റിയാദ്: അടുത്ത മാസം റിയാദില്‍ നടക്കുന്ന ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് വമ്പന്‍ ഓഫറുമായി സൗദി അറേബ്യ. ജൂലൈ മൂന്നിനാരംഭിച്ച് എട്ടാഴ്ച നീണ്ടു നില്‍ക്കുന്ന ഇസ്‌പോര്‍ട്‌സ് ലോകകപ്പില്‍ പങ്കെടുക്കാനെത്തുന്നവര്‍ക്ക് ഇ-വിസകള്‍ നല്‍കാനാണ് പദ്ധതി.
ജൂലൈ മൂന്ന് മുതല്‍ ആഗസ്ത് 25 വരെയാണ് റിയാദ് ബൊളിവാര്‍ഡ് സിറ്റിയില്‍ ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പ് നടക്കുന്നത്. 90 ദിവസം കാലാവധിയുള്ളതായിരിക്കും ഇ-വിസയെന്ന് അധികൃതര്‍ അറിയിച്ചു. വിസ പ്ലാറ്റ്ഫോമായ സൗദി വിസ വഴി നടപടികള്‍ പൂര്‍ത്തിയാക്കാന്‍ കഴിയും. മുഹമ്മദ് ബിന്‍ സല്‍മാന്‍ രാജകുമാരന്റെ താല്‍പര്യപ്രകാരം ആദ്യമായി രാജ്യത്ത് ഇ-സ്പോര്‍ട്സ് വേള്‍ഡ് കപ്പിന്റെ മൊത്തം മൂല്യം 60 മില്യണ്‍ ഡോളര്‍ വരുമെന്നാണ് കണക്കാക്കപ്പെടുന്നത്. 500ത്തോളം പ്രമുഖ അന്താരാഷ്ട്ര ക്ലബ്ബുകളെ പ്രതിനിധീകരിച്ച് 1,500ലധികം കളിക്കാര്‍ 22 മത്സര ഇനങ്ങളിലായി ടൂര്‍ണമെന്റില്‍ പങ്കെടുക്കും.
ടൂര്‍ണമെന്റിനെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളും അതിന്റെ ഇവന്റുകളുടെ വിശദാംശങ്ങളും ഇ-സ്പോര്‍ട്സ് ലോകകപ്പ് വെബ്സൈറ്റില്‍ നിന്ന് ലഭിക്കും. 90 ദിവസത്തെ സാധുതയുള്ള സിംഗിള്‍ എന്‍ട്രി വിസ ലഭിക്കുന്നതിന് ഏകീകൃത ദേശീയ വിസ പ്ലാറ്റ്ഫോമായ ”സൗദി വിസ” വഴി ഇ-വിസ അപേക്ഷ സമര്‍പ്പിക്കാം. സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന എല്ലാ അന്തര്‍ദേശീയ ഇവന്റുകളും വന്‍ വിജയമാക്കുന്നതിന്റെ ഭാഗമായി, ഈ ടൂര്‍ണമെന്റില്‍ പങ്കെടുക്കാന്‍ രാജ്യത്തിലേക്കുള്ള സന്ദര്‍ശകര്‍ക്ക് നടപടിക്രമങ്ങള്‍ സുഗമമാക്കുക എന്ന ലക്ഷ്യത്തോടെയാണ് ഇ-വിസ നല്‍കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഗെയിമിംഗിന്റെയും ഇലക്ട്രോണിക് സ്പോര്‍ട്സിന്റെയും ആഗോള ലക്ഷ്യസ്ഥാനമെന്ന നിലയില്‍ രാജ്യത്തിന്റെ സ്ഥാനം ഉറപ്പിക്കുന്നതിന് ഇ-സ്പോര്‍ട്സ് ലോകകപ്പ് സഹായകമാവും.