റിയാദ്: നഗരത്തെ വരിഞ്ഞുമുറുക്കിയ ഗതാഗതക്കുരുക്കിന് പരിഹാരമായി സൗദി തലസ്ഥാനമായ റിയാദില്‍ നിർമിക്കുന്ന മെഗാ മെട്രോ റെയില്‍ പദ്ധതി ഈ വര്‍ഷം അവസാനത്തോടെ പ്രവര്‍ത്തനക്ഷമമാകുമെന്ന് പ്രതീക്ഷിക്കുന്നതായി അധികൃതരെ ഉദ്ധരിച്ച് സൗദി പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തിലെ ഏറ്റവും വലിയ ഗതാഗത പദ്ധതികളിലൊന്നായ റിയാദ് മെട്രോയില്‍ 176 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ആറ് ലൈനുകളും വിശാലമായ നഗരത്തിലുടനീളം വ്യാപിച്ചു കിടക്കുന്ന 84 റെയില്‍വേ സ്റ്റേഷനുകളും ഉള്‍പ്പെടുന്നുണ്ടെന്ന് സൗദി വാര്‍ത്താ പോര്‍ട്ടല്‍ അഖ്ബര്‍ 24 റിപ്പോര്‍ട്ട് ചെയ്തു.
പരിസ്ഥിതി സൗഹൃദ നയത്തിന്റെ ഭാഗമായി നഗരത്തിലെ ജനസാന്ദ്രതയുള്ള പ്രദേശങ്ങളില്‍ ഇലക്ട്രോണിക് ട്രെയിനുകളാണ് റഇയോദ് മെട്രോയ്ക്കായി സര്‍വീസ് നടത്തുക. കൂടാതെ അതിന്റെ സ്റ്റേഷനുകള്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന രീതിയിലാണ് രൂപകല്‍പ്പന ചെയ്തിട്ടുള്ളതെന്നും അധികൃതരെ ഉദ്ധരിച്ച് ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു. റിയാദിലെ പൊതുഗതാഗതത്തിന്റെ നട്ടെല്ലായി മാറുമെന്ന് പ്രതീക്ഷിക്കുന്ന റിയാദ് മെട്രോ റെയില്‍ ശൃംഖല നഗരത്തിലെ കിംഗ് ഖാലിദ് ഇന്റര്‍നാഷണല്‍ എയര്‍പോര്‍ട്ട്, കിങ് അബ്ദുല്ല ഫിനാന്‍ഷ്യല്‍ ഡിസ്ട്രിക്റ്റ്, യൂണിവേഴ്സിറ്റികള്‍, സെന്‍ട്രല്‍ റിയാദ് എന്നിവയെ തമ്മില്‍ ബന്ധിപ്പിക്കും.
22.5 ബില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന റിയാദ് മെട്രോ പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ പ്രതിദിനം 12 ലക്ഷം യാത്രക്കാരെ ഉള്‍ക്കൊള്ളുമെന്നാണ് കണക്കാക്കപ്പെടുന്നത്. പദ്ധതി പൂര്‍ണ രീതിയില്‍ പ്രവര്‍ത്തനക്ഷമമാവുന്നതോടെ ദിവസേന 3.6 ദശലക്ഷം യാത്രക്കാര്‍ക്ക് പ്രയോജനം നടക്കും. റിയാദിലെ ഗതാഗതക്കുരുക്ക് മറികടക്കാന്‍ മെട്രോ സര്‍വീസ് യാഥാര്‍ഥ്യമാകുന്നതോടെ സാധിക്കുമെന്ന് റിയാദ് മേയര്‍ പ്രിന്‍സ് ഫൈസല്‍ ബിന്‍ അയ്യാഫ് പറഞ്ഞു.
നിലവില്‍ റിയാദ് നഗരത്തിലേക്കുള്ള യാത്രകളില്‍ 90 ശതമാനവും സ്വകാര്യ കാറുകളിലാണ്. ബാക്കി 10 ശതമാനം ടാക്സികളുമാണ്. നഗരത്തിലെ ഗതാഗതക്കുരിക്കരുക്കിനുള്ള അടിസ്ഥാന കാരണവും ഇതാണ്. എന്നാല്‍ ദൂരസ്ഥലങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന മെട്രോ സംവിധാനം വരുന്നതോടെ വലിയ തോതില്‍ സ്വകാര്യ വാഹനങ്ങള്‍ നഗരത്തിലെ റോഡുകളില്‍ നിന്ന് അപ്രത്യക്ഷമാവുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം അഭിപ്രായപ്പെട്ടു.
ഗതാഗതക്കുരുക്ക് ലഘൂകരിക്കുന്നതിനും കാര്‍ബണ്‍ ബഹിര്‍ഗമനം കുറയ്ക്കുന്നതിനും ഗതാഗത അനുഭവം മെച്ചപ്പെടുത്തുന്നതിനുമുള്ള സൗദിയുടെ അഭിമാന പദ്ധതികളിലൊന്നായ റിയാദ് മെട്രോയ്ക്കായി വളരെ പ്രതീക്ഷയോടെയാണ് നഗരത്തിലെ താമസക്കാര്‍ ഉറ്റുനോക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. 2030ലെ വേള്‍ഡ് എക്സ്പോയ്ക്ക് ആതിഥേയത്വം വഹിക്കാന്‍ തയ്യാറെടുക്കുന്ന സൗദിയില്‍, എക്സ്പോയുമായി ബന്ധപ്പെട്ട പ്രധാന പരിപാടികളെല്ലാം നടക്കുന്നത് റിയാദിലാണ്. അതിനു മുന്നോടിയായി ഗതാഗതം സുഗമമാക്കാനുള്ള തയ്യാറെടുപ്പിലാണ് അധികൃതര്‍.