മക്ക – വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്വ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് കഅ്ലായത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിന് കൈമാറി. അല്‍ശൈബി കുടുംബത്തിലെ കാരണവരുടെ ഡെപ്യൂട്ടിയായ അബ്ദുല്‍മലിക് ബിന്‍ ത്വാഹാ അല്‍ശൈബി ഔപചാരികമായി പുതിയ കിസ്വ സ്വീകരിച്ചു. കിസ്വ കൈമാറ്റ റെക്കോര്‍ഡില്‍ ഹജ്, ഉംറ മന്ത്രിയും ഹറംകാര്യ വകുപ്പ് ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാനുമായ ഡോ. തൗഫീഖ് അല്‍റബീഅയും അബ്ദുല്‍മലിക് ബിന്‍ ത്വാഹാ അല്‍ശൈബിയും ഒപ്പുവെച്ചു. മുഹറം ഒന്നിന് വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിക്കുന്നതിനു മുന്നോടിയായാണ് പുതിയ കിസ്വ ഔപചാരികമായി കഅ്ബാലയത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിന് കൈമാറിയത്.
വിശുദ്ധ കഅ്ബാലയത്തെ അണിയിക്കാനുള്ള പുതിയ കിസ്വ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവിനെ പ്രതിനിധീകരിച്ച് മക്ക പ്രവിശ്യ ഡെപ്യൂട്ടി ഗവര്‍ണറും സെന്‍ട്രല്‍ ഹജ് കമ്മിറ്റി വൈസ് ചെയര്‍മാനുമായ സൗദ് ബിന്‍ മിശ്അല്‍ രാജകുമാരന് കഅ്ലായത്തിന്റെ താക്കോല്‍ സൂക്ഷിപ്പ് ചുമതലയുള്ള അല്‍ശൈബി കുടുംബത്തിലെ കാരണവരുടെ ഡെപ്യൂട്ടിയായ അബ്ദുല്‍മലിക് ബിന്‍ ത്വാഹാ അല്‍ശൈബിക്ക് ഔപചാരികമായി കൈമാറുന്നു.
ഹറംകാര്യ വകുപ്പിനു കീഴില്‍ ഉമ്മുല്‍ജൂദ് ഡിസ്ട്രിക്ടില്‍ പ്രവര്‍ത്തിക്കുന്ന കിംഗ് അബ്ദുല്‍ അസീസ് കിസ്വ കോംപ്ലക്സിലാണ് പ്രകൃതിദത്തമായ 670 കിലോ പട്ടുനൂലും 120 കിലോ സ്വര്‍ണ നൂലുകളും 100 കിലോ വെള്ളി നൂലുകളും ഉപയോഗിച്ച് കിസ്വ നിര്‍മിക്കുന്നത്. 14 മീറ്റര്‍ ഉയരമുള്ള കിസ്വയുടെ മുകളില്‍ നിന്ന് മൂന്നിലൊന്ന് താഴ്ചയില്‍ 95 സെന്റീമീറ്റര്‍ വീതിയുള്ള ബെല്‍റ്റുണ്ട്. 47 മീറ്റര്‍ നീളമുള്ള ബെല്‍റ്റ് ചതുരാകൃതിയിലുള്ള 16 കഷ്ണങ്ങള്‍ അടങ്ങിയതാണ്. കിസ്വ നാലു കഷ്ണങ്ങള്‍ അടങ്ങിയതാണ്. ഇതില്‍ ഓരോ കഷ്ണവും കഅ്ബാലയത്തിന്റെ ഓരോ ഭാഗത്തും തൂക്കിയ ശേഷം പരസ്പരം തുന്നിച്ചേര്‍ക്കുകയാണ് ചെയ്യുന്നത്. അഞ്ചാമത് ഒരു ഭാഗം കൂടിയുണ്ട്. ഇത് വിശുദ്ധ കഅ്ബാലയത്തിന്റെ കവാടത്തിനു മുകളില്‍ തൂക്കുന്ന കര്ട്ടന് ആണ്. കിസ്വ നിര്‍മാണത്തില്‍ 200 ലേറെ ജീവനക്കാര്‍ പങ്കാളിത്തം വഹിക്കുന്നു.
മുന്‍ വര്‍ഷങ്ങളില്‍ ദുല്‍ഹജ് ഒന്നിന് കിസ്വ കൈമാറ്റ ചടങ്ങ് നടത്തുകയും ഹാജിമാര്‍ അറഫയില്‍ സംഗമിക്കുന്ന ദുല്‍ഹജ് ഒമ്പതിന് പഴയ പുടവ അഴിച്ചുമാറ്റി വിശുദ്ധ കഅ്ബാലയത്തെ പുതിയ കിസ്വ അണിയിക്കുകമായിരുന്നു പതിവ്. 2022 മുതല്‍ കിസ്വ മാറ്റ ചടങ്ങ് മുഹറം ഒന്നിന് നടത്താന്‍ തിരുഗേഹങ്ങളുടെ സേവകന് സല്മാന് രാജാവ് നിര്‍ദേശിക്കുകയായിരുന്നു.
വിശുദ്ധ കഅ്ബാലയത്തെ അണിയിച്ച കിസ്വ പതിവു പോലെ ഹജിനു മുന്നോടിയായി ഹറംകാര്യ വകുപ്പ് ഉയര്‍ത്തിക്കെട്ടിയിട്ടുണ്ട്. തറനിരപ്പില്‍ നിന്ന് മൂന്ന് മീറ്റര്‍ ഉയരത്തിലാണ് കിസ്വ ഉയര്‍ത്തിയത്. ഉയര്‍ത്തിക്കെട്ടിയ കിസ്വയുടെ ഭാഗം തൂവെള്ള പട്ടുതുണി കൊണ്ട് മൂടിയിട്ടുമുണ്ട്. കടുത്ത തിരക്കിനിടെ ഹജ് തീര്‍ഥാടകര്‍ പിടിച്ചുവലിക്കുന്നതു മൂലം കേടാകാനുള്ള സാധ്യത കണക്കിലെടുത്ത് എല്ലാ വര്‍ഷവും ഹജ് കാലത്ത് കിസ്വ ഉയര്‍ത്തിക്കെട്ടാറുണ്ട്. ഹജ് സീസണ് അവസാനിക്കുന്നതോടെ കിസ്വ പഴയപടി താഴ്ത്തിക്കെട്ടും.