അബുദാബി: റസിഡന്‍സ് വിസ നിയമങ്ങള്‍ ലംഘിച്ച് യുഎഇയില്‍ താമസിക്കുന്നവര്‍ക്ക് രണ്ട് മാസത്തെ പൊതുമാപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ് അധികൃതര്‍. സെപ്റ്റംബര്‍ ഒന്നു മുതല്‍ ആരംഭിക്കുന്ന പൊതുമാപ്പ് കാലാവധിയില്‍ വിദേശികളുടെ പ്രവേശനവും താമസവും സംബന്ധിച്ച ഫെഡറല്‍ നിയമം ലംഘിച്ചതു കാരണം ഏതെങ്കിലും തരത്തിലുള്ള സാമ്പത്തിക പിഴകള്‍ ഉള്ളവര്‍ക്ക് അത് ഒഴിവാക്കിനല്‍കും. എന്നാല്‍ ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങള്‍ ഔദ്യോഗികമായി പുറത്തുവരാനിരിക്കുന്നതേയുള്ളൂ. വരുംദിവസങ്ങളില്‍ ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) ഇതുമായി ബന്ധപ്പെട്ട പ്രഖ്യാപനം നടത്തുമെന്നാണ് കരുതുന്നത്.
അതേസമയം, പൊതുമാപ്പുമായി ബന്ധപ്പെട്ട് നിരവധി പല രീതിയിലുള്ള ചോദ്യങ്ങള്‍ പ്രവാസി സമൂഹത്തിന്‍റെ ഭാഗത്തു നിന്ന് ഉയര്‍ന്നുവരുന്നുണ്ട്. അതിലൊന്നാണ് നിയമലംഘകര്‍ സ്റ്റാറ്റസ് ക്രമീകരിച്ച് പിഴ അടയ്ക്കാതെ നാട്ടിലേക്ക് പോയാല്‍ അവര്‍ക്ക് യുഎഇയിലേക്ക് തിരികെ വരാന്‍ പറ്റുമോ എന്നത്. അതോ മുന്‍ തവണകളില്‍ പൊതുമാപ്പ് വേളയില്‍ ഉണ്ടായതു പോലെ ഒരു നിശ്ചിത കാലത്തേക്ക് പ്രവേശന വിലക്ക് യുഎഇ ഏര്‍പ്പെടുത്തുമോ എന്നും പലരും ചോദിക്കുന്നുണ്ട്.
എന്നാല്‍ ഇത്തവണ സ്റ്റാറ്റസ് ക്രമീകരിച്ച് നാട്ടിലേക്ക് പോകുന്നവര്‍ക്ക് തിരികെ വരാന്‍ ബുദ്ധിമുട്ടുണ്ടാവില്ല എന്നാണ് ഇതുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്നവര്‍ പങ്കുവയ്ക്കുന്ന വിവരം. ഇത്തവണത്തെ പൊതുമാപ്പില്‍ അത്തരമൊരു പ്രവേശന വിലക്ക് ഉണ്ടാവില്ലെന്ന് ഇമിഗ്രേഷന്‍ കണ്‍സല്‍ട്ടന്‍റുകള്‍, സാമൂഹിക പ്രവര്‍ത്തകര്‍ തുടങ്ങിയവരെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങള്‍ അറിയിച്ചു. അതുകൊണ്ടു തന്നെ പൊതുമാപ്പ് പരമാവധി പ്രയോജനപ്പെടുത്താന്‍ അനധികൃത താമസക്കാരോട് അവര്‍ അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ദുബായിൽ ബിസിനസ് തുടങ്ങാൻ ഇന്ത്യക്കാരുടെ മുന്നേറ്റം തുടരുന്നു
വിസ സ്റ്റാറ്റസ് ക്രമീകരിച്ചതിന് ശേഷം അവര്‍ക്ക് എപ്പോള്‍ വേണമെങ്കിലും യുഎഇയിലേക്ക് മടങ്ങാമെന്നാണ് ഇമിഗ്രേഷന്‍ ഉപദേഷ്ടാവ് അലി സയീദ് അല്‍ കഅബിയുടെ പക്ഷം. യുഎഇയിലേക്ക് തിരികെ വരാന്‍ ആഗ്രഹിക്കുന്ന പൊതുമാപ്പ് അപേക്ഷകര്‍, പുറത്തേക്ക് പോകുന്നതിന് മുമ്പ് യുഎഇ കമ്പനിയില്‍ നിന്ന് ഒരു റെസിഡന്‍സി വിസയോ ഓഫര്‍ ലെറ്ററോ സമ്പാദിക്കാനായാല്‍ കാര്യങ്ങള്‍ ഏറെ എളുപ്പമാവുമെന്നും അദ്ദേഹം അറിയിച്ചു.
യുഎഇ സര്‍ക്കാരിന്‍റെ കഴിഞ്ഞ പൊതുമാപ്പ് ഉപയോഗപ്പെടുത്തിയവര്‍ക്ക് ഒരു നിശ്ചിത കാലയളവിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരുന്നു. എന്നാല്‍ ഇത്തവണ അതുണ്ടാവില്ല. പഴയതു പോലെ ഇമിഗ്രേഷന്‍ ഓഫീസുകളില്‍ പൊതുമാപ്പുകാര്‍ക്കായി പ്രത്യേക ടെന്‍റുകളോ മറ്റോ ഉണ്ടാവില്ല. യുഎഇയിലുടനീളമുള്ള അംഗീകൃത ടൈപ്പിങ് സെന്‍ററുകള്‍ വഴിയാണ് അപേക്ഷ നല്‍കേണ്ടതെന്നാണ് വിവരം.