ദുബായ്: ദുബായിലെ സ്വകാര്യമേഖലാ ജോലികളില്‍ വിരമിക്കല്‍ പ്രായം എത്രയാണെന്നത് പൊതുവെയുള്ള സംശയമാണ്. പല സ്ഥാപനങ്ങളിലും 60 വയസ്സാണ് അംഗീകൃത വിരമിക്കല്‍ പ്രായമെങ്കിലും അതിനേക്കാള്‍ കൂടുതല്‍ പ്രായമുള്ളവരും വിവിധ മേഖലയില്‍ ജോലി ചെയ്തുവരുന്നുണ്ട്. യുഎഇയില്‍ തൊഴിലുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങളുമായി ബന്ധപ്പെട്ട് നിലവിലുള്ള ഫെഡറല്‍ നിയമത്തിലോ അതുമായി ബന്ധപ്പെട്ട മന്ത്രിതല പ്രമേയങ്ങളിലോ രാജ്യത്തെ ജീവനക്കാരുടെ വിരമിക്കല്‍ പ്രായത്തെക്കുറിച്ച് ഒന്നും പറയുന്നില്ലെന്നാണ് ഈ രംഗത്തെ വിദഗ്ധര്‍ പറയുന്നത്.
അതേസമയം, നിലവിലെ തൊഴില്‍ നിയമപ്രകാരം, അതില്‍ പറയാത്ത ഇത്തരം കാര്യങ്ങളില്‍ മുന്‍ തൊഴില്‍ നിയമത്തിലെ വ്യവസ്ഥകള്‍, അതായത് 1980 ലെ 8-ാം നമ്പര്‍ ഫെഡറല്‍ നിയമവും തൊഴില്‍ ബന്ധങ്ങളെ നിയന്ത്രിക്കുന്ന മറ്റ് പ്രമേയങ്ങളും അനുസരിച്ച് തീരുമാനിക്കണമെന്നാണ് വ്യവസ്ഥ. ഇതുപ്രകാരം, വിദേശി ജീവനക്കാരെ റിക്രൂട്ട് ചെയ്യുന്നതുമായി ബന്ധപ്പെട്ട് ലേബര്‍ പെര്‍മിറ്റ് വിഭാഗത്തില്‍ സ്വീകരിക്കേണ്ട നിയമങ്ങളും നടപടിക്രമങ്ങളും സംബന്ധിച്ച 1989 ലെ മന്ത്രിതല പ്രമേയത്തില്‍ സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്ന പ്രവാസി ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 60 വയസ്സാണെന്ന് പറയുന്നുണ്ട്. എന്നിരുന്നാലും, ജീവനക്കാരന് വിപുലവും അപൂര്‍വവുമായ അനുഭവം ഉണ്ടെങ്കില്‍, പരമാവധി പ്രായപരിധി ഒഴിവാക്കാവുന്നതാണെന്നും അതില്‍ പറയുന്നുണ്ട്.
ഹ്യൂമന്‍ റിസോഴ്സസ് ആന്‍ഡ് എമിറേറ്റൈസേഷന്‍ മന്ത്രാലയം 60 മുതല്‍ 65 വയസ്സ് വരെ പ്രായമുള്ള വ്യക്തികളില്‍ നിന്ന് വര്‍ക്ക് പെര്‍മിറ്റിന് വേണ്ടിയുള്ള അഭ്യര്‍ത്ഥനകള്‍ സ്വീകരിക്കുന്ന സ്ഥിതിക്ക് വിരമിക്കല്‍ 60ല്‍ നിന്ന് 65 ആയി ഉയര്‍ത്തിയതായി അനുമാനിക്കാവുന്നതാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍, ഫ്രീസോണിന് പുറത്തുള്ള മെയിന്‍ ലാന്‍ഡിലെ സ്വകാര്യ മേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്ന ജീവനക്കാരുടെ വിരമിക്കല്‍ പ്രായം 65 വയസ്സ് വരെയാകാം. എന്നിരുന്നാലും, ജോലിയുടെ സ്വഭാവം, യോഗ്യത, വൈദഗ്ധ്യം എന്നിവ കണക്കിലെടുത്ത്, വിരമിക്കുന്നതിനുള്ള പ്രായപരിധി കൂടുകയുമാവാം.
മേല്‍പ്പറഞ്ഞ നിയമ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍, നിലവിലെ തൊഴില്‍ സ്ഥാപനത്തില്‍ നിന്ന് ഒരാള്‍ വിരമിച്ച ശേഷം, അയാളുടെ പ്രവൃത്തി പരിചയവും വൈദഗ്ധ്യവും അടിസ്ഥാനമാക്കി യുഎഇയിലെ മറ്റൊരു സ്ഥാപനം വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കുകയാണെങ്കില്‍ അയാള്‍ക്ക് ആ ജോലി വാഗ്ദാനം സ്വീകരിക്കാനാവും. എന്നിരുന്നാലും, പുതിയ തൊഴിലുടമ സമര്‍പ്പിച്ച അപേക്ഷയുടെ അടിസ്ഥാനത്തില്‍ ഒരാള്‍ക്ക് വര്‍ക്ക് പെര്‍മിറ്റ് അനുവദിക്കണമോ വേണ്ടയോ എന്നുള്ളത് മന്ത്രാലയത്തിന്റെ വിവേചനാധികാരത്തില്‍പ്പെട്ട കാര്യമാണ്.