അബുദാബി: യുഎഇയിലേക്കു വരുന്ന വിനോദസഞ്ചാരികള്‍ക്ക് ഇന്‍ഷൂറന്‍സ് പരിരക്ഷ നല്‍കുന്ന പദ്ധതിയുമായി അധികൃതര്‍. ടൂറിസ്റ്റ് വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കുന്നതിനുള്ള പുതിയ പദ്ധതി ഉടന്‍ നടപ്പില്‍ വരുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി, സിറ്റിസണ്‍ഷിപ്പ്, കസ്റ്റംസ് ആന്‍ഡ് പോര്‍ട്ട് സെക്യൂരിറ്റി (ഐസിപി) അധികൃതര്‍ അറിയിച്ചു. പുതിയ കാലത്തിനനുസൃതമായി യുഎഇ നടപ്പിലാക്കുന്ന ‘പരിവര്‍ത്തന പദ്ധതി’കളില്‍ ഒന്നാണ് ടൂറിസ്റ്റ് വിസകള്‍ക്കുള്ള ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതിയെന്നും അധികൃതര്‍ വ്യക്തമാക്കി.
ഐസിപി വെബ്‌സൈറ്റ് വഴിയോ ആപ്പ് വഴിയോ ഓണ്‍ലൈനായി വിസയ്ക്ക് അപേക്ഷിക്കുമ്പോള്‍ തന്നെ ആരോഗ്യ ഇന്‍ഷുറന്‍സ് ലഭിക്കാന്‍ വിനോദസഞ്ചാരികളെ പദ്ധതി സഹായിക്കുമെന്ന് അതോറിറ്റി ഡയറക്ടര്‍ ജനറല്‍ മേജര്‍ ജനറല്‍ സുഹൈല്‍ സയീദ് അല്‍ ഖൈലി പറഞ്ഞു. അടിയന്തര ഘട്ടങ്ങളില്‍ വിനോദ സഞ്ചാരികള്‍ക്ക് ആരോഗ്യ പരിരക്ഷ നല്‍കാനാണ് പദ്ധതി ലക്ഷ്യമിടുന്നത്. യുഎഇയിലെ എല്ലാ പ്രമുഖ ഇന്‍ഷുറന്‍സ് കമ്പനികളില്‍ നിന്നുമുള്ള പാക്കേജുകളുടെ വിലനിര്‍ണ്ണയവും നടപടിക്രമങ്ങളും നിയന്ത്രിക്കുന്ന ഒരു ഇലക്ട്രോണിക് പ്ലാറ്റ്ഫോമിലൂടെ ആരോഗ്യ ഇന്‍ഷുറന്‍സ് നേടുന്ന ഒരു സംവിധാനം നടപ്പിലാക്കാന്‍ ഇതുവഴി സാധിക്കും.
പുതിയ പദ്ധതി രാജ്യത്തെ ആരോഗ്യ സംരക്ഷണ സംവിധാനത്തിനും ഇന്‍ഷൂറന്‍സ് മേഖലയ്ക്കും മാത്രമല്ല, രാജ്യത്തെത്തുന്ന വിനോദ സഞ്ചാരികള്‍ക്കും വലിയ രീതിയില്‍ ഗുണം ചെയ്യുമെന്നാണ് ഇന്‍ഷൂറന്‍സ് രംഗത്തെ പ്രമുഖരുടെ അഭിപ്രായം. അപ്രതീക്ഷിതമായ ഒരു മെഡിക്കല്‍ എമര്‍ജന്‍സി ഉണ്ടായാല്‍ അവരുടെ ആശുപത്രി ചികിത്സയ്ക്ക് പരിരക്ഷ ഉറപ്പാക്കാന്‍ ഇന്‍ഷൂറന്‍സ് പദ്ധതിയിലൂടെ സാധിക്കും. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജ്യത്തെ സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളില്‍ അടിയന്തരാവശ്യത്തിനുള്ള ബില്ല് സന്ദര്‍ശകന്‍ അടയ്ക്കേണ്ടി വരില്ലെന്നതാണ് ഇതിന്റെ സവിശേഷത.
വിസയ്‌ക്കൊപ്പം തന്നെ ഇന്‍ഷൂറന്‍സ് കവറേജ് ലഭിക്കുന്ന ഓട്ടോമേറ്റഡ് ഹെല്‍ത്ത് ഇന്‍ഷുറന്‍സ് നടപടിക്രമം നടപ്പിലാക്കുന്നതോടെ ഈ രംഗത്ത് മത്സരാധിഷ്ഠിത കവറേജ് ബദലുകളുമായി വിവിധ ഇന്‍ഷൂറന്‍സ് സ്ഥാപനങ്ങള്‍ രംഗത്തെത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതുവഴി മികച്ച കവറേജ് സേവനങ്ങള്‍ കുറഞ്ഞ ചെലവില്‍ നേടിയെടുക്കാന്‍ സാധിക്കും. തങ്ങളുടെ ആവശ്യത്തിന് അനുസൃതമായ ഇന്‍ഷുറന്‍സ് ദാതാക്കളെ തിരഞ്ഞെടുക്കാന്‍ ഇത് സന്ദര്‍ശകരെ അനുവദിക്കും. പദ്ധതി നിലവില്‍ വരുന്നതോടെ വിനോദസഞ്ചാരികള്‍ക്ക് മികച്ച യാത്രാ അനുഭവമായിരിക്കും യുഎഇയില്‍ ലഭിക്കുക. ആരോഗ്യ സുരക്ഷയ്ക്കും ക്ഷേമത്തിനും മുന്‍ഗണന നല്‍കുന്ന ഒരു മികച്ച അവധിക്കാല കേന്ദ്രമെന്ന നിലയില്‍ യുഎഇയുടെ നില ഇത് കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടി.