്‍, ടയറുകള്‍ ഉച്ചത്തില്‍ ശബ്ദമുണ്ടാക്കുന്ന നിലക്ക് അതിവേഗത്തില്‍ വാഹനം മുന്നോട്ടെടുക്കല്‍, അപകട സ്ഥലത്ത് കൂട്ടംകൂടി നില്ക്കല്, സിഗ്നലുകള്‍ക്കോ സുരക്ഷാ ചെക്ക് പോസ്റ്റുകള്‍ക്കോ മുന്നിലുള്ള വാഹന നിരകള്‍ മറികടക്കാന്‍ റോഡുകളില്‍ ട്രാക്കുകള്‍ക്ക് പുറത്തുള്ള ഭാഗങ്ങളോ തിരിഞ്ഞുകയറാന്‍ നീക്കിവെച്ച ട്രാക്കുകളോ ഉപയോഗിക്കല്‍, ട്രെയിലറുകളില്‍ നിയമാനുസൃത മാനദണ്ഡങ്ങള്‍ പൂര്‍ണമല്ലാതിരിക്കല്‍ എന്നീ നിയമ ലംഘനങ്ങള്‍ക്ക് 300 റിയാലില്‍ കവിയാത്ത തുക പിഴ ലഭിക്കുമെന്ന് ട്രാഫിക് ഡയറക്ടറേറ്റ് വ്യക്തമാക്കി.
സൗദി ട്രാഫിക് ഡയറക്ടറേറ്റ് / സൗദി മുറൂർ ഒഫീഷ്യൽ