ജിദ്ദ – സൗദി ഓഹരി വിപണിയില്‍ നടത്തിയ നിക്ഷേപങ്ങളിലൂടെ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് കഴിഞ്ഞ വര്‍ഷം 5,880 കോടി റിയാല്‍ ലാഭവിഹിതമായി ലഭിച്ചതായി കണക്ക്. തൊട്ടു മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ കൊല്ലം പി.ഐ.എഫിന് ലഭിച്ച ലാഭവിഹിതം 151 ശതമാനം തോതില്‍ ഉയര്‍ന്നു. സൗദി ഷെയര്‍മാര്‍ക്കറ്റില്‍ ലിസ്റ്റ് ചെയ്ത 25 കമ്പനികളില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് ഓഹരി പങ്കാളിത്തമുണ്ട്. ഇതില്‍ 18 കമ്പനികളും കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിത വിതരണം പ്രഖ്യാപിച്ചിട്ടുണ്ട്. മആദിനും സാപ്റ്റ്കോയും ഇഅ്മാറും അല്അഖാരിയയും മിഡില്‍ ഈസ്റ്റ് പേപ്പര്‍ കമ്പനിയും (മെപ്കോ) സൗദി സെറാമിക്സും എണ്ണ, ഗ്യാസ് കിണര്‍ ഡ്രില്ലിംഗ് കമ്പനിയായ അഡീസും കഴിഞ്ഞ വര്‍ഷത്തെ ലാഭവിഹിത വിതരണം പ്രഖ്യാപിച്ചിട്ടില്ല.
ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയായ സൗദി അറാംകൊയില്‍ പി.ഐ.എഫിനുള്ള ഓഹരി പങ്കാളിത്തം വര്‍ധിച്ചിട്ടുണ്ട്. 2023 ഏപ്രിലില്‍ കമ്പനിയുടെ നാലു ശതമാനം ഓഹരികള്‍ പി.ഐ.എഫിനു കീഴിലെ സനാബില്‍ ഇന്‍വെസ്റ്റ്മെന്റ് കമ്പനിയിലേക്കും 2024 മാര്‍ച്ചില്‍ കമ്പനിയുടെ എട്ടു ശതമാനം ഓഹരികള്‍ ഫണ്ടിനു കീഴിലെ മറ്റു കമ്പനികളിലേക്കും ഗവണ്മെന്റ് മാറ്റിയിരുന്നു. ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം സൗദി അറാംകൊയില്‍ സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് 16 ശതമാനം ഓഹരി പങ്കാളിത്തമാണുള്ളത്.
മലയാളം ന്യൂസ് വാട്സാപ്പ് ചാനലിൽ ജോയിൻ ചെയ്യാൻ ഇവിടെ ക്ലിക്ക് ചെയ്യുക
കഴിഞ്ഞ വര്‍ഷം ഫണ്ടിന് ഏറ്റവുമധികം ലാഭവിഹിതം ലഭിച്ചത് സൗദി അറാംകൊയില്‍ നിന്നാണ്. അറാംകൊ ലാഭവിഹിതമായി 4,210 കോടി റിയാല്‍ ഫണ്ടിന് ലഭിച്ചു. സൗദി ഓഹരി വിപണിയില്‍ നിന്ന് ഫണ്ടിന് ലഭിച്ച ലാഭവിഹിതത്തില്‍ 72 ശതമാനവും അറാംകൊയില്‍ നിന്നാണ്. മറ്റു കമ്പനികളില്‍ നിന്ന് 1,670 കോടി റിയാല്‍ ലഭിച്ചു.
രണ്ടാം സ്ഥാനത്തുള്ള സൗദി ടെലികോം കമ്പനിയില്‍ നിന്ന് 830 കോടി റിയാലും സൗദി നാഷണല്‍ ബാങ്കില്‍ നിന്ന് 391 കോടി റിയാലും സൗദി ഇലക്ട്രിസിറ്റി കമ്പനിയില്‍ നിന്ന് 216.7 കോടി റിയാലും അല്‍റിയാദ് ബാങ്കില്‍ നിന്ന് 91.4 കോടി റിയാലും ഇല്മ് കമ്പനിയില്‍ നിന്ന് 37.5 കോടി റിയാലും മറാഫിഖ് കമ്പനിയില്‍ നിന്ന് 9.6 കോടി റിയാലും അക്വാപവറില് നിന്ന് 14.6 കോടി റിയാലും യാമ്പു സിമന്റ്സില്‍ നിന്ന് 2.4 കോടി റിയാലും അല്ബഹ്രിയില് നിന്ന് 9.2 കോടി റിയാലും സൗദി സ്റ്റോക്ക് എക്സ്ചേഞ്ച് കമ്പനിയില്‍ നിന്ന് 16.6 കോടി റിയാലും തൈബ കമ്പനിയില്‍ നിന്ന് 1.4 കോടി റിയാലും അല്‍ഖസീം സിമന്റ്സില്‍ നിന്ന് 5.5 കോടി റിയാലും അല്‍ഇന്‍മാ ബാങ്കില്‍ നിന്ന് 17 കോടി റിയാലും ഈസ്റ്റേണ്‍ സിമന്റ്സില്‍ നിന്ന് 1.4 കോടി റിയാലും സതേണ്‍ സിമന്റ്സില്‍ നിന്ന് 5.2 കോടി റിയാലും കിംഗ്ഡം ഹോള്‍ഡിംഗ് കമ്പനിയില്‍ നിന്ന് 17.5 കോടി റിയാലും സൗദി ഗ്യാസ് കമ്പനിയില്‍ നിന്ന് 80 ലക്ഷം റിയാലും കഴിഞ്ഞ വര്‍ഷം സൗദി പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിന് ലാഭവിഹിതങ്ങളായി ലഭിച്ചു.
സൗദിയില്‍ സാമ്പത്തിക പരിവര്‍ത്തനത്തിന് പ്രധാന ചാലകശക്തിയായി വര്‍ത്തിക്കുന്ന പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ടിനു കീഴില്‍ 3.47 ട്രില്യണ്‍ റിയാലിന്റെ ആസ്തികളുണ്ട്. ഫണ്ട് സൗദിയില്‍ ഇതിനകം 94 കമ്പനികള്‍ സ്ഥാപിച്ചിട്ടുമുണ്ട്. 2025 വരെയുള്ള കാലത്ത് പുതിയ പദ്ധതികളില്‍ പ്രതിവര്‍ഷം 150 ബില്യണ്‍ റിയാല്‍ തോതില്‍ നിക്ഷേപങ്ങള്‍ നടത്താന്‍ ഫണ്ടിന് പദ്ധതിയുണ്ട്. കമ്പനികളില്‍ നിന്ന് ലഭിച്ച ലാഭവിഹിതം ഇതിന് ഫണ്ടിനെ സഹായിക്കും.