അല്‍ഐന്‍: ട്രാഫിക് സുരക്ഷ ഉറപ്പുവരുത്തുന്നതിന്റെ ഭാഗമായി അല്‍ ഐന്‍- ദുബായ് മോട്ടോര്‍വേയില്‍ 30 പുതിയ സ്പീഡ് ഡിറ്റക്ഷന്‍ ഉപകരണങ്ങള്‍ സ്ഥാപിച്ചതായി അബുദാബി പോലീസിന്റെ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ആന്‍ഡ് പട്രോള്‍സ് അറിയിച്ചു.
വാഹനങ്ങളുടെ അമിത വേഗത നിയന്ത്രിക്കാനും റോഡ് അപകടങ്ങള്‍ കുറയ്ക്കാനും ഇതിലൂടെ സാധിക്കുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു. അല്‍ഐന്‍- ദുബായ് റോഡില്‍ പരമാവധി വേഗപരിധി മണിക്കൂറില്‍ 140 കിലോമീറ്ററാണ്. ഈ വേഗപരിധി ലംഘിക്കുന്നവര്‍ക്കെതിരേ കര്‍ശന നിയമ നടപടി സ്വീകരിക്കും.
അതിനിടെ, ഇന്ന് ജൂണ്‍ 19 മുതല്‍ അല്‍ ഐന്‍ നഗരത്തില്‍ പാര്‍ക്കിങ് നിയമങ്ങള്‍ ലംഘിക്കുന്നവരുടെ വാഹനങ്ങള്‍ പിടിച്ചെടുക്കുമെന്ന് അധികൃതര്‍ അറിയിച്ചു. പാര്‍ക്കിങ് ഏരിയയില്‍ ലൈസന്‍സ് പ്ലേറ്റ് ഇല്ലാതെ കണ്ടെത്തുന്ന വാഹനങ്ങള്‍ അല്‍ ഐന്‍ വ്യവസായ മേഖലയിലെ മവാഖിഫ് വെഹിക്കിള്‍ ഇംപൗണ്ടിങ് യാര്‍ഡിലേക്ക് കൊണ്ടുപോകും.
ഈ വാഹനങ്ങള്‍ വില്‍പനയ്ക്ക് വയ്ക്കുകയോ മറ്റ് സര്‍ക്കാര്‍ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുകയോ ചെയ്യും. പൊതു പാര്‍ക്കിങ് ഉപയോഗം നിയന്ത്രിക്കുന്നതിനും നഗരത്തിലെ ഗതാഗതം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിട്ടുള്ള മവാഖിഫ് റെഗുലേഷന്‍ നിയമം നടപ്പിലാക്കുന്നതിനാണ് വാഹന ടോവിങ് സേവനം നടപ്പിലാക്കുന്നത്.