ജിദ്ദ: മക്കയിലെ ജബല്‍ അല്‍ നൂറിലെ ഹിറാ ഗുഹയിലേക്കുള്ള തീർഥാടകരുടെ സന്ദർശനം സുഗമമാക്കുന്നതിന് കേബിള്‍ കാര്‍ സംവിധാനം വികസിപ്പിക്കുമെന്ന് സൗദി അറേബ്യ അറിയിച്ചു. 2025 ഓടെ പദ്ധതി പ്രവർത്തനക്ഷമമാക്കാനാണ് തീരുമാനം. തീര്‍ഥാടന അനുഭവം വര്‍ധിപ്പിക്കാനും ചരിത്രപരവും മതപരവുമായ ഈ സുപ്രധാന സ്ഥലത്തേക്ക് എളുപ്പത്തില്‍ പ്രവേശനം നല്‍കാനുമാണ് പദ്ധതി ലക്ഷ്യമിടുന്നത്.
മക്കയിലെ ഗ്രാന്‍ഡ് മോസ്‌കില്‍ നിന്ന് നാല് കിലോമീറ്റര്‍ അകലെ ഏകദേശം 634 മീറ്റര്‍ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഹിറാ ഗുഹയിലേക്കാണ് കേബിള്‍ കാര്‍ സംവിധാനം ഒരുക്കുക. പ്രവാചകൻ മുഹമ്മദ് നബിക്ക് ആദ്യമായി വെളിപാട് ലഭിച്ച സ്ഥലമെന്ന നിലയില്‍ ഈ ഗുഹയുടെ പ്രാധാന്യം കണക്കിലെടുത്താണ് പദ്ധതി നടപ്പിലാക്കുന്നതെന്ന് അധികൃതർ അറിയിച്ചു.
ഹജ്ജ് – ഉംറ തീർഥാടകരുടെ പ്രധാന സന്ദർശന കേന്ദ്രങ്ങളിലൊന്നായ മേഖലയുടെ വികസനം ലക്ഷ്യമിട്ട് നടപ്പിലാക്കുന്ന ഹിറാ കള്‍ച്ചറല്‍ ഡിസ്ട്രിക്ട് പൂര്‍ത്തീകരിക്കുകയും അതേ വര്‍ഷം തന്നെ ജബല്‍ അൽ നൂറിൽ മൂന്ന് പുതിയ മ്യൂസിയങ്ങള്‍ തുറക്കുകയും ചെയ്യുന്ന വികസന പദ്ധതിയുടെ ഭാഗമാണ് കേബിള്‍ കാറിന്റെ നിര്‍മാണം. കൂടാതെ, ഹിറ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റിലെ സംഭവവികാസങ്ങളെ പ്രതിഫലിപ്പിക്കുന്ന, വിവിധ സേവനങ്ങളുള്ള ഒരു സംയോജിത അയല്‍പക്കമായ മൗണ്ട് സൗർ കള്‍ച്ചറല്‍ ഡിസ്ട്രിക്റ്റ് പ്രോജക്റ്റ് 2025ല്‍ ആരംഭിക്കും.
മക്കയുടെ സമ്പന്നമായ ചരിത്രപരവും ഇസ്ലാമികവുമായ പൈതൃകത്തില്‍ അല്‍ നൂര്‍ പര്‍വതത്തിന്റെയും ഹിറ ഗുഹയുടെയും പ്രാധാന്യം വലുതാണെന്നും അതുകൊണ്ടുതന്നെ മേഖലയുടെ വികസനത്തിന് മുന്തിയ പരിഗണനയാണ് ഹജ്ജ് – ഉംറ മന്ത്രാലയം നൽകുന്നതെന്നും അധികൃതർ അറിയിച്ചു. പ്രകാശത്തിന്റെ പര്‍വ്വതം എന്നറിയപ്പെടുന്ന ജബല്‍ അല്‍ നൂര്‍ ഒട്ടകത്തിന്റെ രൂപത്തിന് സമാനമായ തനതായ ആകൃതിയാല്‍ വേറിട്ടുനില്‍ക്കുന്നു. ഒരേ സമയം അഞ്ച് പേര്‍ക്ക് ഇരിക്കാന്‍ കഴിയുന്ന ഹിറാ ഗുഹ, പ്രവാചകന്റെ ആദ്യകാല വെളിപാടുകളുമായുള്ള ബന്ധം കാരണം മുസ്ലീങ്ങള്‍ക്ക് അഗാധമായ പ്രാധാന്യമുള്ള തീർഥാടന കേന്ദ്രവുമാണ്.
55 ചതുരശ്ര കിലോമീറ്റര്‍ വിസ്തൃതിയുള്ള ഈ പര്‍വ്വതം 380 മീറ്റര്‍ മുതല്‍ 500 മീറ്റര്‍ വരെ കുത്തനെയുള്ള ചെരിവാണ്. ജബൽ അൽ നൂറിലേക്ക് കേബിൾ കാർ വരുന്നതോടെ ഇവിടേക്കുള്ള തീർഥാടനം എളുപ്പമാവും. നിലവിൽ മല നടന്നു കയറാനുള്ള ആരോഗ്യം ഉള്ളവർ മാത്രമേ ഇവിടം സന്ദർശിക്കാറുള്ളൂ.