മസ്‌ക്കറ്റ് / റിയാദ്: ഗള്‍ഫ് രാജ്യങ്ങളില്‍ ശക്തമായിക്കൊണ്ടിരിക്കുന്ന ഉഷ്ണ തരംഗത്തിനിടയില്‍ അടുത്ത ഏതാനും ദിവസങ്ങളില്‍ സൗദിയിലും ഒമാനിലും ശക്തമായ മഴ ലഭിക്കാന്‍ സാധ്യതയുണ്ടെന്ന് ബന്ധപ്പെട്ട ഏജന്‍സികള്‍ അറിയിച്ചു. ഒമാനിലെ ചില പ്രദേശങ്ങളില്‍ ഇടയ്ക്കിടെയുള്ള മഴയും ഇടിമിന്നലും പ്രതീക്ഷിക്കുന്നതായാണ് കാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്‍റെ മുന്നറിയിപ്പ്.
സുല്‍ത്താനേറ്റ് സിവില്‍ ഏവിയേഷന്‍ അതോറിറ്റി ജൂലൈ 31 മുതല്‍ ഓഗസ്റ്റ് 2 വരെയുള്ള ദിവസങ്ങളിലാണ് ഈ മഴ മുന്നറിയിപ്പ് നല്‍കിയത്. അറബിക്കടലില്‍ ജൂലൈ അവസാനത്തില്‍ രൂപപ്പെടുന്ന ന്യൂനമര്‍ദമാണ് ഇതിന് കാരണമായി ചൂണ്ടിക്കാണിക്കപ്പെടുന്നത്.
രാജ്യത്തിന്‍റെ വിവിധ മേഖലകളില്‍ മേഘാവൃതമായ കാലാവസ്ഥയും വ്യത്യസ്ത തീവ്രതയിലും ഇടിമിന്നലോടു കൂടിയുള്ളതുമായ മഴയും പ്രതീക്ഷിക്കുന്നതായി സിവില്‍ ഏവിയേഷന്‍ അതോറിറ്റി അറിയിച്ചു. ഈ കാലയളവില്‍ ശക്തമായ മഴയില്‍ താഴ്വരകളും അരുവികളും കവിഞ്ഞൊഴുകാന്‍ സാധ്യതയുണ്ടെന്നും ജനങ്ങള്‍ കനത്ത ജാഗ്രത രാലിക്കണമെന്നും ജനങ്ങള്‍ക്ക് അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
മസ്‌കറ്റും ദോഫാറും ഉള്‍പ്പെടെ ഒമാന്‍റെ തെക്ക്, വടക്കന്‍, മധ്യ മേഖലകളെ പ്രതികൂല കാലാവസ്ഥ ബാധിക്കാന്‍ സാധ്യതയുണ്ട്. ഇതിനു പുറമെ, രാജ്യത്തെ ചില പ്രദേശങ്ങളില്‍ മണല്‍ക്കാറ്റ് വീശുമെന്നും സിവില്‍ ഏവിയേഷന്‍ അതോറിറ്റി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇതില്‍ ആദം, ഹൈമ, മര്‍മുല്‍ തുടങ്ങിയ ഇടങ്ങളിലാണ് ഇത് കൂടുതല്‍ ശക്തമായി അനുഭവപ്പെടുകയെന്നും അധികൃതര്‍ വ്യക്തമാക്കി.
സ്വദേശിവൽകരണത്തിൽ തട്ടിപ്പ് നടത്തിയാൽ പിഴ വീഴും
അതിനിടെ, സൗദി അറേബ്യയിലെ ചില പ്രദേശങ്ങളിലും മഴയും മണല്‍ക്കാറ്റും അനുഭവപ്പെടുന്നതായും വരും ദിവസങ്ങളില്‍ അത് തുടരുമെന്നും കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ മക്കയിലെ നാഷണല്‍ സെന്‍റര്‍ ഓഫ് മെറ്റീരിയോളജി റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇവിടെ കനത്ത മഴ പെയ്യാന്‍ സാധ്യതയുണ്ടെന്നാണ് അധികൃതരുടെ പ്രവചനം.
മക്കയുടെ തീരപ്രദേശങ്ങള്‍ ഉള്‍പ്പെടെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ ഓഗസ്റ്റ് മൂന്നു വരെ ശക്തമായ പൊടിക്കാറ്റ് ഉണ്ടാകുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. ചിലയിടങ്ങളില്‍ ശക്തമായ ഇടിയും മിന്നലും കൊടുങ്കാറ്റും ഉണ്ടാവാന്‍ സാധ്യതയുണ്ടെന്നും അധികൃതര്‍ വ്യക്തമാക്കി. മണല്‍ക്കാറ്റിന്‍റെ സമയത്ത് ആകാശത്തെ കീഴടക്കുന്ന ‘ജിസാന്‍’ എന്ന കൂറ്റന്‍ മേഘങ്ങള്‍ കാണിക്കുന്ന ഒരു വീഡിയോ സ്റ്റോം സെന്‍റര്‍ കഴിഞ്ഞ ദിവസം പോസ്റ്റ് ചെയ്തിരുന്നു.