ജിദ്ദ – എന്‍ജിനീയറിംഗ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാനുള്ള തീരുമാനം ഈ മാസം 21 മുതല്‍ പ്രാബല്യത്തില്‍വരുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം അറിയിച്ചു. എന്‍ജിനീയറിംഗ് പ്രൊഫഷനില്‍ പെട്ട അഞ്ചും അതില്‍ കൂടുതലും പേര്‍ ജോലി ചെയ്യുന്ന സ്ഥാപനങ്ങള്‍ക്ക് സൗദിവല്‍ക്കരണ തീരുമാനം ബാധകമാണ്. സിവില്‍ എന്‍ജിനീയര്‍, മെക്കാനിക്കല്‍ എന്‍ജിനീയര്‍, സര്‍വേ എന്‍ജിനീയര്‍, ഇന്റീരിയര്‍ ഡിസൈന്‍ എന്‍ജിനീയര്‍, ടൗണ്‍ പ്ലാനിംഗ് എന്‍ജിനീയര്‍, ആര്‍ക്കിടെക്ട് എന്നീ പ്രൊഫഷനുകളാണ് സൗദിവല്‍ക്കരണ തീരുമാനത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
സൗദി യുവതീയുവാക്കള്‍ക്ക് ആകര്‍ഷവും ഉല്‍പാദനക്ഷമവുമായ കൂടുതല്‍ തൊഴിലവസരങ്ങള്‍ ലഭ്യമാക്കാന്‍ ലക്ഷ്യമിട്ട് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയവുമായുള്ള പങ്കാളിത്തത്തോടെയാണ് എന്‍ജിനീയറിംഗ് മേഖലയില്‍ 25 ശതമാനം സൗദിവല്‍ക്കരണം നിര്‍ബന്ധമാക്കാന്‍ മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം തീരുമാനിച്ചത്. ഇതനുസരിച്ച് എന്‍ജിനീയറിംഗ് മേഖലയില്‍ സൗദിവല്‍ക്കരണം പാലിക്കുന്നത് മുനിസിപ്പല്‍, ഗ്രാമ, പാര്‍പ്പിടകാര്യ മന്ത്രാലയവും നിരീക്ഷിക്കും.
റിക്രൂട്ട്‌മെന്റ് പ്രക്രിയക്കുള്ള പിന്തുണ, അനുയോജ്യരായ തൊഴിലാളികള്‍ക്കു വേണ്ടിയുള്ള അന്വേഷണം, പരിശീല പ്രക്രിയക്കുള്ള പിന്തുണ, പുതുതായി ജോലിയില്‍ നിയമിക്കുന്നവരുടെ വേതന വിഹിതം വഹിക്കല്‍ അടക്കമുള്ള മാനവശേഷി, സാമൂഹിക വികസന മന്ത്രാലയത്തിന്റെയും അനുബന്ധ വകുപ്പുകളുടെയും പ്രോത്സാഹനങ്ങള്‍ സൗദിവല്‍ക്കരണം നടപ്പാക്കുന്ന സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് പ്രയോജനപ്പെടുത്താന്‍ കഴിയുമെന്ന് മാനവശേഷി, സാമൂഹിക വികസന മന്ത്രാലയം പറഞ്ഞു.