കോഴിക്കോട് :കുറഞ്ഞ നിരക്കിലുള്ള ഒരു എയർലൈൻ എന്ന മലയാളികളുടെ സ്വപ്നം യാഥാർത്ഥ്യമാക്കാൻ ഒരുങ്ങുകയാണ് രണ്ട് പ്രവാസി മലയാളികൾ. ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ബിസിനസുകാരായ അഭി അഹമ്മദ്, അയ്യൂബ് കല്ലട എന്നിവരാണ് എയർ കേരള എന്ന സ്വപ്ന എയർലൈന് പിന്നിൽ. കഴിഞ്ഞ ദിവസം ഇന്ത്യയുടെ സിവിൽ ഏവിയേഷൻ മന്ത്രാലയത്തിൽ നിന്ന് ഇവരുടെ കമ്പനിക്ക് നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ലഭിച്ചിരുന്നു. സെറ്റ്‍ഫ്ലൈ ഏവിയേഷൻ എന്ന പേരിൽ ആണ് കമ്പനി രജിസ്റ്റർ ചെയ്തിരിക്കുന്നത്.
അടുത്ത വർഷം ആഭ്യന്തര വിമാന സർവീസുകൾ ആരംഭിച്ചേക്കുമെന്നാണ് സൂചന. അടുത്ത ഘട്ടത്തിൽ രാജ്യാന്തര സർവീസുകളു തുടങ്ങും. എയർലൈന് മൂന്ന് വർഷത്തേക്ക് ഷെഡ്യൂൾഡ് യാത്രാ വിമാന സർവീസുകൾ നടത്താനാകും. സ്വപ്നം യാഥാർത്ഥ്യമായാൽ കേരളത്തിൽ നിന്നുള്ള ആദ്യത്തെ പ്രാദേശിക എയർലൈൻ കൂടിയാകും ഇത്.
വർഷങ്ങളായുള്ള കഠിനാധ്വാനത്തിൻ്റെ ഫലമാണ് എയർ കേരള എന്ന് അഫി അഹമ്മദ് ഖലീജ് ടൈംസിന് നൽകിയ ഒരു അഭിമുഖത്തിൽ വ്യക്തമാക്കിയിരുന്നു. സ്വപ്നത്തിലേക്ക് ഇനിയും ഒരുപാട് സഞ്ചരിക്കാനുണ്ടെങ്കിലും എൻഒസി ലഭിച്ചത് വലിയൊരു ചുവടുവയ്പാണ് എന്ന് അദ്ദേഹം പറയുന്നു. പലരും ഒരിക്കലും യാഥാർത്ഥ്യമാകില്ലെന്ന് പറഞ്ഞു തള്ളിയ ഒരു പ്രോജക്ടാണിത്. രാജ്യത്തെ ഏവിയേഷൻ മേഖലയിലെ എല്ലാ സുരക്ഷാ, പ്രവർത്തന മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്ന നിർണായക ഘട്ടമാണ് എൻഒസി എന്ന് അയൂബ് കല്ലട പറയുന്നു.
സ്മാർട്ട് ട്രാവൽസ് എന്ന ട്രാവൽ ഏജൻസിയുടെ സ്ഥാപകനാണ് അഫി അഹമ്മദ്. യുഎയിലും ദുബായി, ഷാർജ എന്നിവിടങ്ങളിലും സാനിധ്യമുണ്ട്. എയർകേരള.കോം എന്ന ഡൊമെയ്ൻ നാമത്തിനായി ഒരു പ്രാദേശിക കമ്പനിക്ക് 10 ലക്ഷം ദിർഹമാണ് കഴിഞ്ഞ വർഷം അദ്ദേഹം നൽകിയത്. ദുബായിലെ കല്ലട ഫൂഡ് ഇൻഡസ്ട്രീസ് എന്ന കമ്പനിയുടെ ഉടമയാണ് അയ്യൂബ് കല്ലട. ഡ്രൈ ഫ്രൂട്ട്സ്, സുഗന്ധ വ്യഞ്ജനങ്ങൾ തുടങ്ങിയവ സംസ്കരിച്ച് പാക്ക് ചെയ്ത് വിവിധ ബ്രാൻഡുകളിൽ വിപണനം ചെയ്യുന്നതാണ് സംരംഭം.
എയർ കേരള 2005-ൽ കണ്ട സ്വപ്നം
2005-ൽ കേരള സർക്കാർ ആദ്യമായി പ്രഖ്യാപിച്ച പദ്ധതിയായിരുന്നു എയർ കേരള. ഉമ്മൻ ചാണ്ടി സർക്കാരാണ് ആശയത്തിന് തുടക്കമിട്ടതെങ്കിലും സ്വപ്നം യാഥാർത്ഥ്യമാക്കാൻ ആയില്ല. എന്നാൽ ഇപ്പോൾ സെറ്റ്ഫ്ലൈ ഏവിയേഷന് എൻഒസി ലഭിച്ചതോടെ ഈ സ്വപ്നത്തിന് വീണ്ടും ചിറകു വയ്ക്കുകയാണ്.
തുടക്കത്തിൽ ചെറുനഗരങ്ങളെ ബന്ധിപ്പിച്ചായിരിക്കും സർവീസ്.