മിന – ഹജ് സംഘാടനം സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ അറിയിച്ചു. ‘എല്ലാം ഭംഗിയായി പൂര്‍ത്തിയായതില്‍ സര്‍വശക്തന് സ്തുതി, പ്രയാസരഹിതമായും സമാധാനത്തോടെയും സുരക്ഷിതമായും ഹജ് കര്‍മങ്ങള്‍ നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് സാധിച്ചു. അല്ലാഹുവിന്റെ അനുഗ്രഹത്താലും, സൗദി ഭരണാധികാരികള്‍ ഒരുക്കിയ വൈവിധ്യമാര്‍ന്ന സേവനങ്ങളുടെയും മുന്തിയ പരിചരണങ്ങളുടെയും ബന്ധപ്പെട്ട വകുപ്പുകള്‍ നടത്തിയ കൂട്ടായ പ്രവര്‍ത്തനത്തിന്റെയും ഫലമായാണിത്. അടുത്ത വര്‍ഷത്തെ ഹജിനുള്ള ഒരുക്കങ്ങളും ആസൂത്രണങ്ങളും ഉടനടി ആരംഭിക്കും. ഇത്തവണ എല്ലാ തലങ്ങളിലും നേടിയ വിജയങ്ങള്‍ തീര്‍ഥാടകരെ സേവിക്കുന്നതില്‍ കൂടുതല്‍ നേട്ടങ്ങള്‍ കൈവരിക്കാനുള്ള ഒരു പുതിയ ഘട്ടത്തിന്റെ തുടക്കം മാത്രമാണ്. അടുത്ത വര്‍ഷത്തെ ഹജ് സീസണ്‍ ക്രമീകരിക്കാനും ആസൂത്രണം ചെയ്യാനും ഉടന്‍ തന്നെ പ്രവര്‍ത്തനം ആരംഭിക്കും. ഞങ്ങളുടെ അഭിലാഷങ്ങള്‍ക്കും പ്രതീക്ഷകള്‍ക്കും അതിരുകളില്ല. മുഴുവന്‍ ഹജ് സംവിധാനങ്ങളും വികസിപ്പിക്കുന്നത് തുടരും. ഇത്തവണത്തെ ഹജ് സംഘാടനം വന്‍ വിജയമാക്കി മാറ്റാന്‍ സഹായിച്ച തീര്‍ഥാടകര്‍ക്ക് നന്ദി. നിങ്ങള്‍ നിര്‍ദേശങ്ങള്‍ പാലിച്ചതാണ് ഏറ്റവും ഭംഗിയായ നിലക്ക് നിങ്ങള്‍ക്ക് സേവനങ്ങള്‍ നല്‍കാന്‍ ഞങ്ങളെ പ്രാപ്തരാക്കിയത്. വളരെ ഉത്തരവാദിത്തത്തോടെ പ്രവര്‍ത്തിച്ചതിന് വിവിധ സര്‍ക്കാര്‍, സ്വകാര്യ മേഖലകളില്‍ നിന്നുള്ള സഹപ്രവര്‍ത്തകര്‍ക്ക് നന്ദി. സൗദി അറേബ്യയെ കുറിച്ച തിളങ്ങുന്ന ചിത്രം ലോകത്തിനു മുഴുവന്‍ നല്‍കിയ സുരക്ഷാ സൈനികര്‍ക്കും വളണ്ടിയര്‍മാര്‍ക്കും പ്രത്യേക നന്ദി’ – സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പറഞ്ഞു. ക്യാപ്.ഇത്തവണത്തെ ഹജ് സംഘാടനം സമ്പൂര്‍ണ വിജയമായി മാറിയതായി മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന്‍ പ്രഖ്യാപിക്കുന്നു.