ദുബായ്: സൈബര്‍ തട്ടിപ്പുകാര്‍ക്കെതിരേ യുഎഇ പോലിസ് നടത്തി രാത്രി റെയിഡുകളില്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി പിടിയിലായത് ഓണ്‍ലൈന്‍ തട്ടിപ്പ് റാക്കറ്റിലെ നൂറിലേറെ പേര്‍. അജ്മാനിലാണ് ഏറ്റവും വലിയ ഓപ്പറേഷന്‍ നടന്നത്. നഗരത്തിലെ ഗ്രാന്‍ഡ് മാളിലും സൈബര്‍ കുറ്റകൃത്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന നിരവധി റെസിഡന്‍ഷ്യല്‍ ടവറുകളിലും പ്രത്യേക സേന പുലര്‍ച്ചെ വരെ നടത്തിയ റെയിഡുകളിലാണ് ഏറ്റവും കൂടുതല്‍ പേര്‍ പിടിയിലായത്.
ദുബായ് ലാന്‍ഡിലെ റഹാബ റെസിഡന്‍സില്‍ നടത്തിയ മറ്റൊരു റെയ്ഡിലും നിരവധി സൈബര്‍ തട്ടിപ്പുകാര്‍ പിടിയിലായി. സൈബര്‍ റാക്കറ്റിലെ ഏറ്റവും താഴെ ടെലിസെയില്‍സ് ഏജന്റുമാരും ഏറ്റവും മുകളില്‍ വിദഗ്ധരായ ഹാക്കര്‍മാരുമാണെന്ന് പോലിസ് ചോദ്യം ചെയ്യലില്‍ വ്യക്തമായി.
ആളുകള്‍ വലയില്‍ വീണുവെന്ന് കണ്ടാല്‍ പിന്നീടാണ് ഹാക്കര്‍മാരുടെ ഇടപെടല്‍. പാസ് വേഡുകളും അക്കൗണ്ടുകളും ഹാക്ക് ചെയ്യുന്നതിലൂടെ ഇരകളുടെ അക്കൗണ്ടിലുള്ള മുഴുവന്‍ തുകയും കൈക്കലാക്കാന്‍ ഈ സംഘങ്ങള്‍ക്ക് സാധിക്കും. ദിവസേന നൂറുകണക്കിന് ആളുകളെ ഇങ്ങനെ കബളിപ്പിക്കാറുണ്ടെന്ന് സംഘം സമ്മതിച്ചു. നേരത്തേ ഏഷ്യന്‍, ആഫ്രിക്കന്‍ രാജ്യങ്ങളില്‍ നിന്നായിരുന്നു ഇത്തരം സൈബര്‍ തട്ടിപ്പുകാര്‍ പ്രവര്‍ത്തിച്ചിരുന്നതെങ്കില്‍, കോവിഡിന് ശേഷം അവിടങ്ങളില്‍ പരിശോധനകള്‍ കര്‍ക്കശമായതോടെ യുഎഇ അടക്കമുള്ള കേന്ദ്രങ്ങളിലേക്ക് സംഘം ചേക്കേറുകയായിരുന്നു.